ADVERTISEMENT

സാവോ പോളോ ∙ ബ്രസീലിൽ കൊറോണ വൈറസ് വ്യാപനത്തിന് അതിവേഗമാണ്. മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും ബ്രസീൽ ചൈനയെ മറികടന്ന് കഴിഞ്ഞു. 6,412 പേർ ഇതിനകം മരിച്ചു. 92,202 പേർ രോഗബാധിതർ. ദിവസങ്ങളായി പ്രതിദിന മരണസംഖ്യ നൂറിനു മുകളിലാണ്, ആയിരത്തിലേറെ കോവിഡ് കേസുകളാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യാന്തര കണക്കുകളിൽ പത്താംസ്ഥാനമാണ് ബ്രസീലിന്. അതിനിടെ, കൊറോണ വൈറസിനെക്കാൾ അപകടകാരി തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്റ് ജെയർ ബോൾസോനാരോ ആണെന്ന് വിളിച്ചു പറഞ്ഞ് തെരുവിൽ സമരത്തിലാണ് ബ്രസീൽ ജനത.

ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാൻ ബാല്‍ക്കണികളില്‍ നിന്ന് കയ്യടിച്ചും പാത്രങ്ങളില്‍ തട്ടിയും ശബ്ദമുണ്ടാക്കാൻ ആവശ്യപ്പെട്ട പ്രസിഡന്റിനെ ജനം അനുസരിച്ചു. പക്ഷേ മുദ്രാവാക്യത്തിനു കാര്യമായ വ്യത്യാസമുണ്ട്. ‘ബോൾസോനാരോ ഔട്ട്, ഔട്ട്’ – തുടർച്ചയായി രാത്രികളിൽ ബ്രസീലുകാർ ബാൽക്കണികളിലും തെരുവീഥികളിലും പാത്രം കൊട്ടിയും കയ്യടിച്ചും ബോൾസോനാരോയ്ക്കെതിരെ പ്രതിഷേധിച്ചു കൊണ്ടിരിക്കുന്നു. അമേരിക്കയിൽ ലോക്ഡൗൺ നടപടികൾ അവസാനിപ്പിക്കണമെന്ന പ്രചാരണങ്ങൾക്കു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ ചുക്കാൻ പിടിച്ചപ്പോൾ അരയുംതലയും മുറുക്കി സംസ്ഥാനത്തെ ഗവർണർമാർ രംഗത്തിറങ്ങിയ സമാന സാഹചര്യമാണ് ബ്രസീലിലും.

jair-bolsonaro-luiz-henrique-mandetta
ജെയർ ബോൾസോനാരോ, ലൂയിസ് ഹെന്റിക് മന്‍ഡേറ്റ

രാജ്യത്തെ കോവിഡ് പ്രതിരോധത്തിനു ചുക്കാൻ പിടിച്ചതും ജനത്തെ പ്രചോദിപ്പിച്ചതും ആത്മധൈര്യം നൽകിയതുമെല്ലാം ആരോഗ്യ മന്ത്രി ലൂയിസ് ഹെന്റിക് മന്‍ഡേറ്റയായിരുന്നു. പ്രസിഡന്റിന്റെ വാർത്താസമ്മേളനത്തേക്കാൾ ബ്രസീലുകാർ കേൾക്കാൻ ആഗ്രഹിച്ചതും മന്‍ഡേറ്റയെ. സംസ്ഥാന ഗവർണർമാർ മൻഡേറ്റ നൽകുന്ന നിർദേശങ്ങൾ നടപ്പിലാക്കുന്നു. ‘ഞാനാണു പ്രസിഡന്റ്, എന്നെക്കാൾ വലിയവരില്ല’ എന്നായിരുന്നു മന്‍ഡേറ്റയുടെ ജനപ്രീതിയെ കുറിച്ചുള്ള ചോദ്യത്തിനു ബോൾസോനാരോയുടെ മറുപടി. സ്വന്തം സർക്കാരിലെ മന്ത്രി തന്നെക്കാൾ വലുതാകുന്നുവെന്ന ചിന്ത വലുതായപ്പോൾ കഴിഞ്ഞ ദിവസം മൻഡേറ്റയെ മന്ത്രിസഭയിൽനിന്നു ബോൾസോനാരോ പുറത്താക്കി. ചാർത്തിയ കുറ്റം ലളിതം, സാമൂഹിക അകലം പാലിക്കാൻ ജനത്തെ നിർബന്ധിക്കുന്നു.

