ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് വ്യാപനം തടയാൻ ലോക്ഡൗൺ പരിഹാരമല്ലെന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിൽ വിലയിരുത്തൽ. കോവിഡ് പ്രതിരോധത്തിനു നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചതായി യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

വിവാഹം, മരണാനന്തര ചടങ്ങുകൾ, രാഷ്ട്രീയ പരിപാടികൾ തുടങ്ങിയവ നടക്കുമ്പോൾ നിശ്ചിത ആളുകൾ മാത്രമേ ഉണ്ടാകാവൂ. കോവിഡിനെതിരായ പ്രതിരോധത്തിൽ ഒറ്റക്കെട്ടായി നീങ്ങാൻ സർവക്ഷിയോഗം തീരുമാനിച്ചു. അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് നേരിടുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തിലെ ജാഗ്രതയ്ക്കു കുറവുണ്ടായതിന്റെ ദോഷഫലങ്ങൾ പ്രത്യക്ഷത്തിൽ കാണുന്നുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ സ്ഥിതി സങ്കീർണമാകുന്നതു തടയേണ്ടതുണ്ട്. 

ആദ്യഘട്ടത്തിൽ കോവിഡിനെ ഫലപ്രദമായി നേരിടാൻ സംസ്ഥാനത്തിനു കഴിഞ്ഞു. മേയ് പകുതിയിൽ പ്രതിദിനം 16 പേരായിരുന്നു രോഗബാധിതർ. തദ്ദേശ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിച്ചു. ജനങ്ങളും സഹകരിച്ചു. സ്വകാര്യ ആശുപത്രികളെയും കോവിഡ് പ്രതിരോധത്തിൽ പങ്കാളികളാക്കി. എന്നാൽ സെപ്റ്റംബറിൽ രോഗികളുടെ എണ്ണം വർധിച്ച്, പ്രതിദിന കേസുകൾ 7000 ആയി. സമ്പർക്കത്തിലൂടെയാണ് 96% പേർക്കും രോഗം ബാധിക്കുന്നത്. ഈ നില തുടർന്നാൽ വലിയ അപകടം ഉണ്ടാകും. എന്തുവില കൊടുത്തും രോഗത്തെ നിയന്ത്രിക്കാൻ കഴിയണം.  

നിർദേശങ്ങൾ പാലിക്കാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്കു കാരണമെന്നു മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ പാലിക്കാൻ സർക്കാർ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കും. പ്രാദേശിക തലത്തിൽ രാഷ്ട്രീയ പാർട്ടികൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെടണം. സമരങ്ങളും പ്രക്ഷോഭങ്ങളും സാധാരണമാണെങ്കിലും ആരോഗ്യപരിപാലന മാർഗനിർദേശത്തിനു വിധേയമായിരിക്കണം. സമരങ്ങളുടെ കാര്യത്തിൽ നിയന്ത്രണം വേണം. ആൾക്കൂട്ടം ഒഴിവാക്കണം. എല്ലാ രാഷ്ട്രീയകക്ഷികളോടും ഇക്കാര്യം അഭ്യര്‍ഥിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

English summary: No more Lockdown: Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com