വയോധികനെ കുടിയൊഴിപ്പിക്കാൻ നീക്കം; മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്കു ശ്രമം
Mail This Article
പാലക്കാട്∙ പുറമ്പോക്കിൽ ഷെഡ് കെട്ടി താമസിച്ചുവെന്നാരോപിച്ചു കുടിയൊഴുപ്പിക്കാനുള്ള ശ്രമത്തിനിടെ വയോധികൻ ദേഹത്തു മണ്ണണ്ണയൊഴിച്ചു തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. 5 വർഷത്തിലേറെയായി പാലക്കാട് ചിറ്റൂർ വണ്ണാമട വെള്ളാരങ്കൽമേട്ടിൽ താമസിക്കുന്ന തൃശൂർ സ്വദേശി രാജപ്പ(65)നാണു ദേഹത്തു തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചത്.
ഗുരുതരമായി പരുക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലം വിലകൊടുത്തു വാങ്ങിയാണു വീടുകെട്ടി താമസമാക്കിയതെന്നു രാജപ്പന്റെ മകൾ കരുണ പറയുന്നു. എന്നാൽ സ്ഥലം ഇറിഗേഷൻ പുറമ്പോക്കിൽപ്പെട്ടതാണെന്നു പറഞ്ഞു കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ നോട്ടിസുമായെത്തിയ ഉദ്യോഗസ്ഥർ 24 മണിക്കൂറിനകം വീട് ഒഴിയാൻ ആവശ്യപ്പെട്ടിരുന്നുവത്രെ. ഇന്നലെ പൊലീസിന്റെ സഹായത്തോടെ ഉദ്യോഗസ്ഥരെത്തി വീടൊഴിപ്പിക്കാൻ ശ്രമിച്ചതിനിടെയാണ് രാജപ്പൻ വീടിനകത്തു മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയത്. 60 ശതമാനത്തിലേറെ പൊള്ളലേറ്റു.