‘കൊൽക്കത്ത വിമാനത്താവളം മുങ്ങി; ഉംപുൻ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം’
Mail This Article
കൊൽക്കത്ത ∙ വൻ ചുഴലിക്കാറ്റായ ഉംപുൻ കരയിൽ വൻനാശം വിതച്ചു. ബംഗാള്‍, ഒഡീഷ, ബംഗ്ലദേശ് എന്നിവിടങ്ങളിലായി 18 േപര്‍ മരിച്ചു. കൊൽക്കത്ത വിമാനത്താവളം ഏതാണ്ട് പൂർണമായും വെള്ളത്തിൽ മുങ്ങിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെ ഉച്ചയ്ക്ക് ബംഗാളിലെ ദിഗ ജില്ലയ്ക്കും ബംഗ്ലദേശിലെ ഹതിയ ദ്വീപിനുമിടയിലാണ് ചുഴലി ബംഗാൾ ഉൾക്കടലിൽ നിന്നു പ്രവേശിച്ചത്. പേമാരിയിലും കാറ്റിലും കനത്ത നാശനഷ്ടമുണ്ട്.
ഉംപുൻ ചുഴലിക്കാറ്റ് ബംഗാളിലും ഒഡീഷയിലും വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത് എന്നും ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം അടിയന്തരമായി സഹായങ്ങൾ ലഭ്യമാക്കണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടു. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. നിരവധി വീടുകള്‍ തകര്‍ന്നു. കൊല്‍ക്കത്ത നഗരത്തിലടക്കം വൈദ്യുതിയില്ല. മരങ്ങൾ വൻതോതിൽ കടപുഴകി വീണ് പലയിടത്തും ഗതാഗതം സ്തംഭിച്ചു. ബംഗാളിൽ ഹൗറയിലും ഹൂഗ്ലിയിലുമാണ് കനത്ത ആഘാതമുണ്ടായത്. ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽ 6.5 ലക്ഷം പേരെയും ബംഗ്ലദേശിൽ 24 ലക്ഷം പേരെയും മാറ്റിപ്പാർപ്പിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങൾ തീരപ്രദേശങ്ങളിൽ സജ്ജമാണ്. ഉംപുൻ ചുഴലിയുടെ ശക്തി കുറഞ്ഞെങ്കിലും കേരളത്തിൽ ഇന്നും പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 വരെ മഴ തുടരും. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
English Summary: Cyclone Amphan hit India and Bangladesh, Many Killed