ADVERTISEMENT

സോൾ ∙ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഗുരുതരാവസ്ഥയിലാണെന്ന അഭ്യൂഹങ്ങൾക്കിടെ, ഡോക്ടർമാരും ആരോഗ്യ വിദഗ്ധരുമടങ്ങുന്ന ഒരു സംഘത്തെ ചൈന ഉത്തര കൊറിയയിലേക്ക് അയച്ചതായി സൂചന. ചൈനീസ് സർക്കാരുമായി അടുപ്പമുള്ള ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദേശ കാര്യ സമതിയിലെ ഒരു മുതിർന്ന അംഗം നയിക്കുന്ന സംഘം വ്യാഴാഴ്ച ഉത്തര കൊറിയയിലേക്കു പോയി. കിമ്മിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താനാണ് യാത്രയെന്നാണ് വിവരം.

വൈദ്യശാസ്ത്ര സംവിധാനങ്ങളുടെയും ചികിൽസാ സൗകര്യങ്ങളുടെയും കാര്യത്തിൽ ഉത്തര കൊറിയ ഇപ്പോഴും വളരെ പിന്നിലാണെന്ന് രാജ്യാന്തര നിരീക്ഷകർ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ചൈന ഇതിനെപ്പറ്റി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഉത്തര കൊറിയയുമായി അടുത്ത ബന്ധം പുലർത്തുന്ന ചൈന, കിമ്മിന്റെ അഭ്യുദയകാംക്ഷിയായാണ് അറിയപ്പെടുന്നത്.

ഏകാധിപതിയുടെ ഹൃദയം ഞെരിച്ചത് മദ്യം, പുകവലി, ഭക്ഷണാസക്തി...?

kim-n-korea
കിം ജോങ് ഉൻ

ഉത്തര കൊറിയൻ ഏകാധിപതിയുടെ വിചിത്രമായ ഭക്ഷണശീലങ്ങളെയും കൊതികളെയും പറ്റി നിറംപിടിപ്പിച്ച കഥകൾ ധാരാളമാണ്. അത്തരം ശീലങ്ങളാണ് കിമ്മിനു വിനയായതെന്നാണ് കരുതപ്പെടുന്നതും. മദ്യത്തോടും സിഗരറ്റിനോടുമുള്ള കിമ്മിന്റെ പ്രിയം പ്രസിദ്ധമാണ്. അമിതമായ അളവിൽ ചീസ് കഴിക്കുന്ന ശീലവുമുണ്ടായിരുന്നു. പലവട്ടം ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും മുഖവിലയ്ക്കെടുക്കാൻ പോലും കിം തയാറായിരുന്നില്ല.

എന്നും രാത്രി ഡിന്നറിനൊപ്പം ഒരു കോപ്പ ബെയർ ഫൂട്ട് വൈൻ കഴിക്കുമായിരുന്നു. ഏകദേശം 230 കോടി രൂപ ഒരു വർഷം മദ്യപാനത്തിനായി കിം ചെലവഴിച്ചിരുന്നതായാണ് കണക്കുകൾ. വിലയേറിയ വിദേശമദ്യം പല രാജ്യങ്ങളിൽ നിന്നും കിമ്മിനായി ഉത്തര കൊറിയ ഇറക്കുമതി ചെയ്തിരുന്നു. വിലകൂടിയ ഹെന്നസ്സി ഫ്രഞ്ച് കോണ്യാക്ക് എന്ന വിദേശമദ്യമായിരുന്നു ഈ കൂട്ടത്തിൽ കിമ്മിന് ഏറ്റവും പ്രിയപ്പെട്ടത്.

