ADVERTISEMENT

കോഴിക്കോട്∙ കരിപ്പൂരിലെ വിമാന അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പുരോഗതി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി വിലയിരുത്തി. അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തുമെന്നും ഊഹാപോഹങ്ങളും ഉത്തരവാദിത്തമില്ലാത്ത വിലയിരുത്തലുകളും ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറിൽ നിന്നും കോക്പിറ്റ് വോയ്സ് റെക്കോർഡറിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ നിർണായകമാകും.

അപകടം സാങ്കേതിക തകരാറു മൂലമുണ്ടായതല്ലെന്നാണ് സൂചന. ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറും കോക്പിറ്റ് വോയ്സ് റെക്കോർഡറും ഡൽഹിയിൽ പരിശോധിക്കും. പൈലറ്റുമാർ തമ്മിലെ ആശയവിനിമയത്തിന്റെ വിശദാംശങ്ങൾ നിർണായകമാണ്. ദുരന്തസ്ഥലം സന്ദർശിച്ചശേഷം വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി രാത്രി ഉന്നതതല യോഗം വിളിച്ചു.

വ്യോമയാന സെക്രട്ടറി, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ, എയർ ഇന്ത്യ ഡിജി, എയർ ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. അപകടവുമായി ബന്ധപ്പെട്ട എല്ലാവശവും അന്വേഷിക്കും. കണ്ടെത്തലുകൾ പരസ്യപ്പെടുത്തും. അപകടത്തിൽപ്പെട്ടത് വലിയ വിമാനമല്ലെന്നും വ്യോമയാനമന്ത്രി പറഞ്ഞു. കരിപ്പൂരിൽ ആകെ എത്തുന്ന വിമാനങ്ങളിൽ 4 ശതമാനം മാത്രമേ വലിയവയുള്ളൂ.

വലിയ വിമാനങ്ങൾ സർവീസ് നടത്താൻ പ്രത്യേക മാർഗരേഖ ഡിജിസിഎ നൽകിയിട്ടുണ്ട്. അപകടം വരുത്തിവച്ചതാണോയെന്ന ശശി തരൂർ എംപിയുടെ പ്രസ്താവനയ്ക്ക് വാസ്തവമറിയാതെയാണ് ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്ന് വ്യോമയാന മന്ത്രി മറുപടി നൽകി. മാധ്യമ വാർത്തകളിൽ ഇടം കിട്ടാൻ ശ്രമിക്കാതെ അന്വേഷണം പൂർത്തിയാകും വരെ കാത്തിരിക്കണമെന്നും തരൂർ ഉൾപ്പെടെ ഉന്നയിച്ച വിമർശനങ്ങൾക്ക് വ്യോമയാനമന്ത്രി തിരിച്ചടിച്ചു.

English Summary: Karipur plane crash investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com