ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇവരിൽ 17 പേർ വിദേശത്തുനിന്ന് വന്നവരാണ്. ഇതോടെ രോഗബാധിതരുടെ എണ്ണം 213 ആയി. ഇന്നത്തെ കണക്ക് പ്രകാരം കാസർകോട് 17, കണ്ണൂർ 11, വയനാടും ഇടുക്കിയിലും രണ്ടു പേർ വീതം എന്നിങ്ങനെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 126 പേരെ ആശുപത്രിയിലാക്കി. 6991 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 6031 നസാംപിളുകൾക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

 

ലോക്ഡൗൺ പശ്ചാത്തലത്തിൽ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്ന പ്രശ്നം ഉണ്ടായിരുന്നു. മാർച്ച് 20ന് അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂടി ദീർഘിപ്പിച്ചതായി പിഎസ്‍‌സി അറിയിച്ചിട്ടുണ്ട്. കൊറോണയോട് നാം ഒറ്റക്കെട്ടായി പൊരുതുകയാണ്. ഇന്നലെ പൊടുന്നനെ ഒരു പ്രശ്നം വന്നു. കോട്ടയം പായിപ്പാട്ട് അതിഥി തൊഴിലാളികൾ സംഘംചേർന്നു തെരുവിൽ ഇറങ്ങി നാട്ടിലേക്കു പോകണമെന്ന് ആവശ്യപ്പെട്ടു.

 

ഇപ്പോൾ എവിടെയാണോ അവിടെ നിൽക്കാനാണു എല്ലാവരോടും പ്രധാനമന്ത്രി പറഞ്ഞത്. അത് അവർക്കും അറിയാം. രാജ്യത്താകെ നടപ്പാകേണ്ട രീതി കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ അതിന്റെ ഭാഗമായി അണിചേരുകയാണു സർക്കാർ ചെയ്തത്. എല്ലാം മാറ്റിവച്ചുള്ള കൂടിച്ചേരലാണു പക്ഷേ പായിപ്പാട് ഉണ്ടായത്. ആസൂത്രിതമായ പദ്ധതി ഇതിനു പിന്നിലുണ്ട്. കേരളം കൊറോണ പ്രതിരോധത്തില്‍ നേടിയ മുന്നേറ്റത്തെ താറടിച്ചു കാണിക്കുന്നതിനുള്ള ചില കുബുദ്ധികളുടെ ശ്രമം ഇവിടെ കാണം. അതിഥി തൊഴിലാളികളെ ഇളക്കി വിടാനാണ് ശ്രമിച്ചത്. ഒന്നോ അതിലധികമോ ശക്തികൾ പ്രവർത്തിച്ചിട്ടുണ്ടെന്നാണു മനസ്സിലാക്കിയിട്ടുള്ളത്.

 

5178 ക്യാംപുകൾ അതിഥി തൊഴിലാളികൾക്കായി ഇപ്പോൾ പ്രവർത്തിക്കുന്നു. അവർക്കു വേണ്ട സൗകര്യങ്ങൾ ഉറപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അവർക്ക് അവരുടെ നാട്ടിലെ ഭക്ഷണം വേണമെന്ന ആവശ്യം വന്നപ്പോൾ അതു സാധിച്ചുകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മലപ്പുറത്ത് അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വ്യാജപ്രചാരണം നടത്തിയ 2 പേരെ പിടിച്ചു. ഇവർ മലയാളികളാണ്. . അതിഥി തൊഴിലാളികളുടെ ക്യാംപുകൾ സന്ദര്‍ശിച്ച് ക്ഷേമം അന്വേഷിക്കുന്നതിന് ഹിന്ദി അറിയാവുന്ന ഹോം ഗാർഡുകളെ ചുമതലപ്പെടുത്തി. ഒറിയ, ബംഗാളി, ഹിന്ദി ഭാഷകളിലെ സന്ദേശം അതിഥി തൊഴിലാളികള്‍ക്കിടയിൽ പ്രചരിപ്പിക്കും.

 

അതിഥി തൊഴിലാളികൾക്കായി സംസ്ഥാനതല കൺട്രോൾ റൂം തുറന്നു. ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സായുധ സേനാ എഡിജിപിയെ ചുമതലപ്പെടുത്തി. പരിശോധനാ രീതികൾ സംബന്ധിച്ച് പൊലീസുകാർക്ക് ദിവസേന എസ്എംഎസ് വഴി നിർദേശങ്ങൾ നൽകും. 1034 തദ്ദേശ സ്ഥാപനങ്ങളിൽ 1031ലും കമ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചു. ആകെ 1,213 കമ്യൂണിറ്റി കിച്ചൺ ഉണ്ട്. 1,54,258 പേർക്ക് കഴിഞ്ഞ ദിവസം ഭക്ഷണം നൽകി. ഇതിൽ 1,37,930 പേർക്കും സൗജന്യമായാണ് ഭക്ഷണം നൽകിയത്. ചില ക്യാംപിൽ അതിഥിത്തൊഴിലാളികളുടെ എണ്ണം കൂടുതലാണ്. നിശ്ചിത എണ്ണത്തിൽ കൂടാൻ പാടില്ല, വാർത്ത കാണാനും മറ്റും ടിവി ഉൾപ്പെടെ വിനോദ ഉപാധികൾ ഒരുക്കും. അവർ ഉന്നയിക്കുന്നതിൽ ചില പ്രശ്നങ്ങളുണ്ട്.

