അരഞ്ഞാണ മോഷണം പിടിച്ചു; കുഞ്ഞിനെ കൊന്ന് പക തീർത്തു: ഷൈലജ കുറ്റക്കാരി
Mail This Article
തൃശൂര്‍ ∙ പുതുക്കാട് പാഴായിയില്‍ സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ആ കൊലപാതകം നടന്നത് 2016 ല്‍ ആയിരുന്നു. ഒക്ടോബര്‍ 13ന്. വീട്ടില്‍ മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ നാലു വയസുകാരി മേബ അപ്രത്യക്ഷയായി. കുഞ്ഞിനെ തേടി വീട്ടുകാര്‍ പരക്കംപാഞ്ഞു. അവസാനം കുഞ്ഞിനെ കണ്ടത് ബന്ധുവായ ഷൈലജയോടൊപ്പം.
വീട്ടുകാര്‍ ഷൈലജയെ ചോദ്യം ചെയ്തപ്പോൾ കുഞ്ഞിനെ ബംഗാളികൾ തട്ടിക്കൊണ്ടു പോയെന്നായിരുന്നു വിശദീകരണം. ബംഗാളികളെ അന്വേഷിച്ച് നാടു മുഴുവന്‍ പരക്കം പായുമ്പോൾ ഈ സമയം കുഞ്ഞ് പുഴയില്‍ മുങ്ങിത്താഴുകയായിരുന്നു. മൃതദേഹം പുഴയില്‍ പൊന്തിയപ്പോഴാണ് ദുരന്തം നാടറിയുന്നത്. ഷൈലജയുടെ വിവരണത്തിൽ പന്തികേടു തോന്നിയതോടെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അരഞ്ഞാണ മോഷണം പിടികൂടി
മേബയുടെ അരഞ്ഞാണം ഒരിക്കല്‍ മോഷണം പോയിരുന്നു. അന്ന് ഷൈലജ വീട്ടില്‍ വന്ന ശേഷമായിരുന്നു അരഞ്ഞാണം നഷ്ടപ്പെട്ടത്. മോഷ്ടിച്ചത് ൈഷലജയാണെന്നു കുടുംബാംഗങ്ങള്‍ സംശയിച്ചു. കുടുംബവീട്ടില്‍ കയറരുതെന്ന വിലക്കും വന്നു. ഷൈലജയുടെ മനസില്‍ പകയായി. ബന്ധു മരിച്ചതിന്റെ പേരില്‍ ഒരിക്കല്‍ കൂടി വീട്ടിലേക്കു പ്രവേശനം കിട്ടി. മേബയുടെ മാതാപിതാക്കളെ കണ്ടപ്പോള്‍ പക വീണ്ടും ഉണര്‍ന്നു.
അങ്ങനെയാണ് കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിച്ചത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനു ശേഷം പതുക്കെ കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയി. വീടിനു പിന്നില്‍ പുഴയാണ്. കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞു. തൊട്ടുപിന്നാലെ, അമ്മ നീഷ്മ ഷൈലജയുടെ അടുത്തേയ്ക്കെത്തി. കുഞ്ഞിനെ തിരക്കി. ബംഗാളികള്‍ പിടിച്ചുകൊണ്ടുപോകുന്നത് കണ്ടെന്നായിരുന്നു പറഞ്ഞത്. ഇതുകേട്ട്, വീട്ടുകാരും നാട്ടുകാരും പരക്കംപാഞ്ഞു.
അനാശാസ്യത്തിന് പിടിക്കപ്പെട്ടു
അനാശാസ്യത്തിന്റെ പേരില്‍ ഷൈലജയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം നാട്ടില്‍ നില്‍ക്കാന്‍ പറ്റാതെയായി. മാത്രവുമല്ല, അനാശാസ്യത്തിന്റെ കാര്യം നാട്ടില്‍ പറഞ്ഞു പരത്തിയത് മേബയുടെ അമ്മയും വീട്ടുകാരുമാണെന്നും ഷൈലജ വിശ്വസിച്ചു.
ഈ പകയും കൊലപാതകത്തിനു പ്രേരണയായി. പൊലീസിനു മുൻപിൽ ആദ്യം കുറ്റം സമ്മതിച്ച പ്രതി പിന്നീട് കോടതിയിൽ നിരപരാധിയാണെന്നു പലകുറി ആവര്‍ത്തിച്ചു. ഷൈലജയുടെ ഭര്‍ത്താവ് പിന്നീട് മരിച്ചു. മകളുണ്ട്.
ഓസ്ട്രേലിയയില്‍ നിന്ന് മൊഴി
മേബയുടെ അച്ഛനും അമ്മയും ഓസ്ട്രേലിയയില്‍ ജോലിക്കാരാണ്. ഇരുവര്‍ക്കും നാട്ടില്‍ വരാന്‍ അവധി കിട്ടിയില്ല. കൊലക്കേസില്‍ പ്രധാനപ്പെട്ട സാക്ഷി കൂടിയാണ് അച്ഛന്‍ രഞ്ജിത്. എഫ്ഐആറില്‍ ആദ്യ മൊഴി നല്‍കിയ അച്ഛനെ വിസ്തരിക്കേണ്ടതു പ്രോസിക്യൂഷന്റെ ആവശ്യമായിരുന്നു.
ഓസ്ട്രേലിയയിലെ ഇന്ത്യന്‍ എംബസി ഓഫിസിലിരുന്ന് രഞ്ജിത് തൃശൂരിലെ ജഡ്ജിക്കു മൊഴിനല്‍കി. വിഡിയോ കോണ്‍ഫറന്‍സിങ് വഴി കൊലക്കേസില്‍ മൊഴി നല്‍കുന്നത് അപൂര്‍വമായിരുന്നു.
സാക്ഷികളില്ല, ‘ലാസ്റ്റ് സീന്‍ തിയറി’
മേബയെ പുഴയില്‍ എറിയുന്നതിന് സാക്ഷികളില്ലായിരുന്നു. അവസാനം കുഞ്ഞിനെ കണ്ടത് ഷൈലജയോടൊപ്പമാണെന്ന മൊഴിയാണ് വഴിത്തിരിവായത്. നിയമപരമായി കുറ്റം തെളിയിക്കാന്‍ ‘ലാസ്റ്റ് സീന്‍ തിയറി’ എന്ന അടവ് പ്രോസിക്യൂഷന്‍ പയറ്റി. ഷൈലജയുടെ ബന്ധുക്കളും മറ്റു സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നല്‍കിയത്.
കൊലക്കുറ്റം തെളിഞ്ഞാല്‍ ഒന്നല്ലെങ്കില്‍ ജീവപര്യന്തം. അല്ലെങ്കില്‍ വധശിക്ഷ. കൊലയാളിയായ ഷൈലജയുടെ ശിക്ഷ എന്താണെന്ന് ചൊവ്വാഴ്ച അറിയാം. അഡ്വ.കെ.ഡി.ബാബുവായിരുന്നു പ്രോസിക്യൂട്ടര്‍. പുതുക്കാട് ഇന്‍സ്പെക്ടര്‍ എസ്.പി.സുധീരനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍.
English Summary: Family dispute: Shailaja is convicted for killing 4 year old girl by throwing her in river