ADVERTISEMENT

ടെഹ്റാൻ/വാഷിങ്ടൻ∙ യുഎസുമായി പത്തു ദിവസം പിന്നിട്ട യുദ്ധസമാന സംഘർഷത്തിന്റെ തീവ്രത കുറയ്ക്കാമെന്ന സൂചന നൽകി ഇറാൻ. യുഎസിനു മറുപടി കൊടുക്കുന്നതിനിടെ യുക്രെയ്ന്റെ യാത്രാവിമാനം വീഴ്ത്തിയതിന്റെ ഉത്തരവാദിത്തം ഇറാന്റെ റവല്യൂഷനറി ഗാർഡ്സ് ഏറ്റതിനെ തുടർന്നു രാജ്യമെങ്ങും പ്രതിഷേധം പടരുന്ന സാഹചര്യത്തിലാണു രാജ്യം നിലപാട് മയപ്പെടുത്തിയത്.

ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയും ടെഹ്റാനിൽ നടത്തിയ കൂടിക്കാഴ്‍ചയിലാണു സമാധാനത്തിന്റെ വഴി തുറന്നത്. മേഖലയിലെ പ്രതിസന്ധി ഒഴിവാക്കാൻ സംഘർഷത്തിന്റെ ‘തീവ്രത കുറയ്ക്കുക’ മാത്രമാണ് ഏക പരിഹാരമെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചതായി ഖത്തര്‍ അമീര്‍ അറിയിച്ചു. മേഖലയിലെ ഏറ്റവും വലിയ യുഎസ് സേനാതാവളം ഖത്തറിലാണ്. ലോകത്തിലെ വലിയ എണ്ണപ്പാടം പങ്കിടുന്ന ഇറാനുമായും ഖത്തറിനു നല്ല ബന്ധമാണ്. അതിനാൽ ഖത്തറിന്റെ ഇടപെടലുകളെ ഗൗരവത്തോടെയാണു യുഎസും ഇറാനും കാണുന്നത്.

ഇറാൻ നടത്തിയ മിസൈലാക്രമണത്തിനു സൈനിക തിരിച്ചടി ഇല്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ മധ്യപൂർവദേശത്തെ യുദ്ധഭീതിക്ക് അയവു വന്നതാണ്. എന്നാൽ, ഞായറാഴ്ച രാത്രി ബഗ്ദാദിനു വടക്ക് യുഎസ് സേനയുടെ ആസ്ഥാനമായുള്ള അൽ ബലാദ് വ്യോമസേനാതാവളത്തിൽ റോക്കറ്റാക്രമണം ഉണ്ടായത് ഇറാന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്നു. 4 ഇറാഖ് വ്യോമസേനാംഗങ്ങൾക്കു പരുക്കേറ്റു.

സംഘർഷ പശ്ചാത്തലത്തിൽ യുഎസ് സൈനികരിൽ ഭൂരിഭാഗവും നേരത്തേ തന്നെ ഇവിടം വിട്ടിരുന്നു. ബഗ്ദാദിൽനിന്ന് 80 കിലോമീറ്റർ അകലെയുള്ള വ്യോമസേനാതാവളത്തിൽ 8 റോക്കറ്റുകളാണു പതിച്ചത്. പശ്ചിമ ഇറാഖിലെ യുഎസ് വ്യോമസേനാത്താവളത്തിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ 11 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ അയച്ചത്. സൈനിക തിരിച്ചടിക്കു പകരം ഇറാനെതിരെ കൂടുതൽ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നു ട്രംപ് പറഞ്ഞു.

ഇതിനിടെ, വിമാനം വീഴ്ത്താനിടയായ സാഹചര്യം റവല്യൂഷനറി ഗാർഡ്സിന്റെ മേജർ ജനറൽ ഹുസൈൻ സലാമി പാർലമെന്റിലെത്തി വിശദീകരിച്ചു. ഗാർഡ്സിന്റെ തലവൻ ഖാസിം സുലൈമാനിയെ യുഎസ് ഡ്രോൺ ആക്രമണത്തിൽ വധിച്ചതിനെ തുടർന്നുള്ള സംഘർഷസ്ഥിതിയും അറിയിച്ചു. ശത്രുവിന്റെ സൈന്യത്തെ കൊല്ലുകയായിരുന്നില്ല മിസൈൽ ആക്രമണത്തിന്റെ യഥാർഥ ലക്ഷ്യമെന്നു സലാമി എടുത്തുപറഞ്ഞതു സമാധാനപാതയിലേക്ക് ഇറാൻ മടങ്ങുവെന്നതിന്റെ സൂചനയായാണു കണക്കാക്കുന്നത്.

യുക്രെയ്ന്റെ യാത്രാവിമാനം വീഴ്ത്തിയതിൽ പ്രതിഷേധിച്ച് ‘മാപ്പു പറയുക, രാജിവയ്ക്കുക’ എന്നീ മുദ്രാവാക്യങ്ങളുമായി ആയിരങ്ങൾ ടെഹ്റാനിലെ അമീർ അക്ബർ സർവകലാശാലയിൽ പ്രകടനം നടത്തി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ബുധനാഴ്ച നടന്ന വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട 176 പേരുടെ പേരുകൾ എഴുതിയ കൂറ്റൻ ബാനർ പ്രതിഷേധക്കാർ വാലി അസർ ചത്വരത്തിൽ ഉയർത്തി. പ്രതിഷേധക്കാരെ നേരിടുന്നതിനു കലാപനിയന്ത്രണ സേനയെ നിയോഗിച്ചു.

രാജ്യത്തിന്റെ ശത്രുക്കൾ ഉള്ളിൽ തന്നെയാണെന്നും യാത്രാവിമാനം വീഴ്ത്തിയതിന് ഉത്തരവാദികളെ ശിക്ഷിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്കെതിരെയും മുദ്രാവാക്യങ്ങൾ ഉയർന്നു. ടെഹ്റാനു പുറമേ ഷിറാസ്, ഇസ്ഫഹാൻ, ഹമദാൻ, ഒറുമിയേ നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. വിമാനം അബദ്ധത്തിൽ വീഴ്ത്തിയതാണെന്ന് ഇറാൻ ഭരണനേതൃത്വം ശനിയാഴ്‍ചയാണു തുറന്നു പറഞ്ഞത്. യാത്രാവിമാനം വീഴ്ത്തിയതിലുള്ള പ്രതിഷേധം സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു. ലോകം എല്ലാം കണ്ടുകൊണ്ടിരിക്കയാണെന്നു ട്രംപ് ട്വീറ്റ് ചെയ്തു.

English Summary: Iran agrees de-escalation 'only solution' to solve crisis with US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com