ADVERTISEMENT

കൊല്ലം ∙ അഞ്ചലിൽ പാമ്പുകടിയേറ്റു മരിച്ച ഉത്രയുടെ ശരീരത്തിൽ മൂർഖന്റെ വിഷാംശവും ഉറക്കഗുളികയുടെ അമിത സാന്നിധ്യവും കണ്ടെത്തി. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഭർത്താവ് സൂരജ് മൂർഖനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന വിവരം സ്ഥിരീകരിക്കുന്നതാണ് രാസപരിശോധന ഫലം. 

രാസ പരിശോധന ഫലം സംബന്ധമായ ചില സൂചനകൾ നേരത്തേ ലഭിച്ചെങ്കിലും റിപ്പോർട്ട് ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. ഉത്രയെ മൂർഖനെ കൊണ്ട് കടിപ്പിക്കും മുൻപ് പാരസെറ്റാമോൾ ഗുളികകളും അലർജിയ്ക്ക് ഉപയോഗിക്കുന്ന സെട്രിസിൻ ഗുളികകളും അമിത അളവിൽ പഴച്ചാറിൽ കലർത്തി നൽകിയതായി സൂരജ് മൊഴി നൽകിയിരുന്നു. 

ഇവ നൽകി അബോധാവസ്ഥയിലായ ശേഷമാണ് സൂരജ് കുപ്പിയിൽ കരുതിയിരുന്ന മൂർഖൻപാമ്പിനെ ഉത്രയുടെ കാലിലേക്ക് കടത്തി വിട്ടത്. പാമ്പ് കടിയേറ്റ ശേഷവും ഉത്രയ്ക്ക് പ്രതികരണം ഉണ്ടായില്ല. ഫോറൻസിക് പരിശോധന ഫലം ഒഴികെയുള്ളവ പൊലീസിന് ലഭിച്ചു കഴിഞ്ഞു. ലഭിച്ച എല്ലാ ഫലങ്ങളും പ്രൊസിക്യൂഷന് അനുകൂലമാണ്. ഉത്രയെ കൊന്നത് താനാണെന്ന് സൂരജ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്കു മുന്നില്‍ ഏറ്റുപറഞ്ഞിരുന്നു. എന്നാല്‍ കുടുംബാംഗങ്ങളെ രക്ഷിക്കാനാണു സൂരജിന്റെ ശ്രമമെന്നാണ് ഉത്രയുടെ ബന്ധുക്കള്‍ പറഞ്ഞത്.

പാമ്പുപിടിത്തക്കാരൻ ചാവരുകാവ് സുരേഷിന്റെ കുറ്റസമ്മതമൊഴി കോടതി രേഖപ്പെടുത്തി. കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുൻപാകെയാണ് മൊഴി നൽകിയത്.കേസിൽ മാപ്പുസാക്ഷിയാക്കണമെന്ന് സുരേഷ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അപേക്ഷ പരിഗണിച്ച കോടതി മൊഴി രേഖപ്പെടുത്താൻ അനുമതി നൽകി. മൊഴിപ്പകർപ്പ് പൊലീസിന് കൈമാറും. പൊലീസ് അനുമതി നൽകിയാൽ സുരേഷിനെ മാപ്പുസാക്ഷിയായി കോടതി പ്രഖ്യാപിക്കും. 

English Summary : Uthra Murder Case updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com