കോവിഡ്: സ്കൂൾ അധ്യയന സമയവും സിലബസും വെട്ടിച്ചുരുക്കാൻ കേന്ദ്രം
Mail This Article
ന്യൂഡൽഹി ∙ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നതിനിടെ സ്കൂൾ സിലബസും അധ്യയന സമയവും വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. കോവിഡ് ലോക്ഡൗൺ കാരണം മാസങ്ങളോളം ക്ലാസുകൾ നിർത്തിവച്ചിരുന്നു. ഇതിനു പിന്നാലെയാണു വരുന്ന അക്കാദമിക് വർഷം (2020-21) ക്ലാസുകൾ വെട്ടിച്ചുരുക്കാനും ആലോചിക്കുന്നത്. നിലവിലെ സാഹചര്യവും രക്ഷിതാക്കളുടെയും അധ്യാപകരുടെയും അഭ്യർഥനകളും പരിഗണിച്ചാണു നീക്കമെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാൽ പറഞ്ഞു.
ഇക്കാര്യത്തിൽ അധ്യാപകരോടും വിദ്യാഭ്യാസ വിദഗ്ധരോടും കേന്ദ്രം അഭിപ്രായം തേടി. കോവിഡ് പ്രതിസന്ധി മൂലം ഇനി എപ്പോൾ സ്കൂളുകൾ തുറക്കാൻ കഴിയുമെന്ന കാര്യത്തിൽ പ്രതിസന്ധി തുടരുകയാണ്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് അധ്യയന സമയം കുറയ്ക്കുന്ന കാര്യം മാനവ വിഭവശേഷി വകുപ്പ് മന്ത്രി അറിയിച്ചത്. മന്ത്രിയുടെയും മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെയും സമൂഹമാധ്യമ അക്കൗണ്ടുകളിലേക്ക് ഇക്കാര്യത്തിൽ നിർദേശങ്ങൾ അറിയിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
വിഷയത്തിൽ സംസ്ഥാന സർക്കാരുകളുമായും വിദ്യാഭ്യാസ സെക്രട്ടറിമാരുമായും മന്ത്രാലയം ചർച്ചകൾ നടത്തിയിരുന്നു. ജൂലൈ പകുതിക്കു ശേഷമെങ്കിലും സ്കൂളുകൾ തുറക്കാൻ സാധിക്കുമെന്നാണ് ഇപ്പോൾ കരുതുന്നത്. രാജ്യത്തെ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനത്തിന്റെ തോത് പല തലത്തിലാണുള്ളത്. ഇക്കാര്യം കൂടി പരിഗണിച്ചാൽ സ്കൂളുകൾ തുറക്കുന്നതു പലയിടങ്ങളിലും പിന്നെയും നീണ്ടേക്കാം. അതുകൊണ്ട് തന്നെ വിഷയത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരുകൾക്കും അവസരം നല്‍കും.
English Summary: Covid-19 disruption: Centre mulls trimming syllabus, teaching hours