ADVERTISEMENT

ചണ്ഡിഗഡ് ∙ മൂന്ന് ദോഷങ്ങളാണു മനുഷ്യ ശരീരത്തിൽ രോഗാവസ്ഥ ഉണ്ടാക്കുന്നതെന്നും സർവ രോഗങ്ങളിൽനിന്നും മുക്തി നേടാൻ പഞ്ചഗവ്യം വൻതോതിൽ ഉൽപാദിപ്പിക്കുമെന്നും ഹരിയാന ഗോ സേവാ ആയോഗ് ചെയർമാൻ ശ്രാവൺ കുമാർ ഗാർഗ്. പാല്‍, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ ചേർന്ന മിശ്രിതമാണ് രോഗികളിൽ പരീക്ഷിക്കാൻ ഒരുങ്ങുന്നത്. ഗോ സേവാ ആയോഗിന്റെ പുതിയ ചെയർമാനായി സ്ഥാനമേറ്റതിനു പിന്നാലെ മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം.

പഞ്ചഗവ്യത്തിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ടു വിദഗ്ധരായ ആയുർവേദ ഡോക്ടർമാരുടെ സംഘം രൂപീകരിക്കാനാണ് ശ്രമം. ഗോ സേവാ ആയോഗിന്റെ നിയന്ത്രണത്തിലുള്ള പശുസംരക്ഷണ കേന്ദ്രങ്ങളിൽത്തന്നെ നിർമാണ സൗകര്യം ഒരുക്കും. ദീപാവലി വേളയിൽ ചാണകം കൊണ്ടു നിർമിച്ച ചെരാതുകൾ, മറ്റ് ഉത്പന്നങ്ങൾ തുടങ്ങിയവ വിപണിയിൽ എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഗോ സേവാ ആയോഗിന്റെ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ 5 വർഷം 100 കോടിയോളം രൂപയാണ് ചെലവഴിച്ചത്. സംസ്ഥാനത്ത് അലഞ്ഞു തിരിയുന്ന പശുക്കളെ സംരക്ഷിക്കാൻ 325 തൊഴുത്തുകൾ സ്ഥാപിച്ചായിരുന്നു ഗോ സേവാ ആയോഗിന്റെ തുടക്കം. ഇപ്പോൾ അത് 650 ൽ എത്തി നിൽക്കുന്നു.

4.5 ലക്ഷം പശുക്കളെ ഗോ സേവാ ആയോഗിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലായി സംരക്ഷിക്കുന്നു. ബയോ ഗ്യാസ് പ്ലാന്റുകളും ചാണകത്തിൽനിന്ന് ഉൽപന്നങ്ങൾ നിർമിക്കാനുള്ള യൂണിറ്റുകളും ഇതിനകം ആരംഭിച്ചു. സംസ്ഥാനത്തെ തെരുവുകളിൽ ഇനിയും 55000 ത്തോളം പശുക്കൾ അലഞ്ഞു തിരിയുന്നുണ്ടെന്നാണ് കണക്ക്. ഹിന്ദു പാരമ്പര്യം അനുസരിച്ച് പശു അമ്മയാണെന്നും പശുക്കളുടെ സംരക്ഷണം ഉറപ്പു വരുത്തണമെന്നും ശ്രാവൺ കുമാർ ഗാർഗ് പറഞ്ഞു. മഹാലക്ഷ്മിയുടെ വാസസ്ഥലമാണ് ചാണകമെന്നും ഗോ സേവാ ആയോഗ് ചെയർമാൻ പറഞ്ഞു.

ഈ വർഷം ഗോ സേവാ ആയോഗ് 30 കോടി രൂപയാണ് പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നത്. തദ്ദേശീയമായി നല്ലയിനം പശുക്കുട്ടികളെ ഉൽപാദിപ്പിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ വർഷങ്ങളിൽ പ്രധാനമായും നടത്തിയിരുന്നത്. പശുക്കളെ അലഞ്ഞു തിരിയാൻ വിടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ജില്ലകൾ തോറും പശു സംരക്ഷണ സേന സമിതികൾ രൂപീകരിക്കും. നിയമ ലംഘനം ഉണ്ടായാൽ 5100 രൂപയാണ് പിഴ. അഡീഷനൽ ഡപ്യൂട്ടി കമ്മിഷണർ, സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ്, ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി അധ്യക്ഷൻ, മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാകും സമിതി രൂപീകരിക്കുക.

English Summary: Developing medicine made of cow dung, urine which can cure all diseases: Haryana Gau Seva Ayog Chairman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com