പുൽവാമയിൽ പ്രതിപക്ഷം രാഷ്ട്രീയം കളിച്ചു; ദുഷ്പ്രചാരണം വേദനയോടെ കേട്ടിരുന്നു: മോദി
Mail This Article
ന്യൂഡൽഹി∙ പുല്‍വാമ ഭീകരാക്രമണം ഇമ്രാന്‍ ഖാന്‍റെ ഭരണ നേട്ടമാണെന്ന പാക്കിസ്ഥാന്‍ മന്ത്രി ഫവാദ് ചൗധരിയുടെ പ്രസ്താവന പ്രതിപക്ഷത്തിനെതിരായ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യുവരിച്ചപ്പോള്‍ രാജ്യത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരാതെ പ്രതിപക്ഷം രാഷ്ട്രീയം കളിച്ചുവെന്ന് മോദി കുറ്റപ്പെടുത്തി.
പ്രതിപക്ഷം അനാവശ്യ വിവാദങ്ങളുണ്ടാക്കി. അവരുടെ ദുഷ്പ്രചാരണത്തെ ഹൃദയവേദനയോടെ താന്‍ കേട്ടിരുന്നു. ഇപ്പോള്‍ പാക്കിസ്ഥാനില്‍നിന്നുതന്നെ പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നുവെന്നും മോദി പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനമായ ദേശീയ ഏകതാ ദിവസ് ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിലെ കേവാദിയയിൽ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഏകതാ പ്രതിമയില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ച നടത്തി. ഗുജറാത്ത് പൊലീസിന്‍റെയും അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയും പരേഡ് സ്വീകരിച്ചു. പ്രധാനമന്ത്രി ഏകതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡല്‍ഹിയില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
English Summary: Pulwama terror attack truth revealed after claims in Pakistan Parliament: PM Modi