'എന്നെ ഞെട്ടിച്ച് സാര് വീട്ടിലെത്തി; കണ്ണു നിറഞ്ഞു, മനസിലെ വിഗ്രഹമാണ് അലക്സ് സാര്'
Mail This Article
ഇന്ന് ലോക അധ്യാപക ദിനം, നടൻ ധർമജൻ ബോൾഗാട്ടി പ്രിയ അധ്യാപകനെ ഒാർമിക്കുന്നു
എന്റെ നാട്ടിലെ പ്രശ്സതമായ ട്യൂഷൻ സെന്ററാണ് റോയൽ അക്കാദമി. അതിന്റെ അമരക്കാരനാണു അലക്സ് സാർ. എന്റെ പ്രിയപ്പെട്ട അധ്യാപകൻ. മൂലമ്പിളളി ദ്വീപിൽനിന്നു ബോട്ടിലാണു ഞങ്ങളുടെ ദ്വീപിലേക്ക് സാറിന്റെ വരവ്. പൊക്കം കുറഞ്ഞു കുറച്ചു തടിച്ചു ഇരുനിറവും കട്ടി മീശയുമാണു സാറിന്. കണക്കാണ് വിഷയം. അതിൽ അദ്ദേഹം അഗ്രഗണ്യനാണ്. പഠിപ്പിക്കാൻ ടെക്സ്റ്റ് ബുക്കുമായി വരുന്ന പതിവില്ല. സാറിന് എല്ലാ ക്ലാസിലേയും കണക്ക് പുസ്തകങ്ങളിലെ എല്ലാ പേജുകളും കണക്കുകളും കാണാപാഠമാണ്. ക്ലാസ് തുടങ്ങിയാൽ സൂചി വീണാൽ അറിയില്ല.
ക്ലാസിൽ തിരിഞ്ഞുനിന്നു സാർ ബോർഡിൽ കണക്കെഴുതുന്ന സമയത്ത് ആരെങ്കിലും അടക്കിപിടിച്ചു സംസാരിച്ചാൽ എഴുതി കൊണ്ടിരിക്കുന്ന ചോക്കിന്റെ പകുതി ഒടിച്ചു തിരിഞ്ഞു നോക്കാതെ പുറകിലേക്ക് എറിയും. അത് കൃത്യം സംസാരിച്ചവനിട്ടു തന്നെ കൊളളും. സാർ തിരിയുമ്പോഴേക്കും അടി വാങ്ങാൻ റെഡിയായി അവൻ എഴുന്നേറ്റ് നിന്നിട്ടുണ്ടായിരിക്കും. പ്രത്യേക തരം തളർത്തിയിട്ടുളള അടിയാണ്. പ്രാണൻ പോകും. പിന്നെ സാറിന്റെ ഒരു പിച്ചലുണ്ട്. നമ്മുടെ കൈ ഗിറ്റാർ പോലെ നീട്ടി പിടിക്കും. കൈ തണ്ടയിൽ ഒരിടത്തും മുകളിലെ മസിലിലുമായാണു പിടുത്തം. തിരുമ്മി കഴിഞ്ഞാൽ രണ്ടിടത്തേയും തൊലി പോയിരിക്കും. അക്കാലത്ത് അങ്ങനെ കൈയിൽ തൊലി പോകാത്ത കുട്ടികൾ ആ നാട്ടിൽ കുറവായിരുന്നു.
