ADVERTISEMENT

തിരുവനന്തപുരം ∙ ബുധനാഴ്ച സംസ്ഥാനത്ത് 9 പേർക്ക് കോവിഡ് ബാധിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ 4, ആലപ്പുഴ 2, കാസർകോട് 1, പത്തനംതിട്ട 1, തൃശൂർ 1 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ഇന്നു രോഗം ബാധിച്ചവർ. നാലു പേർ വിദേശത്തുനിന്നു വന്നവരാണ്. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തതിലൂടെ 2 പേർക്കും സമ്പർക്കത്തിലൂടെ 3 പേർക്കും രോഗം വന്നു. 13 കേസുകൾ നെഗറ്റീവ് ആയി. തിരുവനന്തപുരം, തൃശൂർ ജില്ലകളിൽനിന്ന് 3 പേർ വീതവും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ 2 പേർ വീതവും കണ്ണൂരിൽ ഒരാളുമാണു നെഗറ്റീവായത്.

സംസ്ഥാനത്ത് ആകെ 345 പേർക്കാണു രോഗം, 259 പേർ ചികിത്സയിലുണ്ട്. 169 പേരെ ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ‌1,40,474 പേർ നിരീക്ഷണത്തിലുണ്ട്. 1,39,725 പേർ വീടുകളിലും 749 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ബുധനാഴ്ച 169 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11,986 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 10,906 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. പിഡബ്ല്യുഡി കണ്ടെത്തിയ 1,73,000 കിടക്കകളിൽ 1,10,000 ഇപ്പോൾതന്നെ ഉപയോഗ്യയോഗ്യമാണ്.

നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 212 പേരാണ് കേരളത്തിലുള്ളത്. ഇതിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് പകര്‍ച്ചവ്യാധി നേരിടുന്നതിന് കാസർകോട് മെഡിക്കല്‍ കോളജ് ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിന്‍റെ ഭാഗമായി 300 കിടക്കകളോടു കൂടിയ ആശുപത്രി സൗകര്യങ്ങള്‍ക്ക് 273 തസ്തികകള്‍ സൃഷിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 20,000 കിറ്റ് ഐസിഎംആർ വഴി നാളെ ലഭിക്കും. കാസർകോട് അതിർത്തിയിൽ സജീവമായി ഡോക്ടർമാർ ഡ്യൂട്ടിയിൽ ഉണ്ട്. കോവിഡ‍് സർട്ടിഫിക്കറ്റ് കിട്ടാൻ തടസ്സമുണ്ടാവില്ല. അത്യാവശ്യ രോഗികളാണ് അങ്ങോട്ട് പോകേണ്ടത്.

അമേരിക്കയിൽ ഉൾപ്പെടെ നിരവധി മലയാളികൾ കോവിഡ് ബാധിച്ചു മരിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കോവിഡ് ബാധിത രാജ്യങ്ങളിൽ നോർക്കയുടെ നേതൃത്വത്തിൽ അഞ്ച് കോവിഡ് ഹെൽപ് ഡസ്ക്കുകൾ ആരംഭിക്കാൻ തീരുമാനിച്ചു. പ്രവാസികൾക്ക് ഓൺലൈൻ വഴി മെഡിക്കൽ സേവനം ലഭിക്കും. കേരളത്തിലുള്ള ഡോക്ടർമാരുമായി വിഡിയോ, ഓഡിയോ കോളുകൾ നടത്താം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മുതൽ ആറ് വരെ സേവനം ലഭിക്കും. കണ്ണടക്കടകൾ ആഴ്ചയിൽ ഒരു ദിവസം തുറക്കാൻ അനുവദിക്കും.

ലോക്ഡൗൺ ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കരുത്. പിഴയീടാക്കിയാൽ മതി. ഉപയോഗിച്ച മാസ്കോ ഗ്ലൗസോ വലിച്ചെറിയരുത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. രക്തദാനത്തിനു തയാറുള്ളവർ മുന്നോട്ടു വരണം. മൊബൈൽ യൂണിറ്റുകൾ വഴി രക്തം സ്വീകരിക്കും. തണ്ണീത്തോട് നിരീക്ഷണത്തിലിരുന്ന പെൺകുട്ടിയുടെ വീട് ആക്രമിച്ച കേസിൽ കർശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള അക്രമികളെ സമൂഹം ഒറ്റപ്പെടുത്തണം.

മത്സ്യത്തിന്റെ കാര്യത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തും. അഴുകിയ മത്സ്യങ്ങൾ പിടിച്ചെടുക്കുന്നുണ്ട്. എന്നാൽ എല്ലാ മത്സ്യവും അഴുകിയതാണെന്ന നിഗമനത്തിൽ വാഹനം കാണുമ്പോൾ തന്നെ തടയരുത്. പരിശോധന നടത്തിയ ശേഷമാണ് തുടർനടപടികൾ സ്വീകരിക്കേണ്ടത്. നമ്മുടെ അതിഥി തൊഴിലാളികൾക്ക് കുടൂതൽ പ്രധാന്യം നൽകുന്നെന്ന പ്രചാരണമുണ്ട്. കഷ്ടത അനുഭവിക്കുന്ന വിഭാഗമാണ് അവരെന്ന് എല്ലാവർക്കുമറിയാം. അതിഥി ദേവോ ഭവഃ എന്നാണ് എല്ലാക്കാലത്തും സ്വീകരിച്ച നിലപാട്. ഇതു വെറുതെ എഴുതിവയ്ക്കാനുള്ള ഒന്നുമാത്രമല്ല.– മുഖ്യമന്ത്രി പറഞ്ഞു.

‌അതേസമയം രാജ്യത്ത് കോവിഡ് ബാധിതർ 5000 കടന്നു. പ്രതിദിന കണക്കിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തതു കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്. വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 773 പേർക്കു കോവിഡ് സ്ഥിരീകരിച്ചപ്പോൾ, 32 പേർക്കു ജീവൻ നഷ്ടമായെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 1.31 ലക്ഷം പേരുടെ സാംപിൾ പരിശോധിച്ചതായി ഐസിഎംആർ പറഞ്ഞു. ഇന്നലെ മാത്രം 13,345 സാംപിൾ പരിശോധിച്ചു.

English Summary: Kerala CM Pinarayi Vijayan press meet on Covid situation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com