ADVERTISEMENT

ഹൈദരാബാദ്∙ ഇന്ത്യ പൗരത്വം ഉറപ്പാക്കിയാൽ ബംഗ്ലദേശിലെ പകുതിയോളം പേരും രാജ്യം ഉപേക്ഷിച്ച് ഇവിടെയെത്തുമെന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി. ഹൈദരാബാദിൽ സന്ത് രവിദാസ് ജയന്തി ആഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാത്രമല്ല, പൗരത്വ ഭേദഗതി നിയമം രാജ്യത്തെ 130 കോടി ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെ കിഷൻ റെഡ്ഡി വെല്ലുവിളിക്കുകയും ചെയ്തു.

‘ഇന്ത്യ പൗരത്വം ഉറപ്പാക്കിയാൽ പകുതിയോളം ബംഗ്ലദേശികൾ ഇവിടെയെത്തും. അതിന് ആര് ഉത്തരവാദിത്തം ഏറ്റെടുക്കും? കെസിആറോ? രാഹുൽ ഗാന്ധിയോ? അവർ ആവശ്യപ്പെടുന്നത് നുഴഞ്ഞുകയറിയവർക്ക് പൗരത്വം നൽകാനാണ്. പൗരത്വനിയമം പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തയാറാണ്. പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാൻ തീരുമാനിച്ചത് മാനുഷികപരിഗണനയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെടുന്നത് ആ രാജ്യങ്ങളിലെ മുസ്‌ലിംകൾക്കുകൂടി പൗരത്വം നൽകണമെന്നും.

ടിആർഎസ്, അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മുമായി സൗഹൃദത്തിലാണ്. വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് അവർ. കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം രാജ്യത്തെ 130 കോടി ജനങ്ങളിൽ ഒരാളെയെങ്കിലും ബാധിക്കുമോ എന്ന് തെളിയിക്കാൻ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനെ വെല്ലുവിളിക്കുകയാണ്.

ബംഗ്ലദേശിൽനിന്നും പാക്കിസ്ഥാനിൽനിന്നും നുഴഞ്ഞുകയറിയവർക്കു പൗരത്വം നൽകാൻ വേണ്ടിയാണ് കോൺഗ്രസ് പോലുള്ള പാർട്ടികൾ ശ്രമിക്കുന്നത്. അഭയാർഥികളെയും നുഴഞ്ഞുകയറ്റക്കാരെയും ഒരുപോലെ കാണരുത്. ഇന്ത്യയിലെത്തി 40 വർഷങ്ങൾക്കുശേഷവും വോട്ടർ ഐഡിയും ആധാറും റേഷൻ കാർഡും പോലുള്ള രേഖകളില്ലാത്ത നിരവധിപ്പേരുണ്ട്.’ കിഷൻ റെഡ്ഡി കൂട്ടിച്ചേർത്തു.

English Summary: "Half Of Bangladesh Will Be Empty If...": Union Minister G Kishan Reddy On Citizenship Amendment Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com