എനിക്ക് കണക്ക് എന്നും ബാലികേറാമലയായിരുന്നു. അതു കൊണ്ടു തന്നെ ഞാൻ സാറിന്റെ കണ്ണിലുണ്ണിയായിരുന്നു. രാവിലെ ആറരയ്ക്കുളള ബാച്ചിലായിരുന്നു ഞാൻ. രാവിലെ ഞെട്ടിയെഴുന്നേറ്റ് ട്യൂഷനുളള ബുക്കുമെടുത്തു ഇടയ്ക്ക് ഇടയ്ക്ക് ചെയിൻ പോകുന്ന ഒരു സൈക്കിളിൽ നാലഞ്ച് കിലോമീറ്റർ ചവുട്ടിയിലാണ് പൊന്നാരിമംഗലത്തെ ട്യൂഷൻ ക്ലാസിൽ എത്തുന്നത്. അപ്പോഴേക്കും വൈകി ചെന്നതിന് ആദ്യ പീരിഡ് എടുക്കുന്ന പീറ്റർ മാഷ് എന്നെ പുറത്തു നിർത്തും. രണ്ടാമത്തെ പീരിഡാണ് അലക്സ് സാറിന്റേത്. കാരണം അദ്ദേഹം മൂലമ്പിളളിയിൽ നിന്നു ബോട്ടിലെത്തണം. ക്ലാസിനു പുറത്തു ചാരി നിൽക്കുമ്പോൾ പുഴയിലൂടെ ബോട്ട് വരുന്ന ശബ്ദം കേൾക്കാം പലപ്പോഴും ആ ബോട്ട് മുങ്ങി പോകണേ എന്നു ഞാൻ പ്രാർഥിച്ചിട്ടുണ്ട്. സാർ ജെട്ടിയിൽ ഇറങ്ങി ക്ലാസിലേക്ക് വരുമ്പോൾ നമ്മൾ ഒന്നു തയാറായി നിന്നാൽ മതി. എനിക്കുളളത് സാർ കൃത്യമായി തരും. പഠിക്കാത്തതിന് ഒരടിയാണെങ്കിൽ പഠിക്കാൻ ചെല്ലാതിരുന്നാൽ അടി കൂടുതലാണ്. എവിടെ തെണ്ടാൻ പോയന്നേ ചോദിക്കൂ.
ഒരു ദിവസം ഞാൻ ട്യൂഷനു പോകാതെ പുഴക്കടവിലിരുന്നു ചൂണ്ടയിടുന്നതു സാറ് കണ്ടു. പിറ്റേ ദിവസം ക്ലാസിൽ ഡെസ്കിന്റെ മുകളിൽ കുന്തൻ കാലിലിൽ പുഴക്കടവാരത്തു ഞാൻ ഇരുന്നതു പോലെ ചൂരലും പിടിപ്പിച്ചു എന്നെ ഇരുത്തി. ക്ലാസ് തീരുന്നതു വരെ എന്നെ സാർ ചൂണ്ടയിടീച്ചു.
എനിക്കന്നേ സാർ ഒരു അദ്ഭുതമായിരുന്നു. സാറിനേ പോലെ തന്നെയല്ലേ ഞാനും. സാറിന്റെ തലയിൽ ഇത്രമാത്രം കണക്ക് എങ്ങനെ കയറിക്കൂടിയെന്നുളളതായിരുന്നു എന്റെ ചിന്ത. ഒാരോ കുട്ടികളും പഠനകാലം കഴിയുമ്പോളാണു അധ്യാപകരുടെ മഹത്വം മനസിലാക്കുന്നത്. ഞങ്ങളുടെ നാടിന് സാറിനോടുളള സ്നേഹത്തിനും ആദരവിനും ഇന്നും കുറവും വന്നിട്ടില്ല. അവസാനം സ്കൂൾ, കോളജ് പഠനം കഴിഞ്ഞു ഞാൻ മിമിക്രിയിലൂടെ ടിവിയിലെത്തി. എന്നെ കാണുമ്പോൾ സാർ, ടിവിയിലെ പ്രകടനത്തെ കുറിച്ചും പോരായ്മകളെ കുറിച്ചും പറയുമായിരുന്നു. പിന്നെ ഞാൻ സിനിമയിലായി, നല്ല വേഷങ്ങൾ ചെയ്തു തുടങ്ങിയപ്പോൾ എന്നെ ഞെട്ടിച്ചു കൊണ്ടു ഒരു ദിവസം സാർ മകനെ കൂട്ടി എന്നെ കാണാൻ വീട്ടിൽ വന്നു. കൂടെ സെൽഫിയെടുത്തു. എന്നെ കെട്ടിപ്പിടിച്ചു അനുഗ്രഹിച്ചു. എന്റെ കണ്ണു നിറഞ്ഞു പോയി. മരണം വരെ എന്റെയുളളിലെ വിഗ്രഹമാണ് അലക്സ് സാർ, സാറിന് ഒരുപാട് ആയുസ് ദൈവം കൊടുക്കട്ടേ.
English Summary: Actor Dharmajan Bolgatty remembers his favourite teacher