ലൂയിസ് ഹെന്റിക് മന്‍ഡേറ്റ ജനഹൃദയങ്ങൾ കീഴടക്കിയ നേതാവാണെന്നായിരുന്നു ബോൾസോനാരോയുടെ പാർട്ടിയിലെ തന്നെ പ്രമുഖ നേതാക്കളുടെ പ്രതികരണം. ജനപ്രീതി വർധിപ്പിക്കാൻ ബോൾസോനാരോയുടെ കയ്യിൽ ചില തന്ത്രങ്ങളുണ്ട്. മഹാമാരിക്കിടയിലും പ്രസിഡന്റിന്റെ അപദാനങ്ങൾ പ്രകീർത്തിക്കാനും പിന്തുണച്ച് റാലികള്‍ നടത്താനും ആരാധകവൃന്ദത്തെ രംഗത്തിറക്കുകയാണ് അതിലൊന്ന്. കൊറോണ വൈറസിനെ ചെറുക്കാൻ ചെറുവിരൽ അനക്കുന്നില്ലെങ്കിലും നിരുത്തരവാദിത്തപരമായ പ്രസ്താവനകളിലും പ്രവൃത്തികളിലും ബ്രസീലിയൻ ജനതയുടെ ശവക്കുഴി തൊണ്ടുകയാണ് പ്രസിഡന്റെന്നു രാജ്യാന്തര മാധ്യമങ്ങൾ വിമർശനം ഉയർത്തുകയും ചെയ്യുന്നു.

‘ഇതൊരു ചെറിയ പനി മാത്രമാണ്. കോവിഡ് കൊണ്ടെന്നും നിങ്ങൾ മരിക്കാൻ പോകുന്നില്ല. കടകളും സ്ഥാപനങ്ങളും അടച്ചിട്ടുള്ള കോവിഡ് പ്രതിരോധം ഗുണത്തേക്കാൾ ഏറെ ദോഷമാകും ചെയ്യുക. വീട്ടിൽ അടച്ചിട്ടിരിക്കാതെ ജനം ജോലിക്കു പോകണമെന്നാണു ഞാൻ പറയുന്നത്. ലോക്ഡൗൺ ബ്രസീൽ സമ്പദ് വ്യവസ്ഥയുടെ നടുവൊടിക്കും. കോവിഡ് വന്നാൽ സംഭവിക്കാൻ പോകുന്ന നഷ്ടം അതുമായി താരതമ്യം ചെയ്യുമ്പോൾ നിസാരമായിരിക്കും’– പലതവണ റിയോ ഡി ജനീറോയിലെ തെരുവിൽ അനുയായികളെ ഒത്തുചേർത്ത് ബോൾസോനാരോ ഈ പ്രസ്താവനകളിലൂടെ കയ്യടി വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബോൾസോനാരോ നടത്തിയ പ്രസ്താവന ബ്രസീലിയൻ ജനതയ്ക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

jair-bolsonaro-michelle-bolsonaro
ജെയർ ബോൾസോനാരോ ഭാര്യ മിഷേൽ ബോൾസോനാരോ

24 മണിക്കൂറിനിടയിൽ 474 മരണങ്ങൾ റിപ്പോർട്ട് ചെയ്തുവല്ലോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ‘അതിനെന്താ? ഞാൻ എന്തു ചെയ്യണമെന്നാണ് നിങ്ങൾ പറയുന്നത്’ എന്നായിരുന്നു ബോൾസോനാരോയുടെ മറുപടി. ലോകത്തിലെ ഏറ്റവും അപകടകാരിയായ നേതാവെന്ന് ഈ വാർത്തയ്ക്ക് രാജ്യാന്തര മാധ്യമങ്ങൾ തലക്കെട്ടെഴുതി. എന്റെ രണ്ടാംപേരിൽ മിശിഹാ എന്നുണ്ട് എന്നുകരുതി എന്നിൽ നിന്ന് അദ്ഭുതങ്ങൾ പ്രതിക്ഷിക്കേണ്ടെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞ പ്രസിഡന്റിനോട് തൽസ്ഥാനത്തു നിന്നു മാറിനിൽക്കാൻ മാത്രം ആവശ്യപ്പെടുന്നത് ഒരു ജനതയുടെ മാന്യതയുള്ള പ്രതികരണം മാത്രമാണെന്നു രാഷ്ട്രീയ നിരിക്ഷകരും ചൂണ്ടിക്കാണിക്കുന്നു. ‘എന്തൊരു ദുരന്തം’ എന്നായിരുന്നു ബ്രസീലിലെ ഒരു പ്രമുഖപത്രത്തിന്റെ തലവാചകം തന്നെ.

