‘വികാരം വ്രണപ്പെട്ടു’; മെഹ്ബൂബയുടെ വാക്കിൽ പ്രതിഷേധം, പാർട്ടിവിട്ട് 3 പേർ
Mail This Article
ശ്രീനഗർ ∙ ജമ്മു കശ്മീരിലെ പിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയുടെ പരാമർശങ്ങൾ ദേശീയ വികാരം വ്രണപ്പെടുത്തി എന്നാരോപിച്ചു മൂന്നു നേതാക്കൾ പാർട്ടി വിട്ടു. ടി.എസ്.ബജ്‍വ, വേദ് മഹാജൻ, ഹുസൈൻ എ.വഫ എന്നിവരാണു മെഹ്ബൂബയ്ക്കു രാജിക്കത്ത് അയച്ചത്.
ഒരു വർഷത്തിലധികം നീണ്ട തടവിനൊടുവിൽ കഴിഞ്ഞ ദിവസം മോചിതയായ മെഹ്ബൂബ, ജമ്മു കശ്മീരിനെ പഴയ നിലയിലേക്കു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ ദേശീയ പതാക പിടിക്കുന്നതിനോ താൽപര്യമില്ല. അതിനായി രക്തം ചിന്തേണ്ടിവന്നാൽ, ആദ്യത്തെയാൾ താനായിരിക്കുമെന്നും മെഹ്ബൂബ പറഞ്ഞിരുന്നു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്നു മറുപടിയായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കശ്മീരിന്റെ പഴയ പതാക തിരികെ കൊണ്ടുവരണമെന്ന മെഹ്ബൂബയുടെ നിലപാട് പ്രത്യക്ഷമായി തന്നെ ദേശീയ പതാകയെ ആക്ഷേപിക്കുന്നതാണ്. പ്രത്യേക പദവി എടുത്തുകളഞ്ഞതു കൃത്യമായ ഭരണഘടനാ പ്രക്രിയയ്ക്കു ശേഷമാണ്. പാർലമെന്റിന്റെ രണ്ടു സഭകളും ഭൂരിപക്ഷത്തോടെ ഇത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്– കേന്ദ്രമന്ത്രി പറഞ്ഞു.
English Summary: "Hurt Sentiments": 3 Leaders Quit Mehbooba Mufti's Party Over Her Remarks