റഷ്യൻ വോഡ്കയോട് വല്ലാത്ത ഭ്രമമായിരുന്നു കിമ്മിനെന്നും പറയപ്പെടുന്നു. നെതർലൻഡ്സിലെ റോട്ടര്‍ഡാം തുറമുഖത്തുനിന്ന് 90,000 കുപ്പി റഷ്യൻ വോഡ്ക 2019 ൽ അധികൃതർ പിടികൂടിയിരുന്നു. കിമ്മിനായി പ്രത്യേകം തയാറാക്കിയ മദ്യമാണ് അതെന്നും പ്യോങ്യാങ്ങിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ചതാണെന്നും ഡച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഷാംപെയ്ൻ, ബ്രസിലീയൻ കാപ്പി തുടങ്ങിയവയും വൻതോതിൽ കിം ഉപയോഗിച്ചിരുന്നു. 715,000 പൗണ്ടാണ് ബ്രസിലീയൻ കാപ്പി വാങ്ങുന്നതിനു മാത്രമായി വർഷം തോറും കിം ചെലവഴിച്ചിരുന്നത്. പ്രോസസ് ചെയ്ത മീൻവിഭവങ്ങൾ, അമിത അളവിലുള്ള മാംസോത്പന്നങ്ങൾ, ഫാസ്റ്റ് ഫുഡ് തുടങ്ങി സോഡിയത്തിന്റെ അംശം ഏറെയുളള ഭക്ഷണക്രമമായിരുന്നു കിമ്മിന്റേതെന്ന് പറയപ്പെടുന്നു. ‌‌

kim-joun-un-with-sister
ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും ഇളയ സഹോദരി കിം യോ ജോങ്ങും (ഫയൽചിത്രം)

സ്നേക് വൈനാണ് കിമ്മിനു പ്രിയപ്പെട്ട മറ്റൊരു പാനീയമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇത് സ്ഥിരമായി സേവിച്ചാൽ അസാധാരണമാം വിധം ലൈംഗിക ശേഷി വർധിക്കുമെന്നൊരു വിശ്വാസമുണ്ട്. നെല്ലോ മറ്റു ധാന്യങ്ങളോ വാറ്റിയെടുത്ത പാനീയത്തിൽ വിഷസർപ്പങ്ങളെയിട്ടു തയാറാക്കുന്നതാണ് ഇത്. ലഹരിക്കും പരമ്പരാഗത ചൈനീസ് വൈദ്യത്തിൽ‍ മരുന്നായും ഇതുപയോഗിക്കുന്നു. മൂർഖൻ പാമ്പിൽനിന്ന് നിർമിച്ചിരുന്ന സ്നേക്ക് വൈൻ കിം സ്ഥിരമായി ഉപയോഗിച്ചിരുന്നു.

ഇതിനെല്ലാം പുറമേ കടുത്ത ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ വലച്ചിരുന്നു. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകൾക്കു വീക്കം സംഭവിച്ചതിനാൽ ആരോഗ്യപ്രശ്നം നേരിട്ടിരുന്നു. കടുത്ത പുകവലിയും പൊണ്ണത്തടിയും ജീവിതശൈലിയുമാണ് കിമ്മിനെ കുഴപ്പിച്ചതെന്നു ഡെയ്‌ലി എൻകെ പറയുന്നു. ‘കഴിഞ്ഞ ഓഗസ്റ്റ് മുതൽ അദ്ദേഹം ഹൃദയ രക്തക്കുഴലുകളുമായി ബന്ധപ്പെട്ട പ്രശ്നം നേരിടുന്നു. ഇടയ്ക്കിടെ പംക്തു പർവതം സന്ദർശിച്ചതിനു ശേഷമാണ് ആരോഗ്യം മോശമായത്’– പേരു വെളിപ്പെടുത്ത ഒരാളെ ഉദ്ധരിച്ചു ഡെയ്‌ലി എൻകെ എന്ന ദക്ഷിണ കൊറിയൻ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.

ദുരൂഹമായി തുടരുന്ന ‘ഗുരുതരനില’

kim-jong-un-north-korea
ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ

ഡെയ്‍ലി എൻകെയാണ് കിമ്മിന്റെ ആരോഗ്യാവസ്ഥയെപ്പറ്റി ആദ്യം സംശയമുന്നയിച്ചത്. ഏപ്രിൽ 12 ന് ഹൃദയ ശസ്ത്രക്രിയ്ക്കു കിം വിധേയനായെന്നും അതിനു ശേഷം ആരോഗ്യനില ഗുരുതരമായിത്തന്നെ തുടരുകയാണെന്നും സിഎൻഎൻ ഉൾപ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങൾ സംശയമുന്നയിച്ചിരുന്നു. എന്നാൽ ഈ വിവരം സ്ഥിരീകരിക്കാൻ ദക്ഷിണ കൊറിയ തയാറായില്ലെന്നത് അതിന്റെ സത്യാവസ്ഥയെപ്പറ്റി സംശയമുയർത്തി. കിമ്മിന്റെ ഗുരുതരാവസ്ഥ എന്നത് വ്യാജറിപ്പോർട്ടാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചതും വാർത്തയായിരുന്നു.

