ADVERTISEMENT

കൊല്ലം ∙ പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെതിരെ കുരുക്കു മുറുക്കി പൊലീസ്. പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ ലക്ഷ്മിയുമായി റംസി നല്ല അടുപ്പത്തിലായിരുന്നു. ഇവർ സമൂഹമാധ്യമത്തിൽ ഒന്നിച്ച് ടിക്ടോക് ചെയ്തിട്ടുണ്ട്.

ഇവർ തമ്മിലുള്ള സംഭാഷണവും സന്ദേശം കൈമാറലും കേസന്വേഷണത്തിനു നിർണായകമാകുമെന്ന് പൊലീസ് അറിയിച്ചു. നടിയും കേസിൽ ആരോപണ വിധേയരായവരും ഒളിവിൽ പോയതായും ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. കേസിൽ രണ്ട് ദിവസത്തിനുള്ളിൽ നടി ഉൾപ്പെടെയുള്ളവരെ പ്രതി ചേർക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. 

മൂന്നു മാസം റംസി ഗർഭിണിയായിരിക്കേ നിർബന്ധിത ഗർഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ അന്വേഷണം ഉണ്ടായേക്കും. ലക്ഷ്മിയെയും ഭര്‍ത്താവിനെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണും പൊലീസിന്റെ കസ്റ്റഡിയിലാണ്. ഹാരീസിന്റെ അമ്മയെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അമ്മയുടെ ഫോണും കസ്റ്റഡിയിൽ എടുക്കും.

നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ മാത്രമാണ് അറസ്റ്റ് ചെയ്തത്. എന്നാൽ, ആത്മഹത്യ പ്രേരണ നൽകിയ കുടുംബാംഗങ്ങളെക്കുറിച്ചും ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടു വരണമെന്ന് റംസിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. 

ആത്മഹത്യാപ്രേരണ, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കൊട്ടിയം സ്വദേശിയായ റംസിയെന്ന ഇരുപത്തിനാലുകാരി കഴിഞ്ഞ വ്യാഴാഴ്ചയാണ് തൂങ്ങിമരിച്ചത്. ഹാരീസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴി‍ഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരീസ് പെണ്‍കുട്ടിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണു പരാതി ഉയർന്നത്.

English Summary: Kottiyam suicide case: serial actress is absconding, says police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com