ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കോവിഡ് രോഗം ബാധിച്ചു. തിരുവനന്തപുരം, കാസർകോട് ജില്ലകളില്‍ രണ്ടു പേർ വീതവും കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ ആൾക്കു വീതവുമാണു രോഗം സ്ഥിരീകരിച്ചത്. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി. ഇന്ന് സംസ്ഥാനത്ത് ഒരു മരണം കൂടി ഉണ്ടായി. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയാണു മരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ രണ്ടു പേരുടെ വീതം പരിശോധന ഫലം നെഗറ്റീവായി. 1,63,129 പേർ നിരീക്ഷണത്തിലുണ്ട്. 1,62,471 പേർ വീടുകളിലും 658 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. 150പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7485 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 6381 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

ലാബുകൾ കൂടുതൽ സാംപിൾ എടുക്കാൻ തുടങ്ങി. ടെസ്റ്റിങ്ങില്‍ നല്ല പുരോഗതിയുണ്ട്. കൂടുതൽ ടെസ്റ്റ് നടത്തി റിസല്‍ട്ട് വാങ്ങാൻ കഴിയുന്നു. കാസർകോട് ആശുപത്രികളിൽ 163 പേർ നിരീക്ഷണത്തിലുണ്ട്. കണ്ണൂരിൽ 108, മലപ്പുറത്ത് 102 പേർ നിരീക്ഷണത്തിലുണ്ട്. കൂടുതല്‍ രോഗവ്യാപന ഭീഷണിയുള്ള കാസർകോട് ജില്ലയ്ക്ക് പ്രത്യേക കർമ പദ്ധതി നടപ്പാക്കും.

ചുമയും പനിയും ഉള്ളവരുടെ ലിസ്റ്റും അവരുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റും തയാറാക്കും. കാസർകോട് മെഡിക്കൽ കോളജിൽ കോവിഡ് സെന്ററുകൾ ഉടൻ പ്രവർത്തനം ആരംഭിക്കും. കേന്ദ്ര സർവകലാശാലയിൽ ടെസ്റ്റിങ്ങിന് അനുമതി ലഭിച്ചിട്ടുണ്ട്. മാസ്കുകളുടെ കാര്യത്തിൽ ദൗർബല്യമില്ല. എൻ 95 മാസ്ക് രോഗികളുമായി നേരിട്ടു ബന്ധപ്പെട്ടവർക്കു മാത്രം മതി എന്നു നിര്‍ദേശം നൽകി.

നിസാമുദീനിലും മലേഷ്യയിലും നടന്ന തബ്‍ലിഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവർക്കു പ്രശ്നമുണ്ടോയെന്ന് പരിശോധിക്കും. പൊലീസ് ഇതിൽ വിശദമായ പരിശോധന നടത്തി. വേണ്ട മുൻകരുതല്‍ സ്വീകരിക്കും. സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. എന്നും രാവിലെ മുതൽ ഉച്ചവരെ അന്ത്യോദയ മുൻഗണനക്കാർക്കും ഉച്ചയ്ക്ക്ശേഷം മുൻഗണനേതര വിഭാഗക്കാർക്കും റേഷൻ നല്‍കും. കടയിൽ ഒരു സമയത്ത് അഞ്ച് പേർ മാത്രമേ ഉണ്ടാകാവൂ. ഇതിനായി ടോക്കൺ വ്യവസ്ഥകൾ പോലുള്ളവ സ്വീകരിക്കും.

