ADVERTISEMENT

ഉദയംപേരൂർ∙ ക്ഷേത്ര ദർശനത്തിന് പോയി മടങ്ങിയെത്താമെന്നു യാത്രപറഞ്ഞ് ഇറങ്ങിയവർ വെള്ളത്തുണിയിൽ ജീവനറ്റ് മുറ്റത്തെത്തിയപ്പോൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സങ്കടത്തിൽ കണ്ണീർക്കാഴ്ചയായി മനയ്ക്കൽപ്പറമ്പിൽ വീട്.

എറണാകുളം–വൈക്കം റോഡിൽ പേരുംചുവട് പാലത്തിന് സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് മരിച്ച ഉദയംപേരൂർ പത്താംമൈൽ മനയ്ക്കൽപ്പറമ്പിൽ വിശ്വനാഥൻ (62), ഭാര്യ ഗിരിജ (57), മകൻ സൂരജ് (32), വിശ്വനാഥന്റെ അനിയൻ സതീശന്റെ ഭാര്യ അജിത (49) എന്നിവരുടെ മൃതദേഹങ്ങളാണ് ഓരോന്നായി മനയ്ക്കപ്പറമ്പിൽ വീട്ടിൽ എത്തിച്ചത്. ഇവരെ അവസാനമായി ഒരു നോക്ക് കാണാനെത്തിയവരുടെ കണ്ണുകളും നിറഞ്ഞു. നാലു മൃതദേഹങ്ങൾ ഒരുമിച്ചു വീട്ടിൽ പൊതുദർശനത്തിനായി വച്ചപ്പോൾ അത് കരളലിയിക്കുന്ന കാഴ്ചയായി. 

ഒട്ടേറെ പേരാണ് ഇവർക്ക് അന്തിമോപചാരമർപ്പിക്കാനായി  മനയ്ക്കൽപ്പറമ്പിൽ എത്തിയത്. വീട്ടുമുറ്റത്ത് ചലനമറ്റ് കിടക്കുന്ന മാതാപിതാക്കളെ കണ്ട് വിങ്ങിപ്പൊട്ടുന്ന മക്കളെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ഒപ്പം നിന്നവരും വിതുമ്പി. പ്രിയതമ അജിതയുടെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു ഭർത്താവ് സതീശന്റെ കരച്ചിലും കണ്ടു നിന്നവർക്ക് ഹൃദയഭേദകമായി. 

udayamperoor-accident-death

തൃപ്പുണിത്തുറ സര്‍വീസ് സഹകരണബാങ്കില്‍ നിന്ന് വിരമിച്ച ശേഷം പത്താംമൈൽ ജം‌ക്‌ഷനിൽ പലചരക്ക് കട നടത്തുകയായിരുന്നു വിശ്വനാഥന്‍. അപകടത്തില്‍ മരിച്ച വിശ്വനാഥന്റെ ഭാര്യ ഗിരിജയും അനുജന്റെ ഭാര്യ അജിതയും കുടുംബയോഗങ്ങളിലേയും മറ്റും സജീവപ്രവര്‍ത്തകരാണ്. അതിനാല്‍ തന്നെ നാട്ടുകാര്‍ക്ക് എല്ലാം ഒരു പോലെ പരിചിതർ‌. കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയർ ബിസിനസാണ് മരിച്ച സൂരജിന്. വിശ്വനാഥനും ഗിരിജയ്ക്കും ഒരു മകള്‍ കൂടിയുണ്ട്. എന്‍ജിനീയറിങ് വിദ്യാര്‍ഥി സാഹില്‍, സാന്ദ്ര എന്നിവരാണ് അജിതയുടെ മക്കള്‍. വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹങ്ങൾ തൃപ്പൂണിത്തുറ ശ്മശാനത്തിൽ സംസ്കരിച്ചു.

English Summary: Four members of family killed in bus car collision at Udayamperoor cremated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com