ADVERTISEMENT

കൊല്ലം ∙ കുട്ടികളെ വലയിലാക്കി പണം തട്ടാൻ പുതിയ അപകടക്കളികളുമായി ‘സൈബർ ചെകുത്താൻമാർ’ രംഗത്ത്. പിശാച് എന്നർഥം വരുന്ന പേരുള്ള പുതിയ സൈബർ ഗെയിമാണു വിദ്യാർഥികളിൽ മാനസിക വിഭ്രാന്തി സൃഷ്ടിച്ച് അവരെ വരുതിയിലാക്കുന്നത്. നിങ്ങളെ ലോകത്തെ ഏറ്റവും ശക്തനാക്കാം എന്ന മുഖവുരയോടെയാണു ഗെയിമെങ്കിലും പണമാണു പ്രധാന ലക്ഷ്യം. ബ്ലൂ വേയ്ൽ പോലെയുള്ള അപകടകരവും വെല്ലുവിളികൾ നിറഞ്ഞതും ആത്മഹത്യയിലേക്കു വരെ നയിക്കുന്നതുമായ ഗെയിമുകളിൽ നിന്നു വ്യത്യസ്തമായി കുട്ടികളിൽ നിന്നു പണം കൂടി തട്ടിയെടുക്കുമെന്നതാണ് ഈ ഗെയിമിന്റെ പ്രത്യേകത. വിദ്യാർഥികൾക്കിടയിൽ മൊബൈൽ ഉപയോഗം സർവ സാധാരണമായതോടെ ഇരകളെ വീഴ്ത്താനും ഇവർക്ക് എളുപ്പമായിരിക്കുകയാണ്.

ഈ ഗെയിമിന്റെ പ്രവേശന ഫീസ് 5000 രൂപയാണ്. ഇങ്ങനെ അംഗത്വമെടുത്താൽ അവർ ഓരോ ടാസ്കുകളായി ഏൽപിക്കും. ഇതിനിടെ വിവിധ ആവശ്യങ്ങൾക്കായി പണം ആവശ്യപ്പെടുകയും ചെയ്യും. ചൈൽഡ് പ്രൊട്ടക്‌‌ഷൻ യൂണിറ്റിന്റെ പരിഗണനയ്ക്കു വന്ന ഒരു കേസിൽ അമേരിക്കയിൽ കൊണ്ടു പോകാമെന്നു പറഞ്ഞാണു പണം തട്ടിയത്. വിദ്യാർഥി കഴുത്തിൽ കിടന്ന മാല പണയം വച്ചാണു പണം നൽകിയത്. ഗെയിമിന് അടിപ്പെട്ട വിദ്യാർഥികൾ പണമുണ്ടാക്കാനായി കഞ്ചാവ് മാഫിയയുടെ ഏജന്റുമാരായി വരെ ജോലി ചെയ്യുന്നതായാണു വിവരം. കുട്ടികളുടെ അസ്വാഭാവിക പെരുമാറ്റത്തിന്റെ പേരിൽ വന്ന പരാതികളുടെ എണ്ണം വർധിച്ചതോടെ ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് നടത്തിയ പരിശോധനയിലാണു ഞെട്ടിക്കുന്ന ഈ വിവരം ബോധ്യപ്പെട്ടത്.

വിദ്യാലയങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം കർശനമായി വിലക്കിയിട്ടുണ്ടെങ്കിലും ക്ലാസ് മുറിക്കുള്ളിൽ യൂണിഫോമിലുൾപ്പെടെയുള്ള ചിത്രങ്ങളും വിഡിയോകളും (അശ്ലീലം ഉൾപ്പെടെ) സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി കാണാനാകും. ഇതു നിയന്ത്രിക്കാൻ അധികൃതർക്കോ വീട്ടുകാർക്കോ കഴിയാത്തതാണ് ഇത്തരം ഗെയിമുകളുമായി കുട്ടികളെ വരുതിയിലാക്കാൻ സൈബർ ഇടങ്ങളിലെ ചെകുത്താൻമാർക്കു കഴിയുന്നതെന്നു ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസർ ജി. പ്രസന്ന കുമാരി പറയുന്നു.

English Summary: New Cyber game for targeting Children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com