ADVERTISEMENT

പട്ന∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെ‍ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവും തമ്മിലുള്ള വാക്പോര് അവസാനിക്കുന്നില്ല. ബിഹാർ സർക്കാരിന് 30,000 കോടിയുടെ 60 അഴിമതികളിൽ പങ്കുണ്ടെന്ന് തേജസ്വി ശനിയാഴ്ച ആരോപിച്ചു. ഇതിനു തെളിവായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ ഉൾപ്പെടെയാണു തേജസ്വി ചൂണ്ടിക്കാട്ടുന്നത്.

‘ബഹുമാനപ്പെട്ട നിതീഷ് കുമാറിന്റെ കീഴിൽ 30,000 കോടി രൂപയുടെ 60ലധികം അഴിമതികൾ നടന്നിട്ടുണ്ട്. ഇതിൽ 33 എണ്ണം അഞ്ച് വർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പറഞ്ഞിട്ടുണ്ട്... നിങ്ങൾക്ക് സ്വയം കേൾക്കാം.’ മോദിയുടെ വിഡിയോ ട്വീറ്റ് ചെയ്ത് തേജസ്വി പറഞ്ഞു. 2015ലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നതാണ് വിഡിയോയിലുള്ളത്. അന്ന് മഹാസഖ്യത്തിന്റെ ഭാഗമായിട്ടാണ് നിതീഷ് കുമാറിന്റെ ജെഡിയു മത്സരിച്ചിരുന്നത്. എൻജിനീയറിങ് കോളജുകളിൽ സീറ്റ് അനുവദിക്കുന്നതിൽ തുടങ്ങി മദ്യ വിൽപനയിൽ വരെ നിതീഷ് കുമാർ അഴിമതി നടത്തിയെന്ന് ആ സമയത്ത് ബിജെപി ആരോപിച്ചിരുന്നു.

2017ലാണ് ആർജെ‍ഡിയുമായി തെറ്റിപ്പിരിഞ്ഞ് നിതീഷ് കുമാർ വീണ്ടും എൻഡിഎയിൽ എത്തുന്നത്. ഇത്തവണ ബിഹാറിലെ എൻഡിഎയുടെ രണ്ടു തിരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ‘ജംഗിൾ രാജിന്റെ യുവരാജാവ്’ ആണ് തേജസ്വി യാദവ് എന്നായിരുന്നു നരേന്ദ്ര മോദിയുടെ പ്രസ്താവന. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബിഹാറിൽ ജംഗിൾ രാജ് ആയിരുന്നെന്ന അന്നത്തെ പ്രതിപക്ഷ വിമർശനം ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ കടന്നാക്രമണം.

തേജസ്വി യാദവിന്റെ വാഗ്ദാനങ്ങൾ വ്യാജമാണെന്ന വിമർശനവുമായി നിതീഷ് കുമാറും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 10 ലക്ഷം തൊഴിൽ വാഗ്ദാനം ചെയ്തുകൊണ്ടുള്ള തേജസ്വിയുടെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങൾക്കു പിന്നാലെയായിരുന്നു നിതീഷിന്റെ പ്രസ്താവന. മൂന്നുഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 53.53% ആളുകളാണ് വോട്ട് ചെയ്തത്. നവംബർ 3, 7 തീയതികളിലാണ് അടുത്ത ഘട്ടങ്ങൾ. 10ന് ഫലം പ്രഖ്യാപിക്കും.

English Summary: Tejashwi Yadav Shares PM's Old Clip To Attack Nitish Kumar Over "Scams"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com