ADVERTISEMENT

രാഷ്ട്രീയത്തിലിറങ്ങുന്ന ആദ്യത്തെ ബഹിരാകാശയാത്രികനല്ല മാര്‍ക്ക് കൈല്ലി, പക്ഷേ അരിസോനയില്‍നിന്ന്‌ സെനറ്റിലേക്കുള്ള അദ്ദേഹത്തിന്‌റെ ദൗത്യം ഏറെ സവിശേഷം. ഇരട്ട സഹോദരനും ബഹിരാകാശ യാത്രികനുമായ സ്‌കോട്ട് കെല്ലിക്കൊപ്പം നിന്നാല്‍ മാര്‍ക്കിനെ കണ്ടു പിടിക്കാന്‍ അല്പം കഷ്ടപ്പെടേണ്ടി വരുമെങ്കിലും ബാലറ്റില്‍ അദ്ദേഹത്തെ തിരിച്ചറിയാന്‍ പ്രയാസമൊന്നുമില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാവ് ജോണ്‍ മകെയ്‌ന്‌റെ നിര്യാണത്തോടെ ഒഴിവു വന്ന സെനറ്റ് സീറ്റിനു വേണ്ടിയാണ് ഡമോക്രാറ്റ് സ്ഥാനാര്‍ഥിയായി കെല്ലി മത്സരിക്കുന്നത്.

നാസ മിഷന്‍ കമാന്‍ഡറായി ബഹിരാകാശത്തു പലതവണ പോയി വന്നതിന്റെ താരപ്പകിട്ടുമായി ഡമോക്രാറ്റുകാരന്‍ കെല്ലി ജയിച്ചാല്‍ കോണ്‍ഗ്രസ് ഉപരിസഭയായ സെനറ്റില്‍ ഇപ്പോഴുള്ള റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം അവസാനിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കാവുന്ന ഡമോക്രാറ്റ് വിജയവുമാകും അത്. ബഹിരാകാശത്ത് ആദ്യമായി പോയതിനു ശേഷം താന്‍ ഏറ്റെടുത്ത ഏറ്റവും സാഹസികമായ രണ്ടാം ദൗത്യമാണു സെനറ്റ് സ്ഥാനാര്‍ഥിത്വമെന്നാണു കെല്ലി പറയുന്നത്.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മില്‍ പ്രസിഡന്റ് പദവിക്കായി നടത്തുന്ന കനത്ത പോരാട്ടത്തില്‍ നിര്‍ണായക സംസ്ഥാനമായി മാറിക്കഴിഞ്ഞ അരിസോനയില്‍ സെനറ്റിലേക്കു മത്സരിക്കുന്ന ഡമോക്രാറ്റ് സ്ഥാനാര്‍ഥിയെന്ന ശ്രദ്ധയും കെല്ലിക്കു കിട്ടുന്നു. ബൈഡനും കെല്ലിയും അരിസോനയില്‍ ജയിച്ചാല്‍ പാര്‍ട്ടിക്ക് ആഘോഷം തുടങ്ങാം. പക്ഷേ, ബൈഡനു പ്രസിഡന്റാകാന്‍ കുറെയേറെ സംസ്ഥാനങ്ങളും കുറഞ്ഞത് 270 ഇലക്ടറല്‍ വോട്ടും പിടിച്ചേ തീരൂ!

ബഹിരാകാശ മിഷന്‍ കമാന്‍ഡറായിരുന്നിട്ടുള്ള കെല്ലിയോട് എതിരിടുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി എയര്‍ഫോഴ്‌സില്‍നിന്നു വിരമിച്ച മാര്‍ത്ത മക്‌സാലിയാണ്. 2018ല്‍ മകെയ്ന്‍ മരിച്ചപ്പോള്‍ അരിസോനയിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ പ്രത്യേക നിയമനം നടത്തിയാണു മക്‌സാലിയെ താല്‍കാലിക സെനറ്റര്‍ ആക്കിയത്. സത്യത്തില്‍, സെനറ്റ് സ്ഥാനാര്‍ഥിയാകാനുള്ള ഡമോക്രാറ്റ് ഉള്‍പ്പാര്‍ട്ടി മത്സരം പോലും 56 വയസ്സുള്ള കെല്ലിയുടെ കാര്യത്തില്‍ വേണ്ടി വന്നില്ല.

