ശ്രീലങ്കയ്ക്ക് മുൻഗണനയെന്ന് ഇന്ത്യ; 15 മില്യൻ യുഎസ് ഡോളർ സഹായവുമായി മോദി
Mail This Article
ന്യൂഡൽഹി ∙ അയൽപക്കം ആദ്യം എന്ന നയപ്രകാരം ശ്രീലങ്കയ്ക്ക് എപ്പോഴും മുൻഗണന നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്ഷെയുമായുള്ള വിർച്വൽ ഉഭയകക്ഷി സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ആയിരക്കണക്കിനു വർഷങ്ങളോളം പഴക്കമുള്ളതാണ് ഇന്ത്യ – ശ്രീലങ്ക ബന്ധമെന്നും മോദി കൂട്ടിച്ചേർത്തു.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബുദ്ധിസ്റ്റ് ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ 15 മില്യൻ യുഎസ് ഡോളറിന്റെ സഹായമാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത്. ഉത്തർപ്രദേശിലെ കുഷിനഗറിലേക്കുള്ള ഉദ്ഘാടന വിമാനത്തിൽ ശ്രീലങ്കയിൽനിന്നുള്ള ബുദ്ധ തീർഥാടകരെ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയോടു ചേർന്ന് എംടി ന്യൂ ഡയമണ്ട് എന്ന എണ്ണ ടാങ്കറിലെ തീ അണയ്ക്കാൻ ഒരുമിച്ചു പ്രവർത്തിച്ചത് ഇരു രാജ്യങ്ങൾക്കുമിടയിലെ സഹകരണാവസരം വർധിപ്പിച്ചുവെന്ന് ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രജപക്ഷെ പറഞ്ഞു. അയൽരാജ്യവുമായുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ വിർച്വൽ യോഗമായിരുന്നു. ഓഗസ്റ്റിൽ അധികാരത്തിലെത്തിയ രജപക്ഷെ ഒരു വിദേശരാജ്യത്തിന്റെ നേതാവുമായി നടത്തുന്ന ആദ്യ നയതന്ത്ര കൂടിക്കാഴ്ചയുമാണിത്.
‘ഇന്ത്യൻ സഹായത്തോടെ നിർമിക്കുന്ന ജാഫ്ന കൾച്ചറൽ സെന്ററിനെക്കുറിച്ച് രജപക്ഷെ സംസാരിച്ചു. നിർമാണം പൂർത്തിയായെന്നും മോദിയെ ഉദ്ഘാടനത്തിനു ക്ഷണിക്കുകയും ചെയ്തു. ശ്രീലങ്കയിൽ ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് എത്രയും പെട്ടെന്ന് നീക്കുമെന്നു കരുതുന്നതായും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.’ – യോഗത്തിനുശേഷം വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
English Summary: India gives priority to Lanka, PM Modi tells Rajapaksa, pledges $15 million grant for Buddhist ties