ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഒരാൾക്കു കൂടി കോവിഡ്–19 സ്ഥിരീകരിച്ചു. കാസർകോട് സ്വദേശിക്കാണു വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. ദുബായിൽ നിന്ന് കോഴിക്കോട് വിമാനത്താവളം വഴി വന്ന 47 വയസുള്ള പുരുഷനാണ്. ഇതോടെ കേരളത്തിലെ രോഗബാധിതരുടെ എണ്ണം 25 ആയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭേദമായ മൂന്നു പേരുൾപ്പെടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. 31,173 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 30,936 പേർ വീടുകളിലും 237 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 64 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുതായി 6103 പേർ നിരീക്ഷണത്തിലുണ്ട്. 5155 പേർ രോഗബാധയില്ലാത്തതിനാൽ നിരീക്ഷണത്തിൽനിന്ന് ഒഴിവായി. 2921 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 2342 എണ്ണത്തിനു രോഗബാധയില്ല എന്ന് ഉറപ്പാക്കി.

സംസ്ഥാനം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സാധാരണ ജനജീവിതത്തെ രോഗാണു വ്യാപനം ബാധിച്ചു. സാമ്പത്തിക രംഗത്ത് പ്രശ്നങ്ങളുണ്ട്. കോവിഡ് കാരണം പ്രതിസന്ധിയിലായ ജനജീവിതവും സാമ്പത്തിക മേഖലയും തിരിച്ചു പിടിക്കാൻ 20,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പിലാക്കും. കുടുംബശ്രീ വഴി ഇനിയുള്ള രണ്ടു മാസങ്ങളിൽ 2,000 കോടിയുടെ വായ്പ ലഭ്യമാക്കും. ഏപ്രിൽ, മേയ് മാസങ്ങളിൽ 1000 കോടി വീതമുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കും.

ഏപ്രിലിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഈ മാസം തന്നെ നൽകും. രണ്ടു മാസത്തെ പെൻഷൻ തുക ഒരുമിച്ചാണു നൽകുക. ഇതിനായി 1,320 കോടി അനുവദിക്കും. 50 ലക്ഷത്തിൽ പരം ആളുകൾക്കു പെൻഷൻ കൊടുക്കുന്നുണ്ടെങ്കിലും ബിപിഎൽ, അന്ത്യോദയ വിഭാഗത്തിലെ കുടുംബങ്ങളിൽ ചിലർ ഈ പെൻഷൻ വാങ്ങുന്നില്ല. ആ പ്രയാസം കണക്കിലെടുത്ത് അവർക്ക് 1000 രൂപവീതം നൽകും. 100 കോടി ഇതിനായി വിനിയോഗിക്കും. സംസ്ഥാനത്താകെ എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം നൽകും. ബിപിഎൽ അന്ത്യോദയ വിഭാഗങ്ങൾക്കു പുറമേ ഉള്ളവർക്കു 10 കിലോ അരിയാണു നൽകുന്നത്. ഇതിനായി 100 കോടി അനുവദിച്ചു.

25 രൂപയ്ക്കു ഭക്ഷണം കിട്ടുന്ന 1000 ഭക്ഷണശാലകൾ സെപ്റ്റംബറിൽ തുടങ്ങാനാണു തീരുമാനിച്ചിരുന്നത്. നിലവിലെ സാഹചര്യത്തിൽ ഏപ്രിലിൽ തന്നെ അവ ആരംഭിക്കും. 25 രൂപയെന്നത് 20 രൂപയാക്കി. ഇതിന് 50 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ആരോഗ്യ പാക്കേജിനായി 500 കോടി വകയിരുത്തി. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സർക്കാർ കൊടുക്കാനുള്ള കുടിശ്ശിക ഏപ്രിലിൽ കൊടുക്കും. 14,000 കോടി ഇതിനായി വേണ്ടിവരും.

ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് ചാർജിൽ ഇളവ് നൽകും. ബസുകളിൽ സ്റ്റേറ്റ് കാരിയറും കോൺട്രാക്റ്റ് കാരിയറും മൂന്നുമാസം നൽകേണ്ട നികുതിയിൽ ഇളവ് നൽകാൻ തീരുമാനിച്ചു. സ്റ്റേറ്റ് കാരിയറുകൾക്ക് ഏപ്രിൽ മാസത്തെ നികുതിയിലാണ് ഇളവ്. അതിനു തുല്യമായി കോണ്‍ട്രാക്റ്റ് കാരിയറുകൾക്കും ഇളവ് നൽകും. 23.60 കോടിയുടെ ഇളവാണ് ഇരു വിഭാഗങ്ങൾക്കും നൽകുന്നത്. വൈദ്യുതി, വെള്ളം ബില്ലുകൾ പിഴ കൂടാതെ അടയ്ക്കാൻ ഒരു മാസത്തെ സാവകാശം അനുവദിച്ചു. സിനിമ തിയേറ്ററുകളുടെ വിനോദ നികുതിയിൽ ഇളവ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Covid 19: One more positive case confirmed in Kerala, says CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com