മക്‌സാലിയെക്കാള്‍ ശരാശരി 8 പോയിന്റിന്റെ ലീഡാണു സര്‍വേകളില്‍ കെല്ലിക്കുള്ളത്. ലാറ്റിനമേരിക്കന്‍ വംശജരുടെ ഗണ്യമായ സാന്നിധ്യമുള്ള അരിസോനയും ടെക്‌സസും പോലെ വലിയ സംസ്ഥാനങ്ങളില്‍ വംശീയാടിസ്ഥാനത്തിലുള്ള വോട്ടുപിന്തുണ വിജയത്തില്‍ സുപ്രധാനമാകുമെന്നു വാഷിങ്ടന്‍ ഡിസിയിലെ ഹോവഡ് യൂണിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് പ്രഫസറും ചെയര്‍ ഇമെരിറ്റസുമായ ഡോ. ലോറെന്‍സോ മോറിസ് വാഷിങ്ടന്‍ ഫോറിന്‍ പ്രസ് സെന്റർ ഈയിടെ സംഘടിപ്പിച്ച വെബിനാറില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാര്‍ക്ക് കെല്ലിക്ക് ലാറ്റിനോ വോട്ടുകള്‍ ഉറപ്പിക്കാനാകുമെന്നാണ് അരിസോനയിലെ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ലാറ്റിനോ വിഭാഗത്തിലെ എഴുപതിലേറെ നേതാക്കള്‍ ഡമോക്രാറ്റ് സ്ഥാനാര്‍ഥിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

റോക്കറ്റ് പോലെ കുതിച്ച് പ്രചാരണ ഫണ്ടും

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിനുള്ളില്‍തന്നെ ഒരു കോടി ഡോളര്‍ സമാഹരിച്ച് സെനറ്റ് തിരഞ്ഞെടുപ്പില്‍ വന്‍ ഫണ്ടിന്റെ പിന്‍ബലമുള്ള സ്ഥാനാര്‍ഥിയായും കെല്ലി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സെനറ്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു മാസങ്ങള്‍ക്കുളളില്‍ വമ്പന്‍ തുക സമാഹരിക്കാനായ കെല്ലിയോട് ഡമോക്രാറ്റ് പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ജോ ബൈഡന് അന്ന് കടുത്ത അസൂയ തോന്നിയിരിക്കണം. കാരണം, കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ത്തന്നെ ഒന്നരക്കോടി ഡോളര്‍ കെല്ലിയുടെ പ്രചാരണഫണ്ടില്‍ വീണു കഴിഞ്ഞിരുന്നു. അന്ന് ബൈഡനു സംഭാവന കാര്യമായൊന്നും പിരിഞ്ഞുകിട്ടി തുടങ്ങിയിട്ടുപോലുമില്ല!

Mark-kelly---twin-brother-Scott-Kelly
മാര്‍ക്ക് കെല്ലിയും സഹോദരൻ സ്‌കോട്ട് കെല്ലിയും

ഇപ്പോഴും കെല്ലിയുടെ ഫണ്ട് റെക്കോര്‍ഡ് സുദൃഢമായി തുടരുന്നു - ഏകദേശം 8 കോടി ഡോളര്‍. ഓപ്പണ്‍ സീക്രട്‌സ് ഗവേഷകസംഘം കണ്ടെത്തിയ കണക്കുകളനുസരിച്ച് ഈ ഫണ്ടില്‍ 80 ശതമാനവും അരിസോനയ്ക്കു പുറത്തുനിന്നുള്ളതാണ്. പാര്‍ട്ടി അണികളില്‍നിന്നു സംഭാവന ചോദിക്കാതെ താരതമ്യേന സ്വതന്ത്രനിലപാടും ഉറച്ചനയവും തുടര്‍ന്നാണു കെല്ലി ഈ പണമെല്ലാം പ്രചാരണഫണ്ടിലേക്കു കൊണ്ടുവന്നത്. അഭിമുഖങ്ങള്‍ക്കോ ടിവി വാര്‍ത്താ പരിപാടികളിലോ പങ്കെടുക്കാന്‍ വിമുഖതയുള്ള വ്യക്തിയാണു കെല്ലി. അതു കൊണ്ടുതന്നെ, കെല്ലിയുടെ ക്യാംപെയ്ന്‍ ടീമിനും ഗിഫഡ്‌സിന്റെ വക്താക്കള്‍ക്കും അയച്ച ഇമെയിലുകള്‍ക്ക് ഇതുവരെ മറുപടി ലഭിക്കാത്തതില്‍ എനിക്ക് തെല്ലും അത്ഭുതമില്ല.

