ADVERTISEMENT

ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിൽ അതിർത്തിയിലെ സംഘർഷാവസ്ഥയിൽ അയവു വരുത്താൻ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന സൈനിക, നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ചൈനയ്ക്ക് ഇന്ത്യയുടെ അന്ത്യശാസനം. യഥാർഥ നിയന്ത്രണ രേഖ (എൽഎസി) മാനിക്കാൻ ഇനിയും തയാറായില്ലെങ്കിൽ അതിർത്തിയിൽ നേർക്കുനേർ വെടിയുതിർക്കരുതെന്ന നിർദേശത്തിൽ മാറ്റം വരുത്തുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി.

സേനാംഗങ്ങളുടെ മരണത്തിനിടയാക്കിയ സംഘട്ടനങ്ങൾക്കുശേഷവും ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തിലാണു നിർണായക തീരുമാനം. അതിർത്തി പ്രശ്നത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ഏഴാമത് കമാൻഡർതല ചർച്ച അടുത്ത ആഴ്ച ആരംഭിക്കാനിരിക്കെയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്.

അതിർത്തിയിൽ ഒരേസമയം പലയിടങ്ങളിൽ പോർമുഖം തുറക്കാനുള്ള നീക്കമാണു ചൈനയുടേത്. അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന മുഴുവൻ പ്രദേശങ്ങളിൽനിന്നും ചൈന പിൻമാറണമെന്നാണ് ഇന്ത്യൻ നിലപാടെന്നും സൈന്യം വ്യക്തമാക്കി. കിഴക്കൻ ലഡാക്കിൽ ഗൽവാൻ, ഹോട് സ്പ്രിങ്സ്, പാംഗോങ് എന്നിവയ്ക്കു പുറമേ ഡെപ്സാങ്ങിനു സമീപവും ചൈന സൈനിക വിന്യാസം നടത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്.

ഗൽവാൻ സംഘർഷത്തിൽ അഞ്ച് ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി ചൈന സമ്മതിച്ചുവെന്ന വിവരവും പുറത്തു വന്നു. ചുസ്ഹുൽ– മോൾ‍ഡോ പ്രദേശത്ത് ഇരുരാജ്യങ്ങളും തമ്മിൽ ഈ ആഴ്ച നടന്ന സൈനിക– നയതന്ത്ര ചർച്ചയിലാണ് ചൈനയുടെ തുറന്നു പറച്ചിൽ. സമുദ്രനിരപ്പിൽനിന്ന് 15,000 അടി ഉയരത്തിലുള്ള ഗൽവാനിലുണ്ടായ സംഘർഷത്തിൽ ഒരു ചൈനീസ് കമാൻഡിങ് ഓഫിസർ മാത്രമാണു കൊല്ലപ്പെട്ടതെന്ന മുൻ നിലപാടാണ് ചൈന തിരുത്തിയത്.

ചൈന പറഞ്ഞതിനെക്കാൾ മൂന്ന് ഇരട്ടി സൈനികർ കൊല്ലപ്പെട്ടിരിക്കാമെന്നു ഇന്ത്യൻ സൈന്യം പ്രതികരിച്ചു. മോസ്കോയിൽ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ധാരണയിലെത്തിയ അഞ്ചിന പരിപാടിക്കു ശേഷമുള്ള ആദ്യ സേനാതല ചർച്ചയിലാണു സൈനികരുടെ മരണം സംബന്ധിച്ച വിവരങ്ങൾ ചൈന പുറത്തു വിട്ടത്.

സംഘർഷം തുടരുന്ന ഇന്ത്യ – ചൈന അതിർത്തിയിലെ മലനിരകളിൽ തന്ത്രപ്രധാനമായ 6 ഇടങ്ങളിൽ ഇന്ത്യൻ സേന ആധിപത്യമുറപ്പിച്ചതായി സൈന്യം വ്യക്തമാക്കിയിരുന്നു. ഏതു സാഹചര്യവും നേരിടാൻ ഇന്ത്യ സന്നദ്ധമാണെന്നു സേനാവൃത്തങ്ങൾ ആവർത്തിച്ചു. വ്യോമസേനയുടെ സുഖോയ് 30, മിഗ് 29 വിമാനങ്ങൾ യുദ്ധസമാന സാഹചര്യത്തിലുള്ള ആകാശപ്പറക്കൽ നടത്തുന്നുണ്ട്.

English Summary: At Talks, China Admits It Lost 5 Soldiers in Galwan Clash. Multiply it by 3, Say Govt Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com