ADVERTISEMENT

ന്യൂഡൽഹി ∙ അതിർത്തിയിൽ ചൈനയ്ക്കു വെല്ലുവിളിയാകാൻ വിന്യസിച്ചിട്ടുള്ള നിർഭയ് മിസൈലുകൾ ഔപചാരികമായി ഉടൻ ഇന്ത്യൻ സേനയുടെയും നേവിയുടെയും ഭാഗമാകും. അടുത്ത മാസം നടക്കുന്ന ഏഴാമത്തെ പരീക്ഷണത്തിനു ശേഷമാകും നിർഭയ് സബ്സോണിക് ക്രൂയിസ് മിസൈൽ സേനകളുടെ ഭാഗമാവുക. അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പരിമിതമായ എണ്ണം നിർഭയ് മിസൈലുകൾ യഥാർഥ നിയന്ത്രണ രേഖയിൽ വിന്യസിച്ചിട്ടുണ്ട്. 

1000 കിലോമീറ്റർ ദൂരപരിധിയുള്ള സോളിഡ് റോക്കറ്റ് ബൂസ്റ്റർ മിസൈലാണു നിർഭയ്. ഡിആർഡിഒ വികസിപ്പിച്ച നിർഭയ്ക്ക് ഒറ്റ ഷോട്ടിൽ 90 ശതമാനത്തിലധികം സംഹാരശേഷിയുണ്ടെന്നാണു വിലയിരുത്തൽ. 400 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിലെത്താൻ കഴിയുന്ന പരിഷ്കരിച്ച ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ പരീക്ഷിച്ചതിനു പിന്നാലെയാണു നിർഭയ് മിസൈലുകളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നത്. 

നിർഭയ് മിസൈലിനെ ഔപചാരികമായി സേനയുടെ ഭാഗമാക്കുന്നതിനു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകി. പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഈ അനുമതിക്കു കാത്തിരിക്കാതെ ചൈനയ്ക്കെതിരെ ലഡാക്ക് അതിർത്തിയിൽ തുറുപ്പുചീട്ടായി പുതിയ മിസൈൽ വിന്യസിച്ചത്. 

0.7 മാക് വേഗത്തിൽ സഞ്ചരിക്കുന്ന നിർഭയ് മിസൈലിനെ ശത്രുവിനു കണ്ടെത്താനും തടയാനും എളുപ്പമല്ല. ലഡാക്കിൽ സംഘർഷം ആരംഭിച്ചശേഷം തിബറ്റിലും സിൻജിയാങ്ങിലും ചൈനീസ് സൈന്യം 2000 കിലോമീറ്റർ ദൂരപരിധിയുള്ള ദീർഘദൂര മിസൈലുകൾ വിന്യസിച്ചിട്ടുണ്ടെന്നാണു വിവരം. ഈ പശ്ചാത്തലത്തിൽ തദ്ദേശീയ എയർഫ്രെയിമും ബൂസ്റ്ററും ഘടിപ്പിച്ച ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യ ബുധനാഴ്ച പരീക്ഷിച്ചതും പ്രധാനമാണെന്നു സൈനിക വൃത്തങ്ങൾ പറഞ്ഞു.

English Summary: India moves terrain-hugging Nirbhay missiles with 1,000-km range to defend LAC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com