തോക്കെടുത്തേനെ ഗാബിയുടെ ജീവന്‍

മാര്‍ക്ക് കെല്ലിയുടെ ഭാര്യ ഗാബി ഗിഫഡ്‌സ് യുഎസ് ജനപ്രതിനിധി സഭയിലെ അംഗമായിരുന്നു. 2011ല്‍ കൊലപാതകശ്രമത്തില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. തലയ്ക്കു വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ഗിഫഡ്‌സ് മെല്ലെ ജീവിതത്തിലേക്കു തിരികെ വന്നു. തോക്കുനിരോധനത്തിനായി ശബ്ദമുയര്‍ത്തുന്ന സംഘടനയെക്കുറിച്ച് അവര്‍ ആലോചിക്കാന്‍ തുടങ്ങി. അപ്പോഴേയ്ക്കും മാര്‍ക്ക് നാസയിലെ കരിയര്‍ ഉപേക്ഷിച്ച് ഭാര്യയ്‌ക്കൊപ്പം പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി. അമേരിക്കന്‍സ് ഫോര്‍ റെസ്‌പോണ്‍സിബിള്‍ സൊല്യൂഷന്‍സ് എന്നാണ് ഇരുവരും സ്ഥാപിച്ച സംഘടനയുടെ പേര്.

‘ഇരട്ട’ ദൗത്യം

സ്‌കോട്ട് സഹോദരന്മാര്‍ സര്‍വസമ ഇരട്ടകളാണെന്ന സവിശേഷത പ്രയോജനപ്പെടുത്തി നാസ നടത്തിയ വിപുലമായ പഠനഗവേഷണങ്ങള്‍ ശ്രദ്ധേയമായിരുന്നു. 2015ല്‍ രാജ്യാന്തര ബഹിരാകാശ ഗവേഷണനിലയത്തില്‍ പോയി തങ്ങിയ സ്‌കോട്ട് കെല്ലിയെയും ഭൂമിയില്‍ കഴിഞ്ഞ മാര്‍ക്ക് കെല്ലിയെയും ഒരുപോലെ നിരീക്ഷിച്ച് ദീര്‍ഘകാല ബഹിരാകാശവാസത്തിന്റെ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങള്‍ പഠിക്കാനാണു നാസ ശ്രമിച്ചത്.

കെല്ലിയുടെ പ്രചാരണ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക്- അവര്‍ സ്‌പേസ് സ്‌നേഹികളാണെങ്കിലും അല്ലെങ്കിലും- നല്ല വിരുന്നാണ്. ഭൂമിയെ വലം വയ്ക്കുന്ന രാജ്യാന്തര ബഹിരാകാശനിലയം ദൃശ്യമാകുന്നതെപ്പോഴെന്ന സമയക്രമം പങ്കുവയ്ക്കുന്ന നാസ ലിങ്ക് ഉള്‍പ്പെടെ വിനോദവും വിജ്ഞാനവും അവിടെ എപ്പോഴുമുണ്ട്. മാര്‍ക്ക് കെല്ലിയുടെ മുന്‍ഗാമികള്‍ ഒട്ടേറെപ്പേരുണ്ട്. നാസയിലെ ബഹിരാകാശ കരിയറിനു ശേഷം യുഎസ് രാഷ്ട്രീയത്തിലിറങ്ങിയവരായി...

