ADVERTISEMENT

വാഷിങ്ടൻ ∙ മുതിർന്ന സേനാ കമാൻഡർ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതു ഭരണകൂട ഭീകരതയാണെന്നും തക്കതായ തിരിച്ചടി നൽകുമെന്നും ഇറാൻ. രാജ്യത്തെ പൈതൃക കേന്ദ്രങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതു രാജ്യാന്തര നിയമങ്ങളോടുള്ള ബഹുമാനക്കുറവാണെന്നും രാജ്യാന്തര മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് സാരിഫ് പറഞ്ഞു.

കഴിഞ്ഞയാഴ്ച ബഗ്ദാദ് വിമാനത്താവളത്തിനു സമീപം നടത്തിയ വ്യോമാക്രമണത്തിലാണു സുലൈമാനി ഉൾപ്പെടെ ഏഴു പേരെ യുഎസ് സേന വധിച്ചത്. മധ്യപൂർവദേശത്ത് ഇറാന്റെ കരുത്ത് പ്രകടിപ്പിക്കാനുള്ള എല്ലാ പരോക്ഷ സൈനിക ഇടപെടലുകളുടെയും തലപ്പത്തു സുലൈമാനിയായിരുന്നു. ‘ഇറാനെതിരായ കടന്നുകയറ്റമാണിത്. സായുധ ആക്രമണമായിരുന്നു. ഇതിനെതിരെ പ്രതികരിക്കും, തക്കതായ മറുപടി നൽകും. ട്രംപിനെപ്പോലെ നിയമജ്ഞാനം ഇല്ലാത്തവരല്ല ഞങ്ങൾ’–  സാരിഫ് പറഞ്ഞു.

ഇതിനിടെ, യുഎസ് സൈന്യത്തെയും പ്രതിരോധ വിഭാഗമായ പെന്റഗണിനെയും ചൊവ്വാഴ്ച ചേർന്ന ഇറാൻ പാർലമെന്റ് സമ്മേളനം ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. ട്രംപിന്റെ തലയ്ക്ക് ഇറാനിൽ കഴിഞ്ഞ ദിവസം എട്ടു കോടി ഡോളറാണ് (ഏകദേശം 576 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചത്.

English Summary: Iran will respond 'proportionately' to U.S. killing of general -Zarif

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com