ലോക്ഡൗണിലും കൊച്ചി സുന്ദരിയാണ് - ആകാശദൃശ്യങ്ങൾ
Mail This Article
കൊച്ചി∙ ലോക്ഡൗണിനെ തുടർന്ന് ആളൊഴിഞ്ഞ കൊച്ചി നഗരത്തിന്റെ ആകാശ ദൃശ്യവുമായി എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫിസ്. ആളും ആരവങ്ങളും ഒരിക്കലും ഒഴിയാത്ത, ട്രാഫിക് ബ്ലോക്കുകൊണ്ട് പൊറുതി മുട്ടിയിരുന്ന കൊച്ചിയുടെ പുതിയ കാഴ്ച വ്യത്യസ്തമായ ദൃശ്യാനുഭവം സമ്മാനിക്കുന്നുണ്ട്. കരയെ ചുംബിച്ചു മടങ്ങുന്ന തിരകളെ കാത്തുനിൽക്കാൻ ഫോർട്ടു കൊച്ചി തീരത്ത് ആരുമില്ല. കാതിൽ കിന്നാരം പറഞ്ഞ് അങ്ങേ കരയിലേയ്ക്ക് നോക്കിയിരിക്കാൻ യുവ മിഥുനങ്ങളും എത്താതായതോടെ മറൈൻഡ്രൈവും ശൂന്യതയുടെ സൗന്ദര്യം സമ്മാനിക്കുന്നു.
ഇടയ്ക്കെത്തുന്ന ബൈക്കുകളോ ചെറു കാറുകളോ ഒഴിച്ചാൽ നിരത്തുകളെല്ലാം പൂർണമായും ശൂന്യമാണ്. ഫോർട്ടുകൊച്ചി കടൽത്തീരത്തു നിന്നാരംഭിക്കുന്ന വിഡിയോ മട്ടാഞ്ചേരി ജൂതത്തെരുവ് പോലുള്ള പ്രാചീന തെരുവുകൾ പിന്നിട്ട് തോപ്പുപടി പാലം, വൈറ്റില, എം.ജി. റോഡ്, മറൈൻ ഡ്രൈവ്, ഗോശ്രീ പാലം, ഇടപ്പള്ളി, കളമശേരി എന്നീ പോയിന്റുകൾ കടന്ന് ആലുവയിലാണ് അവസാനിക്കുന്നത്. എംജി റോഡിനു മുകളിൽ മെട്രൊ വിരിച്ച കുടയുടെ സൗന്ദര്യം പൂർണമായി ഒപ്പിയെടുത്തിട്ടുണ്ട് ഈ ആകാശക്കാഴ്ചയിൽ.
വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വലിയ രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചതെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫിസർ നിജാസ് ജുവൽ മനോരമ ഓൺലൈനോടു പറഞ്ഞു. വരും തലമുറയ്ക്ക് പാഠമാകേണ്ട ചരിത്ര രേഖയാണിതെന്നാണ് ചില പ്രതികരണങ്ങൾ. ആളൊഴിഞ്ഞ കൊച്ചി വരും തലമുറയ്ക്കായി കാത്തുവയ്ക്കേണ്ട ഓർമച്ചിത്രമാണ് ഇത്. ഒരു തലമുറയും ഇതുവരെയും കണ്ടിട്ടില്ലാത്ത കൊച്ചിയുടെ കാഴ്ചയാണ് ദൃശ്യങ്ങളിലുള്ളതെന്നും ചിലർ.
ഡ്രോണും ഗോപ്രോയും ഉപയോഗിച്ചായിരുന്നു ദൃശ്യങ്ങൾ പകർത്തിയത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലെ വിഡിയോ സ്ട്രിങ്ങർ രഘുരാജ് അമ്പലമേടിന്റേതാണ് കാഴ്ച.
English Summary: Lockdown: Sky view of Kochi