ജോണ്‍ ഗ്ലെന്‍ (ഡമോക്രാറ്റ്) 

1959ല്‍ ഫ്രണ്ട്ഷിപ് 7 ക്യാപ്‌സൂളില്‍ മൂന്നു തവണ ഭൂമിയെ വലംവച്ച ജോണ്‍ ഗ്ലെന്‍, ആ നേട്ടത്തിന് ഉടമയായ ആദ്യ അമേരിക്കന്‍ ബഹിരാകാശസഞ്ചാരിയാണ്. ഒപ്പം, രാഷ്ട്രീയത്തിലിറങ്ങിയ ആദ്യ അമേരിക്കന്‍ ബഹിരാകാശസഞ്ചാരിയും. ഒഹായോയില്‍നിന്നു സെനറ്റിലേക്ക് 2 തവണ മത്സരിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടശേഷം, 1974ല്‍ മൂന്നാം തവണ ജയിച്ചു. 1998ല്‍, സെനറ്ററായിരിക്കെ ഡിസ്‌കവറി സ്‌പേസ് ഷട്ടിലില്‍ എസ്ടിഎസ്-95 മിഷന്‌റെ ഭാഗമായി ബഹിരാകാശത്തു പോയി. അന്ന് അദ്ദേഹത്തിന് 77 വയസ്സായിരുന്നു പ്രായം. ബഹിരാകാശയാത്രികനായ ഏറ്റവും പ്രായം ചെന്നയാളെന്ന ബഹുമതി ഗ്ലെന്നിനാണ്. മുന്‍ യുഎസ് പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെയും സഹോദരന്‍ സെനറ്റര്‍ റോബര്‍ട് എഫ് കെന്നഡിയുടെയും പ്രിയമിത്രമായിരുന്നു.

ജാക്ക് സ്വിഗര്‍ട് (റിപ്പബ്ലിക്കന്‍)

1966ലെ പരാജയപ്പെട്ട ചാന്ദ്രദൗത്യത്തിന്റെ ഭാഗമായിരുന്ന അപ്പോളോ 13 സംഘാംഗം. 1982ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി കൊളറാഡോയില്‍നിന്നു സെനറ്റിലേക്കു മത്സരിച്ചു ജയിച്ചു. പക്ഷേ, പ്രചാരണത്തിനിടെ രൂക്ഷമായ അര്‍ബുദം വിട്ടുമാറാതെ അതേ വര്‍ഷം ഡിസംബറില്‍ സ്വിഗര്‍ട് മരിച്ചു. സത്യപ്രതിജ്ഞയ്ക്ക് ഒരാഴ്ച കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. 

ഹാരിസണ്‍ ഷ്മിഡ്റ്റ് (റിപ്പബ്ലിക്കന്‍) 

1965ല്‍ നാസയില്‍ ചേര്‍ന്ന സയന്റിസ്റ്റ് ആസ്‌ട്രൊനോട്. ജിയോളജിയായിരുന്നു വിദഗ്ധമേഖല. 1972ല്‍ അപ്പോളോ 17 ദൗത്യത്തിന്‌റെ ഭാഗമായി ചന്ദ്രനിലെത്തി, ആ മണ്ണില്‍ നടന്നു. ന്യൂ മെക്‌സിക്കോയില്‍നിന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി സെനറ്റിലേക്കു മത്സരിച്ചു ജയിച്ചു. 

ജേക്ക് ഗാണ്‍ (റിപ്പബ്ലിക്കന്‍) 

1974ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി സെനറ്റിലേക്കു യൂട്ടായില്‍നിന്നു ജയിച്ചു. 1985ല്‍ ഡിസ്‌കവറി സ്‌പേസ് ഷട്ടിലില്‍ എസ്ടിഎസ്-51-ഡി മിഷന്റെ ഭാഗമായി. 

വില്യം നെല്‍സന്‍ (ഡമോക്രാറ്റ്)

ഫ്‌ലോറിഡയില്‍നിന്ന് ഡമോക്രാറ്റ് സ്ഥാനാര്‍ഥിയായി ജയിച്ച് ആദ്യം ജനപ്രതിനിധിസഭയില്‍ (1979- 1991)  പിന്നീട് സെനറ്റില്‍ (2001-2019).  1986ല്‍ കൊളംബിയ സ്‌പേസ് ഷട്ടിലില്‍ എസ്ടിഎസ്-51-സി ദൗത്യത്തിന്റെ ഭാഗമായി. 

English Summary: Mark Kelly’s Been To Space. Can He Make it to Capitol Hill?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com