ബ്രസീലിൽ മരണസംഖ്യ കുത്തനെ ഉയർന്നതോടെ ശ്‍‍മശാനങ്ങള്‍ നിറഞ്ഞു കവിയുന്ന കാഴ്ചയാണ്. ആമസോണ്‍ മഴക്കാടുകള്‍ക്ക് സമീപമുള്ള സെമിത്തേരിയില്‍ ശവപ്പെട്ടികള്‍ കൂട്ടമായി കുഴിച്ചു മൂടുന്ന ചിത്രങ്ങൾ വാർത്താ ഏജൻസികൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആശുപത്രികളില്‍ ഐസിയുകളും വെന്‍റിലേറ്ററുകളുമില്ലാത്ത അവസ്ഥ. ജനങ്ങളുടെ വികാരം മനസിലാക്കാത്ത സോഷ്യോപാത്ത് രാജ്യം ഭരിക്കുമ്പോൾ രാജ്യം ശവപ്പറമ്പാകുമെന്നാണ് ബോൾസോനാരോയ്ക്കെതിരെ ഒരു രാജ്യാന്തര മാധ്യമം ഉന്നയിച്ച വിമർശനം. ബ്രസീലിലെ 27ൽ 24 ഗവർണർമാരും പ്രസിഡന്റിനെ അനുസരിക്കില്ലെന്നു പരസ്യനിലപാട് കൂടി എടുത്തതോടെ വൻ രാഷ്ട്രീയ പ്രതിസന്ധിയും ബ്രസീലിൽ ഉടലെടുത്തിരുന്നു.

luiz-henrique-mandetta-brazil
ലൂയിസ് ഹെന്റിക് മന്‍ഡേറ്റ

രാജ്യത്തെ 21 കോടിയിലധികം വരുന്ന ജനത്തിൽ ഭൂരിഭാഗവും ആരോഗ്യ മന്ത്രി മന്‍ഡേറ്റയുടെ വാക്കുകൾ അനുസരിച്ച് വീട്ടിലിരുന്നതോടെയാണ് ബോൾസോനാരോ മന്‍ഡേറ്റയ്ക്കെതിരെ വാളോങ്ങിയത്. സംസ്ഥാനത്തെ ഭൂരിഭാഗം ഗവർണർമാരും മന്‍ഡേറ്റയ്ക്കു പിന്നിൽ അണിനിരന്നതോടെ രാഷ്ട്രീയ പകപോക്കലിന് അരങ്ങൊരുങ്ങി. മന്‍ഡേറ്റയെ പോലുള്ള നേതാക്കൾക്കെ ബ്രസീലിനെ വൻ പതനത്തിൽ നിന്നും രക്ഷിക്കാനാകുവെന്ന മുറവിളി ഉയർന്നു കഴിഞ്ഞു.

യുഎസ് സന്ദർശനത്തിന് തനിക്കൊപ്പം വന്ന സംഘത്തിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസലേഷനില്‍ പോകാന്‍ ആരോഗ്യ വിദഗ്ധർ നിർദേശിച്ചതിനു പിന്നാലെ പൊതുവേദിയിൽ എത്തി ജനത്തെ അഭിവാദ്യം ചെയ്യുകയും പറ്റുന്നത്രയും ആളുകളെ ആലിംഗനം ചെയ്തും ഹസ്തദാനം നൽകിയും ആരോഗ്യ പ്രവർത്തകരെ വെല്ലുവിളിച്ച ഒരാളിൽ നിന്ന് എന്തു നൻമയാണ് ബ്രസിലീലെ ജനം പ്രതീക്ഷിക്കേണ്ടതെന്ന ചോദ്യമാണ് രാഷ്ട്രീയ വിമർശകരിൽ നിന്ന് ഉയരുന്നത്.

jair-bolsonaro-followers
ജെയർ ബോൾസോനാരോ അനുകൂലികൾ തെരുവിൽ പ്രകടനം നടത്തുന്നു

English Summary: Jair Bolsonaro's 'So What?' Comment Sparks Fury in Brazil as Coronavirus Death Toll Surges Past 6000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com