‘ഒറ്റ സെക്കൻഡ്; പൊളിഞ്ഞ കാറുകൾ കൂട്ടിയിട്ട വലിയ മല പോലെ കൺമുന്നിൽ വിമാനക്കൂന’
Mail This Article
കോഴിക്കോട് ∙ ‘ഒരു സെക്കൻഡ് കൊണ്ട് എല്ലാം സംഭവിച്ചു. കണ്ണുതുറന്നു നോക്കുമ്പോൾ മുന്നിൽ തകർന്നു തരിപ്പണമായ വിമാന അവശിഷ്ടങ്ങളുടെ കൂന’- കരിപ്പൂരിൽ വിമാനാപകടത്തിൽ പരുക്കേറ്റ് ബേബി മെമ്മോറിയൽ ആശുപത്രിയിൽ കഴിയുന്ന മാലാപറമ്പ് റഹബോത്ത് കമലാപറമ്പിൽ വിജയമോഹന്റെ വാക്കുകളാണിത്. തൊട്ടടുത്ത സീറ്റിൽ ഭാര്യ ജമീമയുണ്ടായിരുന്നു. അപകടത്തിനു ശേഷം ഇതുവരെയും കണ്ടില്ല. ഐസിയുവിൽ ആയിരുന്നു, മുഖത്ത് ചെറിയൊരു പരുക്കുള്ളതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ് അറിഞ്ഞതെന്നും അദ്ദേഹം മനോരമ ഓൺലൈനോടു പറഞ്ഞു.
‘വിമാനം ലാൻഡ് ചെയ്യാൻ ഒരുങ്ങുമ്പോൾ ചെറിയൊരു മയക്കത്തിലായിരുന്നു. നല്ല മഴയുണ്ടെന്നും ലാൻഡിങ്ങിന് എന്തോ പ്രശ്നമുണ്ടെന്നും മനസ്സിലായി. ഒരു തവണ വിമാനം താഴ്ന്നുപറന്ന് പിന്നെ ഉയർന്നതും ഓർക്കുന്നു. പിന്നെ ഭൂമിയിൽ തൊട്ടപ്പോൾ ആ ഇളക്കത്തിലാണ് ഉണരുന്നത്. ആ ഒരു സെക്കൻഡിനു ശേഷം സംഭവിച്ചതിനെപ്പറ്റി ഒന്നും ഓർമയില്ല.
ഒരു നിമിഷം, തകർന്നു പൊളിഞ്ഞ കുറെ കാറുകൾ കൂട്ടിയിട്ട വലിയ മലപോലെ തകർന്ന വിമാനത്തിന്റെ കൂന കൺമുന്നിൽ. സീറ്റ് ബെൽറ്റ് ഊരാൻ ശ്രമിച്ചതും എന്താണു വാതിൽ തുറക്കാത്തതെന്ന് അടുത്തുള്ളവരോടും ചോദിച്ചതും ഓർമയുണ്ട്. പിന്നെ ആശുപത്രിയിൽ എത്തിയപ്പോഴാണു കണ്ണു തുറന്നത്. ഭാര്യയെ അന്വേഷിച്ചെങ്കിലും കണ്ടില്ല.’– വിമാന ദുരന്തത്തെ വിജയമോഹൻ ഓർത്തെടുത്തതിങ്ങനെ.
കഴിഞ്ഞ ഡിസംബറിലാണു ദുബായിലുള്ള മകന്റെ അടുത്തേയ്ക്കു പോയത്. ആദ്യം ഒരാഴ്ച എന്നാണു പ്ലാൻ ചെയ്തതെങ്കിലും നീണ്ടുപോയി. അപ്പോഴേക്കും കോവിഡ് വന്നു. വിമാനം മുടങ്ങിയതോടെ വരവ് നടന്നില്ല. എയർ ഇന്ത്യ എക്സ്പ്രസിൽ അഞ്ചാം തീയതി വരാനാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. വിമാനം ക്യാൻസൽ ചെയ്തു. പിന്നെ ടിക്കറ്റ് മാറ്റി ഏഴാം തീയതിയിലേക്ക് എടുക്കുകയായിരുന്നു.
ഇത്ര വലിയൊരു അപകടത്തിലേക്കാണു ടിക്കറ്റെടുക്കുന്നതെന്നു കരുതിയില്ല. കാര്യമായ പരുക്കില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അപകട സമയത്ത് ഇടിച്ചതിനാൽ നെഞ്ചിൽ വേദനയുണ്ട്. സ്കാൻ ചെയ്തപ്പോഴും കുഴപ്പമില്ല. ഒരു ദിവസം കൂടി നിരീക്ഷണത്തിൽ കിടത്തിയ ശേഷം നാളെ വീട്ടിലേക്കു പോകാമെന്നാണു പറഞ്ഞിട്ടുള്ളത്. വീട്ടിൽ ക്വാറന്റീനിൽ കഴിയാനുള്ള സംവിധാനങ്ങൾ മകൻ ഒരുക്കിയിരുന്നതാണെന്നും വിജയമോഹൻ പറഞ്ഞു.
English Summary: A passenger remembered Karipur plane crash