ADVERTISEMENT

കോഴിക്കോട് ∙ കഴിഞ്ഞ ദിവസം മൈസൂരുവിൽ അപകടത്തിൽപ്പെട്ട ‘കല്ലട’ ബസിനെതിരെ ആരോപണവുമായി യാത്രക്കാരി. ബസ് ഡ്രൈവർക്കെതിരെയാണ് ആരോപണവുമായി അമൃത മേനോൻ രംഗത്തെത്തിയത്. അമിത വേഗത്തിലാണു ഡ്രൈവർ വാഹനം ഓടിച്ചതെന്നും യാത്രക്കാർ പലതവണ വിലക്കിയിട്ടും ഇയാൾ അനുസരിച്ചില്ലെന്നും അമൃത പറയുന്നു. ഫെയ്സ്ബുക്ക് വിഡിയോയിലൂടെയാണ് അമൃത ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

അമൃതയുടെ വാക്കുകൾ: ‘ബസിന്റെ ഡ്രൈവറുടെ തോന്ന്യവാസം കൊണ്ട് ഉണ്ടായിട്ടുള്ള ഒരു ആക്സിഡന്റ് ആണിത്. കല്ലട എന്ന ബസ് രാത്രി 9.30നാണ് ബെംഗളൂരുവിൽ നിന്നും എടുക്കുന്നത്. 9.30ന് ഞങ്ങളെല്ലാം കയറി. കുറച്ചുനേരം കഴിഞ്ഞപ്പോൾ തന്നെ അയാൾ ഓവർസ്പീഡിലായി. കിടക്കുന്ന സമയത്ത് തന്നെ അങ്ങോട്ടും ഇങ്ങോട്ടും ഇളകിയാണ് ഞങ്ങൾ കിടന്നിരുന്നത്. അതിനകത്തുള്ള പാസഞ്ചേഴ്‌സ് രണ്ടു മൂന്നു പേർ ‍‍‍ഡ്രൈവറോട് പോയി പറയുന്നുണ്ടായിരുന്നു. ഫാമിലിയും പ്രഗ്നന്റ് ആയിട്ടുള്ള സ്ത്രീയും മറ്റുള്ളവരും ഉള്ള ബസാണ്, നിങ്ങൾ കുറച്ച് മെല്ലെ ഓടിക്കണമെന്ന്.

അപ്പോൾ അയാൾ പറഞ്ഞു: നിങ്ങൾ അതേപ്പറ്റി ആലോചിക്കേണ്ട ആവശ്യമൊന്നുമില്ല, ഞങ്ങൾ പോകുന്ന റോഡാണിത്. അതിനുശേഷം പുലർച്ചെ ഒന്നരയ്ക്കാണ് ഈ ആക്സിഡന്റ് നടക്കുന്നത്. ഞങ്ങളെല്ലാം ആ സമയത്ത് കിടന്നുറങ്ങുകയായിരുന്നു. എന്താണ് ഉണ്ടായതെന്ന് മനസ്സിലായില്ല. ബസിലുള്ള എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ തെറിച്ചു വീണു. എന്റെ തലയിടിച്ച് രക്തം കട്ടപിടിച്ചു. ഞാൻ താഴത്തെ ബെർത്തിലാണ് കടിന്നിരുന്നത്. മുകളിലത്തെ ബെർത്തടക്കം അതിലുള്ള ആളും എന്റെ മേലേക്ക് വീഴുകയായിരുന്നു.

മരിച്ച പെൺകുട്ടിയുടെ മേലേക്കും ഇതെല്ലാം വന്ന് പതിച്ചു. ഉള്ളിൽ മുറിവുണ്ടായാണ് മരണം സംഭവിച്ചത്. എന്നെ ആരൊക്കെയോ ചേർന്ന് പൊക്കിയെടുത്ത് കൊണ്ടു പോയപ്പോൾ കാണുന്നത് ബസിലെ ക്ലീനർ ഒരു കാലില്ലാതെ കിടക്കുന്നതാണ്. പലരുടെയും കയ്യ്, വിരലുകൾ ഒക്കെ നഷ്ടപ്പെട്ടു. ഗർഭിണിയായ സ്ത്രീക്ക് അരുതാത്തതു സംഭവിച്ചു. ഇതിനെല്ലാം കാരണം ഡ്രൈവറുടെ തോന്ന്യവാസം മാത്രമാണ്.’ ഈ സംഭവം മുന്നിൽ കണ്ട് സുരക്ഷിത യാത്രയ്ക്കു നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോടും കേരള പൊലീസിനോടും അമൃത അഭ്യർഥിച്ചു.

അവിനാശി അപകടത്തിന്റെ നടുക്കം വിട്ടുമാറും മുമ്പാണ് വീണ്ടും ബസ് അപകടത്തിൽപ്പെട്ട് കഴിഞ്ഞ ദിവസം പുലർച്ചെ ഒരു യുവതി മരിച്ചത്. ബെംഗളൂരുവിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന കല്ലട ഗ്രൂപ്പിന്റെ ബസാണ് അപകടത്തിൽ പെട്ടത്. നാഗ്പുർ സ്വദേശി ഷെറിൻ (20) ആണ് അപകടത്തിൽ മരണപ്പെട്ടത്. 20 യാത്രക്കാർക്ക് പരിക്കേറ്റതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.

English Summary: Women passenger live video against bus driver in Kallada accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com