ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ആറ് പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് രണ്ട്, കൊല്ലം, പാലക്കാട്, മലപ്പുറം, കാസർകോട് എന്നിവടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിലെ ആദ്യ കോവിഡ് മരണത്തിൽ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻട്രൻസ് പരീക്ഷ മാറ്റിവച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

കോട്ടയത്ത് രണ്ടുപേർക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഓരോരുത്തർക്കും രോഗം ഭേദമായി. നിലവിൽ ആകെ ചികിൽസയിലുള്ളവരുടെ എണ്ണം 165 ആണ്. ആകെ 1,34,370 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 1,33,750പേർ വീടുകളിലും 620 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 148 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6067 സാംപിൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 5276 ഫലങ്ങൾ നെഗറ്റീവാണ്.

സാമൂഹവ്യാപനം ഉണ്ടാകുന്നുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി നിരീക്ഷണം ശക്തമാക്കും. പെട്ടെന്നു ഫലം അറിയാൻ കഴിയുന്ന റാപ്പിഡ് ടെസ്റ്റുകൾ നടത്തും. വെന്റിലേറ്റർ, എൻ95 മാസ്ക്, ഓക്സിജൻ സിലിണ്ടർ, കയ്യുറകൾ, ബയോ മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിന് നടപടികൾ ആരംഭിച്ചു.

കൊച്ചിയിലെ സൂപ്പർ ഫാബ് ലാബ്, വൻകിട–ചെറുകിട സംരംഭങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെയെല്ലാം കോർത്തിണക്കുന്ന പദ്ധതിയാണ് ആവിഷ്ക്കരിച്ചത്. ഇതിനായി കഞ്ചിക്കോട്ട് വ്യവസായ സംരംഭകരുടെ ക്ലസ്റ്റർ സ്ഥാപിക്കും. മോഡലുകൾ വികസിപ്പിക്കുന്നതിന് ഫാബ് ലാബിനൊപ്പം വിഎസ്എസ്ഇയുടെ സൗകര്യങ്ങളും പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പത്രമാധ്യമങ്ങൾ അവശ്യ സർവീസാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചില റസിഡന്റ്സ് അസോസിയേഷനുകൾ പത്രങ്ങൾ വിലക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. അത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. കമ്യൂണിറ്റി കിച്ചണുകളിൽ ആവശ്യമായവർക്കു പുറമേ ആൾക്കൂട്ടം കാണുന്ന സാഹചര്യമുണ്ട്. ചിലർ പടമെടുക്കാൻ മാത്രം പോകുന്നുണ്ട്. കിച്ചണുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ മാത്രം അവിടെ പോയാൽ മതിയെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

1059 കമ്മ്യൂണിറ്റി കിച്ചണുകൾ ഇതുവരെ ആരംഭിച്ചു. 52,480 പേർക്ക് കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണം നൽകി. 41,826 പേർക്ക് സൗജന്യമായി ഭക്ഷണം നൽകി. 31,263 പേർക്ക് വീട്ടിൽ എത്തിച്ചു നൽകി. ചില പരാതികൾ ഭക്ഷണ വിതരണത്തെ സംബന്ധിച്ച് ഉയർന്നിട്ടുണ്ട്. അത് പരിഹരിക്കും. നാളെയോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary:  CM Pinarayi Vijayan Press meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com