ഈ മാസം റേഷൻ വിതരണം കൂടുതൽ അളവിലാണ്. ബുദ്ധിമുട്ടുണ്ടാക്കാതെ വാങ്ങാൻ തദ്ദേശസ്ഥാപനങ്ങള്‍ ഇടപെടണം. സന്നദ്ധ പ്രവർത്തകർ അന്ത്യോദയ വിഭാഗക്കാർ, മുൻഗണന വിഭാഗക്കാർ എന്നിവർക്കാണു പ്രാധാന്യം നൽകേണ്ടത്. തനിയെ താമസിക്കുന്നവർക്കും ശാരീരിക അവശതയുള്ളവർക്കും വീടുകളിൽ റേഷൻ എത്തിക്കാൻ തയാറാകണം. സത്യസന്ധതയോടും സുതാര്യതയോടും കൂടി ഇതു ചെയ്യണം. എന്നാലും റേഷൻ കടകളിൽ തിരക്കിന് സാധ്യതയുണ്ട്. അതു തടയാന്‍ ചില ക്രമീകരണങ്ങൾ നടത്തണം.

കാർഡ് നമ്പർവച്ച് വിതരണം ചെയ്യണം. ബുധനാഴ്ച പൂജ്യം ഒന്ന് അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പരുകാർക്കായിരിക്കും. ഏപ്രിൽ രണ്ടിന് 2,3 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക്. മൂന്നിന് നാല്, അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്നവർക്ക്, അഞ്ചിന് എട്ട്, ഒൻപത് അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്കും റേഷൻ വാങ്ങാം. അഞ്ച് ദിവസം കൊണ്ട് എല്ലാവർക്കും റേഷൻ നൽകാൻ കഴിയും. അല്ലാത്തവര്‍ക്കു പിന്നീടു വാങ്ങാൻ സാധിക്കാം. വിവിധ നഗരങ്ങളിൽനിന്ന് ആശുപത്രിയിൽ ജോലി ചെയ്യുന്ന കേരളീയർ ഭീതി കാരണം വിളിക്കുന്നുണ്ട്. ലോക രാഷ്ട്രങ്ങളിൽതന്നെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മലയാളി നഴ്സുമാരുടെ സാന്നിധ്യം വലുതാണ്. അവരാണ് ആശങ്ക അറിയിക്കുന്നത്. ഇതു കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും.

കോഴി, താറാവ്, കന്നുകാലി, പന്നി എന്നിവയ്ക്ക് തീറ്റയ്ക്ക് പ്രശ്നമുണ്ട്. ഇതിന് പ്രാദേശിക ഇടപെടലിന് നിർദേശം നൽകി. ഏപ്രിൽ ഒന്നിന് മറ്റുള്ളവരെ കളിയാക്കുകയും പറ്റിക്കുകയും ചെയ്യുന്ന പതിവുണ്ട്. ഇത്തവണ തെറ്റായ ഒരു കാര്യവും പ്രചരിപ്പിക്കാൻ പാടില്ല. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകും. അതിഥി തൊഴിലാളികൾക്ക് മികച്ച സേവനം ഉറപ്പാക്കാൻ വിവരങ്ങൾ ശേഖരിക്കും. എഡ‍ിജിപിയുടെ നേതൃത്വത്തിലാണ് ഇത് ചെയ്യുക. 48 മണിക്കൂറിൽ നടപ്പാക്കും.

തിരിച്ചറിയൽ കാർഡ് ഇവർക്കു നൽകും. തൊഴിൽ വകുപ്പിന്റെ 2 ലക്ഷത്തിന്റെ ഇൻഷുറൻസ് അടക്കമുള്ള ആനുകൂല്യങ്ങൾ ഉറപ്പുവരുത്തും. അതിഥി തൊഴിലാളികൾ രണ്ട് തരത്തിലുണ്ട്. കരാറുകാരുടെ കീഴിലുള്ളവരും ഒറ്റപ്പെട്ടവരും. ഭക്ഷണവും മറ്റു കാര്യങ്ങളും നൽകുമ്പോൾ ഒറ്റപ്പെട്ട് താമസിക്കുന്നവർ ഒഴിവാകരുത്. ഇവർക്കും മാന്യമായ ഭക്ഷണം വേണം. വീഴ്ച വരരുത്– മുഖ്യമന്ത്രി പറഞ്ഞു.

English Summary: CM Pinarayi Vijayan press meet on Covid situation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com