ബസ് പെട്ടെന്ന് ഇടത്തേക്ക്; അടിയില്‍പെട്ട് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം -വിഡിയോ
Mail This Article
കോയമ്പത്തൂർ∙ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കോയമ്പത്തൂരിലെ ഗാന്ധിപുരത്താണ് സംഭവം. ടൗൺ ബസ് സ്റ്റാൻഡിനു സമീപമെത്തിയപ്പോൾ മുന്നറിയിപ്പു നൽകാതെ ബസ് ഇടതുവശത്തേക്ക് തിരിക്കുകയായിരുന്നു.
ഇതോടെ സ്കൂട്ടർ ബസിനടിയിൽപ്പെട്ടു. സ്കൂട്ടർ ഓടിച്ചിരുന്ന പ്രസന്നകുമാർ(18) ബസിന്റെ ഇടതുവശത്ത് മുൻപിലുള്ള ടയറിനു കീഴിലേക്കു വീഴുകയായിരുന്നു. ഉടൻതന്നെ ബസ് നിർത്തി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പിന്നിൽ യാത്ര ചെയ്ത വിഗ്നേഷ് (18) ഗുരുതര പരുക്കുകളോടെ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ധർമപുരി ജില്ലയിൽനിന്നുള്ള പ്രസന്നകുമാറിന്റെ അരയ്ക്കും നടുഭാഗത്തിനുമാണ് പരുക്കേറ്റത്. ഇയാളെ കോയമ്പത്തൂർ മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചങ്കിലും രക്ഷപ്പെടുത്താനായില്ല. 11ന് ഉച്ചകഴിഞ്ഞ് 3 മണിക്കാണ് സംഭവം. സമീപത്തുള്ള കോളജിലെ പരിപാടിക്കായി സാധനങ്ങൾ വാങ്ങിവരികയായിരുന്നു പ്രസന്നകുമാറും വിഗ്നേഷും.
ബസ് ഡ്രൈവർ സൗന്ദരപാണ്ടി (37), കണ്ടക്ടർ സെൽവകുമാർ (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
English Summary: One killed as TN govt bus runs over two-wheeler, tragic accident caught on CCTV