കിമ്മിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നും അധികം വൈകാതെ രാജ്യത്തെ അഭിസംബോധന ചെയ്തേക്കാമെന്നും ഡെയ്‌ലി എൻകെ പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നു. തലസ്ഥാനമായ പ്യോങ്യാങ്ങിൽ നിന്ന് 150 കിലോമീറ്റർ അകലെ ഹയാങ്സാനിലുള്ള പഞ്ചനക്ഷത്ര ആശുപത്രിയിലായിരുന്നു തകിമ്മിന്റെ ശസ്ത്രക്രിയയെന്നാണ് ഡെയ്‌ലി എൻകെ പറയുന്നത്. ഇത് കിമ്മിനും കുടുംബാംഗങ്ങൾക്കും മാത്രമായുള്ള ആശുപത്രിയാണത്രേ. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകൾക്കു വീക്കം സംഭവിച്ചതിനാൽ ആരോഗ്യപ്രശ്നം നേരിട്ടിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം മൗണ്ട് കുംഗാങ്ങിലെ വില്ലയിലാണു കിം കഴിയുന്നത്. ഇവിടെയാണു ബാക്കി ചികിത്സ.

ചൈനീസ് സംഘത്തിന്റെ ഉത്തര കൊറിയൻ യാത്ര കിമ്മിന്റെ ആരോഗ്യസ്ഥിതി സാധാരണനിലയിലല്ല എന്നതിനു തെളിവാണെന്നു രാഷ്ട്രീയനിരീക്ഷകർ കരുതുന്നു. അതേസമയം, ഗുരുതരാവസ്ഥ, മസ്തിഷ്ക മരണം മുതലായ വാർത്തകൾ സ്ഥിരീകരിക്കാനാവില്ലെന്നും.

kim-jong-un-paektu
കിം ജോങ് ഉൻ വിശുദ്ധ പർവതമായ പക്‌തുവിൽ

എന്നാൽ ചില യുഎസ് മാധ്യമങ്ങൾ പറയുന്നത് പ്യോങ്യാങ് പ്രവിശ്യയിൽ കോവിഡ് െപാട്ടിപ്പുറപ്പെട്ടതോടെ ജീവൻ രക്ഷിക്കാൻ കിം ജോങ് ഉൻ നെട്ടോട്ടമോടുകയാണെന്നാണ്. ഉത്തര കൊറിയയിൽ നിലവിൽ ഒരു കോവിഡ് കേസ് പോലുമില്ലെന്നാണു കിം ജോങ് ഉന്നിന്റെ അവകാശവാദം. 

Kim Jong Un
കിം ജോങ് ഉന്നും പത്നിയും ഉത്തര കൊറിയൻ സേനാ ഉദ്യോഗസ്ഥരും ശ്വേതാശ്വത്തിൽ വിശുദ്ധ പർവതമായ പക്‌തുവിൽ എത്തിയപ്പോൾ.

ഉത്തരകൊറിയയിലെ ജനങ്ങൾ അസാധാരണമാം വിധം ഭക്ഷണ സാധനങ്ങൾ സ്വരൂപിക്കുന്നതും പച്ചക്കറികൾക്കും പഴങ്ങൾക്കും വലിയക്ഷാമം നേരിടുന്നതും രാജ്യത്ത് കോവിഡ് പിടിമുറുക്കിയെന്നതിന്റെ സൂചനയാണെന്നും ചില യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ മറ്റുരാജ്യങ്ങളിൽ കോവിഡ് പടർന്നു പിടിക്കുമ്പോൾ ആ പരിഭ്രാന്തി ഉത്തര കൊറിയയിലും പ്രതിഫലിക്കുന്നത് സ്വഭാവികം മാത്രമാണെന്നും അതിന് കിം ജോങ് ഉന്നിന്റെ ആരോഗ്യവുമായി ബന്ധമില്ലെന്നുമായിരുന്നു ഉത്തര കൊറിയയുടെ പ്രതികരണം.

English Summary: Kim Jong-un: China sends doctors to check on health – report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com