മദ്യപിക്കാനായി യുട്യൂബ് നോക്കി കള്ളനോട്ടടിച്ചു; ഓട്ടോ ഡ്രൈവര്‍മാര്‍ പിടിയിൽ
Mail This Article
ചെന്നൈ∙ മദ്യപിക്കാനായി യുട്യൂബ് നോക്കി കളളനോട്ടടിച്ച രണ്ടു പേര് തമിഴ്നാട് ഈറോഡില്‍ പിടിയില്‍. ടാസ്മാക് ബാറില്‍ മദ്യപിക്കാനെത്തിയപ്പോഴാണ് മണിക്കപാളയം സ്വദേശികളായ ഓട്ടോ ഡ്രൈവര്‍മാര്‍ പിടിയിലായത്. ഇരുപത്തിയൊന്നായിരം രൂപയുടെ വ്യാജനോട്ടുകള്‍ പിടികൂടി.
ഈറോഡ് നാസിയന്നൂര്‍ നാരായണ വളവിലുള്ള ടാസ്മാക് ഔട്ലെറ്റിനോട് ചേര്‍ന്നുള്ള കടയില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവങ്ങള്‍ക്കു തുടക്കം. മണിക്കപാളയം സ്വദേശികളായ എം. സതീഷും സദ്വന്ദറും മദ്യപിക്കാനായി കടയിലെത്തി. ജീവനക്കാരനോടു 500 രൂപ നല്കി മദ്യം വാങ്ങിവരാന്‍ നിര്‍ദേശിച്ചു. നോട്ടുവാങ്ങിയ കടയിലെ ജീവനക്കാരനു സംശയം തോന്നി മണിക്കപാളയം പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി നോട്ടുപരിശോധിച്ചു കള്ളനോട്ടാണെന്നുറപ്പായതോടെ ഇരുവരെയും കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിലാണു പണത്തിനു അത്യാവശ്യം വന്നപ്പോള്‍ സ്വന്തമായി അച്ചടിച്ചതാണെന്ന് ഇരുവരും സമ്മതിച്ചത്. യൂട്യൂബില്‍ ലഭ്യമായ നോട്ട് നിര്‍മ്മിക്കുന്നതിനുള്ള വിഡിയോകള്‍ കണ്ടായിരുന്നു നിര്‍മാണം. യഥാര്‍ഥ നോട്ടുകള്‍ സ്കാന്‍ ചെയ്തെടുത്തു തിളക്കമുള്ള എ–ഫോര്‍ പേപ്പറുകളില്‍ കളര്‍ പ്രിന്റെടുക്കുന്നതായിരുന്നു സംഘത്തിന്റെ രീതി. ഓട്ടോഡ്രൈവര്‍മാരായ ഇരുവരും കോവിഡിനെ തുടര്‍ന്ന് വരുമാനം നിലച്ചതോടെയാണ് സ്വന്തമായി നോട്ടുനിര്‍മാണം തുടങ്ങിയത്.
ഇവരുടെ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ കളര്‍ പ്രിന്റര്‍, പേപ്പറുകള്‍, ഇരുപത്തിയൊന്നായിരം രൂപയുടെ വ്യാജ നോട്ടുകള്‍ എന്നിവ കണ്ടെടുത്തു. നൂറ്, ഇരുന്നൂറ്, അഞ്ഞൂറ് നോട്ടുകളാണ് ഇവര്‍ നിര്‍മ്മിച്ചത്. കടക്കാരനു മദ്യം വാങ്ങാനായി നല്കിയ നോട്ടുകളുടെ സീരിയല്‍ നമ്പറുകളെല്ലാം ഒന്നായതാണു സംശയത്തിനിടയാക്കിയത്. ഇതുവരെ എഴുപതിനായിരം രൂപയുടെ നോട്ടുകള്‍ ഇങ്ങിനെ നിര്‍മ്മിച്ചതായി ഇരുവരും മൊഴി നല്കി. മദ്യം, ഭക്ഷണം വസ്ത്രങ്ങള്‍ തുടങ്ങി അടിച്ചുപൊളി ജീവിതത്തിനാണു കള്ളനോട്ടുനിര്‍മാണമെന്നു പൊലീസ് പറഞ്ഞു.
English Summary: Auto Drivers print fake currency at home by watching YouTube video, arrested