ADVERTISEMENT

ന്യൂഡൽഹി ∙ കരിപ്പൂരിലുണ്ടായ എയർഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തെക്കുറിച്ച് ഔപചാരിക അന്വേഷണത്തിനു തെളിവുകൾ ശേഖരിക്കുകയാണെന്നും ഇപ്പോൾ പ്രാഥമിക വിലയിരുത്തൽ നടത്തുന്നത് അനവസരത്തിലാകുമെന്നും എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) മേധാവി അരബിന്ദോ ഹണ്ട. 190 പേരുമായി ദുബായിൽ നിന്നെത്തിയ ബോയിങ് 737 വിമാനം അപകടത്തിൽപ്പെട്ട് രണ്ടു പൈലറ്റുമാർ ഉൾപ്പെടെ 18 പേരാണു മരിച്ചത്.

‘അപകടങ്ങളും സംഭവങ്ങളും തടയുക എന്ന ലക്ഷ്യത്തിലാണ് അന്വേഷണം. അതിനാൽ, ഇതിനു കാരണമായ എല്ലാ ഘടകങ്ങളെയും കുറിച്ച് സമഗ്രവും ആഴത്തിലുള്ളതുമായ അന്വേഷണം നടത്തും. കരിപ്പൂരിലെ വിമാനാപകടത്തെക്കുറിച്ച് പ്രാഥമിക വിലയിരുത്തൽ ഇപ്പോൾ നടത്തിയാൽ അത് അനവസരത്തിലായിപ്പോകും. സർക്കാരിനു പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള തെളിവുകളുടെ ശേഖരണം പുരോഗമിക്കുകയാണ്.’– പിടിഐയുമായുള്ള ഇ-മെയിൽ അഭിമുഖത്തിൽ എഎഐബി ഡയറക്ടർ ജനറർ അരബിന്ദോ ഹണ്ട പറഞ്ഞു.

വിമാനത്തിന്റെ ഡിജിറ്റൽ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറും (ഡിഎഫ്ഡിആർ), കോക്പിറ്റ് വോയ്‌സ് റെക്കോർഡറും (സിവിആർ) കണ്ടെടുത്തിരുന്നു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) പ്രവർത്തിപ്പിക്കുന്ന കോഴിക്കോട് വിമാനത്താവളത്തിൽ ടേബിൾ ടോപ്പ് റൺവേയാണ്. പൈലറ്റുമാരുടെയോ എയർ ട്രാഫിക് കൺട്രോളറുകളുടെയോ (എടിസി) പരാജയത്തിന്റെ സൂചനകളുണ്ടോയെന്ന ചോദ്യത്തിന്, അതും അന്വേഷണത്തിന്റെ ഭാഗമാണെന്നും ഇപ്പോൾ അഭിപ്രായം പറയുന്നത് അനുചിതവും നിരുത്തരവാദപരവും ആകുമെന്നും ഹണ്ട പ്രതികരിച്ചു.

English Summary: "Premature To Make Initial Assessment Of Kerala Crash": Aviation Probe Body

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com