പ്രണയം, ഒളിച്ചോട്ടം, കൊടുംപക; 2 സ്ത്രീകളെ വെട്ടിക്കൊന്ന് തലയറുത്ത് പ്രദര്‍ശിപ്പിച്ചു
Mail This Article
ചെന്നൈ∙ ഒരു പ്രണയവും ഒളിച്ചോട്ടവും വിവാഹവും. അതിനെ തുടര്‍ന്ന് രണ്ടു കുടുംബങ്ങളിലായി അഞ്ചു വിലപ്പെട്ട ജീവനുകള്‍ വാശിയുടെയും വൈരാഗ്യത്തിന്റെയും വാള്‍മുനയിൽ പിടഞ്ഞുതീരുക. ക്രൈം സിനിമകളെ പോലും പുറകിലാക്കുന്ന ക്രൂരതകളാണ് തമിഴ്നാട് തിരുനല്‍വേലി ജില്ലയിലെ നങ്കുനേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു വര്‍ഷമായി തുടരുന്നത്. ഇനിയും വെട്ടിനുറുക്കി പ്രദര്‍ശനത്തിനു വച്ച മനുഷ്യ ശരീരങ്ങള്‍ കാണേണ്ടിവരുമെന്ന ഭീതിയിലാണ് നങ്കുനേരിയിലെ മുരുകള്‍കുറിച്ചി ഗ്രാമം.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് അവസാനത്തെ കൊലപാതകം അരങ്ങേറിയത്. പ്രണയവിവാഹത്തെ ചൊല്ലിയുള്ള പ്രതികാരത്തെ തുടർന്ന് തമിഴ്നാട് തിരുനെല്‍വേലി നങ്കുനേരിയില്‍ രണ്ടു സ്ത്രീകളെ വെട്ടിക്കൊന്നു തലയറുത്ത് പ്രദര്‍ശിപ്പിക്കുകയായിരുന്നു. നങ്കുനേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുരുകള്‍കുറിച്ചി ഗ്രാമത്തിലാണ് ക്രൂര െകാലപാതകം അരങ്ങേറിയത്. എ. ഷണ്‍മുഖത്തായി, എ. വാസന്തി എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ഒളിച്ചോട്ടവും വിവാഹവുമാണ് കൊലപാതക പരമ്പരകള്‍ക്കു കാരണമായിരിക്കുന്നത്. ഇതുവരെ രണ്ടു കുടുംബങ്ങളില്‍ നിന്നായി അഞ്ചുപേരെ വെട്ടിക്കൊന്നു തലയറുത്തു പ്രദര്‍ശിപ്പിച്ചു.
കൊലപാതക സീരീസുകള്‍ക്കു കാരണമായ പ്രണയവും ഒളിച്ചോട്ടവും നടന്നത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ്. ഗ്രാമത്തിലെ നമ്പിരാജന്‍ എന്ന ഇരുപത്തിനാലുകാരന്‍ വന്‍മതിയെന്ന പതിനെട്ടുകാരിയുമൊത്ത് ഒളിച്ചോടി വിവാഹം കഴിച്ചു. പ്രബലരായ തേവര്‍ വിഭാഗത്തില്‍പെട്ടവരാണ് ഇരുവരുമെങ്കിലും വന്‍മതിയുടെ കുടുംബത്തിന് ഒളിച്ചോട്ടം നാണക്കേടായി.
നമ്പിരാജനെ തീര്‍ക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നെങ്കിലും ആരും വകവച്ചിരുന്നില്ല. എന്നാല്‍ മധുവിധു തീരുന്നതിനു മുമ്പേ കഴിഞ്ഞ നവംബറില്‍ സമീപത്തെ കറുകുത്തുരാജ റയില്‍വേ ലെവല്‍ ക്രോസില്‍ തലയില്ലാത്ത നമ്പിരാജന്റെ മൃതദേഹം കണ്ടെത്തി. പൊലീസ് അന്വേഷണത്തില്‍ വന്‍മതിയുടെ സഹോദന്‍ ചെല്ലപാണ്ടിയും സുഹൃത്തുക്കളും അറസ്റ്റിലായി.
മകനെ നഷ്ടമായ അരുണാചലവും ഭാര്യ ഷണ്‍മുഖത്തായിയും വെറുതെ ഇരുന്നില്ല. വന്‍മതിയുടെ അടുത്ത ബന്ധുക്കളായ അറുമുഖം, സുരേഷ് എന്നിവരെ കഴിഞ്ഞ മാര്‍ച്ചില്‍ വെട്ടികൊലപ്പെടുത്തി. മകന്റെ തലയറുത്തെടുത്തതുപോലെ ഇരുവരുടെയും തല വെട്ടി പ്രദര്‍ശിപ്പിച്ചു. ഈ കേസില്‍ അറസ്റ്റിലായി ജയിലിലായിരുന്ന ഷണ്‍മുഖത്തായിയും മറ്റൊരു പ്രതിയും ബന്ധുവുമായ എസ്കിപാണ്ടിയും ഈയിടെയാണു ജാമ്യത്തില്‍ ഇറങ്ങിയത്. എസ്കിപാണ്ടിയെ തേടി വെള്ളിയാഴ്ച രാത്രി മുഖംമൂടിയണിഞ്ഞ പത്തുപേര്‍ വീട്ടില്‍ ഇരച്ചുകയറിയത്.
എസ്കിപാണ്ടിയെ കാണാത്ത ദേഷ്യത്തിലാണ് അമ്മ വാസന്തിയെ വെട്ടിക്കൊന്നത്. ബഹളം കേട്ടു തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഷണ്‍മുഖത്തായി ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ മുറ്റത്തു വച്ചു അക്രമികള്‍ വീഴ്ത്തി. കലിയടങ്ങാതെ തല വെട്ടിയെടുത്തു മീറ്ററുകള്‍ക്കപ്പുറത്ത് എല്ലാവരും കാണുന്നിടത്തു കൊണ്ടിട്ടു. വന്‍മതിയുടെ ബന്ധുക്കളാണ് കൊലയ്ക്കു പിന്നിലെന്നും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും തിരുനല്‍വേലി പൊലീസ് അറിയിച്ചു.
ജാമ്യം നേടിയ ഷണ്‍മുഖത്തായിയും എസ്കിപാണ്ടിയും ഗ്രാമത്തില്‍പോകുന്നത് പൊലീസ് വിലക്കിയിരുന്നു. എന്നാല്‍ ഇതു വകവയ്ക്കാതെ വീടുകളില്‍ തിരിച്ചെത്തിയതിനു തൊട്ടു പിന്നാലെയായിരുന്നു ഇരട്ട കൊലപാതകം.
English Summary: Two women brutally murdered in Tirunelveli district of Tamilnadu