 

ചർച്ച ചെയ്ത് ബോധ്യപ്പെടുത്തി സഹകരിപ്പിക്കുക എന്നതാ‌ണ് മാർഗം കലക്ടർ തലവനും ജില്ലാ പൊലീസ് മേധാവിയും ലേബർ ഓഫിസറും അടക്കമുള്ളവർ അംഗങ്ങളുമായ സമിതി പരിശോധിക്കും. താമസിക്കാൻ പറ്റാത്ത ഇടങ്ങളിൽ താമസിച്ച് വാടക കൊടുക്കുന്ന രീതി പായിപ്പാട് ഉണ്ട്. തൊഴിലാളികൾക്കു ഭക്ഷണം ഉറപ്പാക്കേണ്ടത് അവരുടെ കരാറുകാരാണ്. ഇതിലും ചില പ്രശ്നങ്ങളുണ്ട്. ഇവർക്കെല്ലാം മാന്യമായ താമസസ്ഥലം ഒരുക്കണമെന്നാണു സർക്കാർ നിലപാട്. പകൽ മുഴുവൻ അധ്വാനിച്ച് രാത്രി കിടക്കാനൊരു സ്ഥലം മതി അവര്‍ക്ക്. എന്നാൽ ജോലി മുടങ്ങിയതിനാൽ മുഴുവൻ സമയവും താമസസ്ഥലത്ത് ചെലവഴിക്കാൻ അതിഥി തൊഴിലാളികളും നിർ‌ബന്ധിക്കപ്പെടുകയാണ്.

 

സൗകര്യപ്രദമായ രീതിയിൽ ഇവരെ താമസിപ്പിക്കണമെന്നാണ് സർക്കാർ നിർദേശം. അതനുസരിച്ച് സൗകര്യങ്ങൾ ഉറപ്പാക്കണം. ആട്ട, ഉരുളക്കിഴങ്ങ്, ഉള്ളി, പരിപ്പ് തുടങ്ങിയവയെല്ലാം നൽകുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കമ്യൂണിറ്റി കിച്ചനുകളിൽ അത്യാവശ്യക്കാർക്ക് ഭക്ഷണം നൽകാനാണ് ഉദ്ദേശിച്ചത്. ഇതിൽ കൃത്യത ഉണ്ടാകണം. ഇതിനകത്ത് കാശു കൊടുത്ത് ഭക്ഷണം വാങ്ങാൻ തയാറാകുന്നവരുണ്ട്. അവർക്ക് കമ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം നൽകാനല്ല ഉദ്ദേശിച്ചത്. സംസ്ഥാനത്ത് തുടങ്ങാൻ ഉദ്ദേശിച്ച 1000 ഹോട്ടലുകളിൽ ഈ പറയുന്ന ആള്‍ക്കാർക്ക് ഭക്ഷണം എത്തിക്കുന്നതിനു പ്രശ്നമുണ്ടാകില്ല. വിവിധ വിഭാഗം ആളുകള്‍ക്ക് ഇളവുകൾ ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. കരാർ ജീവനക്കാർക്ക് ശമ്പളം വാങ്ങാൻ ഒാഫിസുകളിലോ ബാങ്കുകളിലോ പോകാൻ അനുമതിയുണ്ട്.

 

ഉൾവനത്തിൽ താമസിക്കുന്ന ആദിവാസികളുണ്ട്. അവരുടെ ഉത്പന്നങ്ങൾ വാങ്ങാനും സാധനങ്ങൾ വാങ്ങാനും ചില ക്രമീകരണം ഏർപെടുത്തും.മാർച്ച് 31ന് സർവീസിൽനിന്ന് വിരമിക്കുന്ന ചില ആൾക്കാർ ഉണ്ട്. സാധാരണ നിലയിൽ യാത്രയ്ക്ക് പ്രയാസം ഉണ്ടാകും. ഔപചാരികമായി ചാർജ് കൈമാറാൻ ഉദ്യോഗസ്ഥർ അവരുടെ ഓഫിസിലെത്തണം. ഔപചാരികമായ കൈമാറ്റം നടന്നില്ലെങ്കിലും അത്തരക്കാർ വിരമിച്ചതായി കണക്കാക്കും. ഇപ്പോൾ ചില സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതില്‍ വിഷമമുണ്ട്. അവിവാഹിത സ്ത്രീകളുടെ പെൻഷൻ, വിധവ പെൻഷൻ എന്നിവയ്ക്ക് സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്. ഇപ്പോൾ ഇതൊഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട്. ഒരു കാര്യത്തില്‍ തൊഴിലുടമകൾക്ക് ധാരണ വേണം. ഇത്തരം ഘട്ടത്തിൽ വേതനം കുറയ്ക്കാനേ പാടില്ല.

