ADVERTISEMENT

സോൾ∙ ന്യുമോണിയ ലക്ഷണങ്ങളോടെ 2019 ഡിസംബർ എട്ടിനാണ് ഒരാളെ വുഹാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ചൈനയിലെ ഏറ്റവും ശക്തമായ സാമ്പത്തികനിലയുള്ള 10 നഗരങ്ങളിലൊന്നായ വുഹാനിൽനിന്നു ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് എത്തി. വലിയൊരു ഇടവേളയ്ക്കുശേഷം മാരകമായ കൊറോണ വൈറസ് രാജ്യത്തു പടർന്നിരിക്കുന്നു! വുഹാനിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ ഹോങ്കോങ്, മക്കാവു തുടങ്ങി ഇന്ത്യ ഉൾപ്പെടെയുള്ള ചൈനയുടെ അയൽരാജ്യങ്ങളിലേക്കെല്ലാം അതിവേഗം പടർന്നു. ഇറാനില്‍ കഴിഞ്ഞദിവസം രണ്ടുപേരും ഇറ്റലിയില്‍ ഒരാളും വൈറസ് ബാധിച്ച് മരിച്ചു. ലബനനിലും ഇസ്രയേലിലും രോഗം സ്ഥിരീകരിച്ചു. എന്നാൽ ചൈനയോട് ഏറെ അടുത്ത് സ്ഥിതി ചെയ്യുന്ന ഉത്തര കൊറിയയിൽ ഇതുവരെ ഒരാള്‍ക്കു പോലും വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ടില്ല. ഉത്തര കൊറിയ ഒഴികെ ചൈനയുമായി അതിർത്തി പങ്കിടുന്ന ഭൂരിഭാഗം രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.

ഉത്തര കൊറിയയുടെ മായാജാലമോ അതോ മൂടിവയ്ക്കലോ?

Members of a medical team tasked to transfer suspected or confirmed novel coronavirus patients to designated treatment sites transport a man in a wheelchair in Kunming, Yunnan province, China February 9, 2020. Picture taken February 9, 2020. cnsphoto via REUTERS   ATTENTION EDITORS - THIS IMAGE WAS PROVIDED BY A THIRD PARTY. CHINA OUT.
ചൈനയിൽ നിന്നുള്ള കാഴ്ച

ഏറ്റവും പുതിയ കണക്കനുസരിച്ച് ചൈനയിൽ മാത്രം 2,345 പേരാണ് കൊറോണ (കോവിഡ്19) ബാധിച്ചു മരിച്ചത്. വെള്ളിയാഴ്ച മാത്രം 109 മരണം. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 76,288 ആയി. ഉത്തര കൊറിയയുടെ അയൽരാജ്യമായ ദക്ഷിണ കൊറിയയാണ് ചൈനയ്ക്കു പുറത്ത് ഏറ്റവുമധികം കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം. ദക്ഷിണ കൊറിയയിൽ രണ്ടുപേരാണു കൊറോണ ബാധിച്ചു മരിച്ചത്. വെള്ളിയാഴ്ച 229 കൊറോണ ബാധയാണ് റിപ്പോർട്ടു ചെയ്യപ്പെട്ടതെങ്കിൽ ശനിയാഴ്ച അത് 433 ആയി ഉയർന്നു.

ഉത്തര കൊറിയയിൽ ഒരാൾക്കു പോലും വൈറസ് ബാധിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം രാജ്യത്തെ ഔദ്യോഗിക മാധ്യമം റൊഡോങ് സിന്‍മുന്‍ റിപ്പോർട്ട് ചെയ്തു. ഉത്തര കൊറിയൻ സർക്കാരിന്റെ അവകാശവാദത്തിനു പിന്നാലെ ലോകാരോഗ്യ സംഘടന ജനീവയില്‍ പുറത്തിറക്കിയ പ്രസ്‍താവനയിലും ഉത്തര കൊറിയയിൽ നിലവിൽ അണുബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നു സ്ഥിരീകരിച്ചതോടെ ലോകം ഈ രാജ്യത്തേക്കു ശ്രദ്ധവച്ചു. കൊറോണ പടരാൻ തുടങ്ങിയതോടെ ചൈനയുമായി പങ്കിടുന്ന 1500 കിലോമീറ്റർ അതിർത്തി അടച്ചിടുകയാണ് ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉൻ ആദ്യം ചെയ്തത്.

90% വ്യാപാരവും ചൈനയുമായിട്ടാണെങ്കിലും രാജ്യത്ത് ഉണ്ടാകാവുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ കിം കണക്കിലെടുത്തില്ല. നിത്യോപയോഗ സാധനങ്ങളുടെ വില ആറിരട്ടി വർധിച്ചു. വുഹാനിൽ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ െപാതുപരിപാടികൾ ഒഴിവാക്കി ഒൗദ്യോഗിക വസതിയിൽ കഴിഞ്ഞ കിം 22 ദിവസങ്ങൾക്കു ശേഷം മാത്രമാണ് ലോകത്തിനു മുഖം കൊടുത്തത്.

ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയ്ക്ക് സാധിക്കാത്ത എന്ത് മഹാത്ഭുതമാണ് സാമ്പത്തിക പ്രയാസമുള്ള രാജ്യങ്ങളിലൊന്നായി എണ്ണപ്പെടുന്ന ഉത്തര കൊറിയ കാണിച്ചതെന്നായിരുന്നു ലോകരാജ്യങ്ങളിൽ നിന്നുയരുന്ന ചോദ്യം. ഒട്ടും മികച്ചതല്ലാത്ത ആരോഗ്യ സംവിധാനങ്ങളാണ് ഉത്തര കൊറിയയിൽ. തലസ്ഥാനമായ പ്യോങ്‌യാങ്ങിലെ ആശുപത്രികളിൽ മാത്രമാണ് പേരിനെങ്കിലും മതിയായ സൗകര്യങ്ങൾ ഉള്ളത്. ഡ്രിപ്പിടാനായി ഒഴിഞ്ഞ ബിയർ കുപ്പികൾ ഉപയോഗിക്കുന്ന, കൈ കഴുകിയ വെള്ളം ശേഖരിച്ച് വീണ്ടും ഉപയോഗിക്കുന്ന, ശുദ്ധജലം വിതരണം ചെയ്യാത്ത ആശുപത്രികളാണിവിടെ.

coronavirus-deaths-china

പുറത്തുവരുന്നത് സർക്കാർ ഭാഷ്യമെന്ന് ആരോപണം

ഉത്തര കൊറിയയോടു ചേര്‍ന്ന് കിടക്കുന്ന രണ്ട് ചൈനീസ് പ്രവിശ്യകളില്‍ നൂറുകണക്കിനു ആളുകൾക്കാണു രോഗം പകർന്നത്. രോഗബാധ തടയാനും പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കാനും വൈകിയ സാഹചര്യത്തിൽ അതിർത്തിയിലൂടെ ഉത്തര കൊറിയയിൽ രോഗം പകർന്നിട്ടുണ്ടെന്നാണു വിദഗ്ധരുടെ അനുമാനം. വിവര കൈമാറ്റത്തിനു ശക്തമായ നിയന്ത്രണങ്ങളുള്ള രാജ്യത്ത് ഒൗദ്യോഗിക മാധ്യമങ്ങളിലൂടെയുള്ള സർക്കാർ ഭാഷ്യം മാത്രമാണ് പുറത്തു വരുന്നത്.

രാജ്യാന്തര സംഘടനകൾക്കു രാജ്യത്തെ രേഖകളോ വിവരങ്ങളോ പരിശോധിക്കാൻ അനുവാദമില്ലാത്തതും കൊറോണയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരാതിരിക്കാനുള്ള കാരണമാകാമെന്നു രാജ്യാന്തര സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. ഉത്തര കൊറിയയിലെ യഥാര്‍ഥ സ്ഥിതി ചൈനയേക്കാൾ മോശമാകാമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. പകര്‍ച്ചവ്യാധികളോട് പ്രതികരിക്കാനുള്ള കഴിവില്‍ ലോകത്ത് 195-ാം സ്ഥാനത്താണ് ഉത്തര കൊറിയ എന്നതും ആശങ്കയുയർത്തുന്നു.

xi-jinping-china-coronavirus
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്

ആണവായുധ നിര്‍വ്യാപന ഉടമ്പടിയില്‍നിന്ന് ഉത്തര കൊറിയ പിന്‍മാറിയതിനെ തുടര്‍ന്ന് ഉപരോധം ഏർപ്പെടുത്തിയതിനാൽ 1980കളിലെ സാങ്കേതിക വിദ്യയാണ് ഇപ്പോഴും ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്നത്. മതിയായ സൗകര്യങ്ങളോ വൈദ്യശാസ്ത്രരംഗത്തെ അത്യന്താധുനിക ഉപകരണങ്ങളോ രാജ്യാന്തര സൗകര്യങ്ങളുള്ള ലബോട്ടറികളോ ഇല്ലാത്ത രാജ്യത്ത് എങ്ങനെയാണ് കൊറോണ ബാധ കണ്ടെത്തുന്നതെന്നും പ്രതിരോധിക്കുന്നതെന്നും ആരോഗ്യ വിദഗ്ധർ ചോദിക്കുന്നു.

എന്നാൽ കൊറോണ ബാധയെന്ന് സംശയം തോന്നിയ 141 കേസുകൾ ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്തതെന്നും തുടർന്നു നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നുവെന്നും ഉത്തര കൊറിയൻ അധികൃതർ വിശദീകരിക്കുന്നു. അതേസമയം,, െകാറോണ ബാധയുമായി സാമ്യമുള്ള രോഗാവസ്ഥയുമായി നിരവധി പേരെ പ്യോങ്‌യാങ്ങിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാർത്ത പുറത്തുവരാത്തതാണോ വൈറസ് രാജ്യത്ത് പ്രവേശിക്കാത്തതാണോ ഉത്തര കൊറിയയിലെ അവസ്ഥയെന്ന് രാജ്യാന്തര സമൂഹത്തിനും വ്യക്തമല്ല.

English Summary: North Korea Claims Zero Coronavirus Cases, But Experts Are Skeptical

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com