ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് പുതുതായി രണ്ടു പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ദുബായിൽനിന്ന് വന്ന കണ്ണൂർ സ്വദേശിക്കും ഖത്തറിൽനിന്ന് വന്ന തൃശൂർ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഒരാൾ നിരീക്ഷണത്തിൽ ഉണ്ടെങ്കിലും സ്ഥിരീകരണം ആയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ സ്വദേശി പരിയാരം ആശുപത്രിയിലും തൃശൂർ സ്വദേശി മെഡിക്കൽ കോളജിലും ചികിൽസയിലാണ്. രോഗം ബാധിച്ച 19 പേരിൽ 3 പേരുടെ അസുഖം പൂർണമായി ഭേദമായതായും മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ളവർക്ക് ചികിൽസ തുടരും. സംസ്ഥാനത്ത് 4,180 പേര്‍ നിരീക്ഷണത്തിലാണ്. ഇതിൽ 3,910 പേർ വീടുകളിലും 270 പേര്‍ ആശുപത്രികളിലുമുണ്ട്. 1,337 സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ 953 ഫലങ്ങളും നെഗറ്റീവാണ്.

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ സാംപിൾ പരിശോധന ആരംഭിച്ചു. ഇന്ന് 65 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ള 33 പേർക്ക് രോഗം ഇല്ലെന്നു കണ്ടെത്തി. 4,701 പേരെ രോഗബാധ ഇല്ലെന്നു കണ്ട് നിരീക്ഷണ പട്ടികയിൽനിന്ന് ഒഴിവാക്കി. 900 പേർ പുതുതായി നിരീക്ഷണ പരിധിയിലുണ്ട്. ജനങ്ങൾ പൊതുവെ സർക്കാർ നിർദേശങ്ങൾ പാലിക്കുന്നുണ്ട്. പ്രായമായവരിലും മറ്റു അസുഖങ്ങൾ ഉള്ളവരിലും വൈറസ് ബാധ ഉണ്ടായാൽ പ്രശ്നമാണ്. ഇവർക്ക് പ്രത്യേക ശ്രദ്ധ നൽകും. വയോജന കേന്ദ്രങ്ങളിൽ സന്ദർശന നിയന്ത്രണം വേണ്ടിവരും. വിദേശങ്ങളിൽനിന്ന് വന്ന ബന്ധുക്കൾ ഇവിടങ്ങളിലെ സന്ദർശനം ഒഴിവാക്കണം.

പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ അടുത്തയാഴ്ച യോഗം ചേരും. എംഎൽഎമാരും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ഗൾഫ് രാജ്യങ്ങളിൽ സന്ദര്‍ശന നിയന്ത്രണം ഉള്ളത് ചിലരുടെ ജോലിയെ ബാധിക്കാനിടയുണ്ട്. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചു. അതിഥി തൊഴിലാളികൾക്കിടയിൽ കൂടുതൽ ബോധവൽക്കരണം നടത്തും. കോവിഡ് 19 കോൾ സെന്റർ ശക്തമാക്കാൻ നടപടിയെടുത്തിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും ജനങ്ങൾ സൂക്ഷിക്കണം. വിമാനത്താവളങ്ങളിൽ കൃത്യമായ പരിശോധന നടത്തും. അതിർത്തികളിൽ പരിശോധന കർശനമാക്കും.

റെയിൽവേ സ്റ്റേഷനുകളിൽ രോഗത്തെക്കുറിച്ചുള്ള അനൗന്‍സ്മെന്റുകൾ നടത്തും. രോഗം ബാധിക്കുന്നവരുടെ കുടുംബങ്ങൾക്ക് കൗൺസിലിങ് നൽകാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ അവധിയിലുണ്ടെങ്കിൽ അത് റദ്ദാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ആലപ്പുഴയിൽ വിനോദസഞ്ചാരികളെ റിസോർട്ടിൽനിന്ന് ഇറക്കിവിടുന്ന സംഭവമുണ്ടായി. ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുത്. വിനോദസഞ്ചാരികളുടെ പിന്നാലെ കൊറോണ, കൊറോണ എന്ന് വിളിച്ചു നടക്കുന്നതു നാടിന് ദുഷ്പേരാണ്. അങ്ങനെ ചെയ്താൽ സർക്കാരിനു നടപടി എടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: CM Pinarayi Vijayan press meet on Covid 19 situation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com