 

അവശ്യ സാധനങ്ങളുമായി സഞ്ചരിക്കുന്ന ട്രക്കുകൾക്ക് ഇന്റർനെറ്റ് അടിസ്ഥാനമാക്കിയ മോണിറ്ററിങ് സംവിധാനം ഏർപെടുത്തും. ചരക്ക് നീക്കം മൂന്നായി ക്രമപ്പെടുത്തും. മരുന്ന്, എൽപിജി, അവശ്യ ധാന്യങ്ങൾ എന്നിവ ഒന്നാം വിഭാഗത്തിൽ‌ പച്ചക്കറി, പഴം, മറ്റു ധാന്യങ്ങൾ രണ്ടാം വിഭാഗത്തില്‍, മറ്റ് അവശ്യ സാധനങ്ങൾ മൂന്നാം വിഭാഗത്തിൽ. കോവിഡ് ആശുപത്രികളിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും നടത്തുന്നത് മഹത്തായ സേവനമാണ്. എത്ര അഭിനന്ദിച്ചാലും മതിവരില്ല. അത്തരക്കാർ ആശുപത്രികള്‍ക്ക് അടുത്തുള്ള ഹോട്ടലുകളിൽ താമസം ഒരുക്കും. വീടുകൾ എടുത്തിട്ടില്ലെങ്കിലാണ് ഹോട്ടൽ മുറികൾ നൽകുക. പൊതുജന സേവന കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാൻ സാധിക്കണം.

 

വേനൽ കടുക്കുകയാണ്. കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ ഇടയുണ്ട്. വെള്ളം വിതരണം ചെയ്യേണ്ടിവരും. ജല ഉപഭോഗം നിയന്ത്രിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. തദ്ദേശ സ്ഥാപനങ്ങളാണ് ഇതിനു നേതൃത്വം നൽകേണ്ടത്. ആനകൾക്കു പട്ട കൊണ്ടുവരുന്നതിൽ ഇപ്പോൾ ബുദ്ധിമുട്ടുണ്ട്. അതു പരിഹരിക്കാൻ നിർദേശം നൽകി. പല ചാനലുകളും പേ ചാനലുകളാണ്. പേ ചാനൽ നിരക്ക് ഒഴിവാക്കി സമൂഹത്തോട് പ്രതിബദ്ധത കാണിക്കാനുള്ള അവസരം വിനിയോഗിക്കണമെന്ന് ചാനലുകളോട് അഭ്യര്‍ഥിക്കുന്നു. റോഡിൽ അൽപം തിരക്ക് ഇന്ന് വർധിച്ചതായി കാണുന്നു. പൊലീസ് ഇതു നിയന്ത്രിക്കണം.

 

സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുമായി ചർച്ച നടത്തി. കുടുംബശ്രീ വഴി നൽകുന്ന വായ്പാ പദ്ധതി ഉടൻ പ്രാവർത്തികമാക്കും എന്ന് ഉറപ്പു നൽകിയിട്ടുണ്ട്. എടിഎം യന്ത്രങ്ങളിൽ കൃത്യമായി പണം നിറയ്ക്കും. ബാങ്ക് ജീവനക്കാരിൽ ആവശ്യമുള്ളവർക്കു പാസും നൽകും. ശാസ്ത്ര, വൈദ്യ മേഖലകളിലെ സഹകരണം ഉറപ്പാക്കാൻ ആയുർവേദ രംഗത്തെ പ്രമുഖരുമായി വിഡിയോ കോൺഫറൻസ് നടത്തി. ചിക്കൻ ഗുനിയ, ഡെങ്കിപ്പനി ഒക്കെ വന്നപ്പോൾ ആയുർവേദ രംഗം നല്ല രീതിയിൽ ഇടപെട്ടിരുന്നു. പ്രതിരോധ ശക്തി വർധിപ്പിക്കാനുള്ള മരുന്ന് ആയുർവേദത്തിലുണ്ട്. ഇത് എങ്ങനെ ഉപയോഗിക്കാം എന്നു ചർച്ച ചെയ്തു. പ്രായമുള്ളവരുടെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ആയുർവേദ മരുന്ന് ഉപയോഗിക്കാൻ സാധിക്കും.

 

English Summary: CM Pinarayi Vijayan press meet on Covid situation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com