കൃഷിയിടത്തിൽനിന്നും കുഴിച്ചെടുത്തത് 14.98 കാരറ്റ് വജ്രം; ലക്ഷാധിപതികളായി തൊഴിലാളികൾ
Mail This Article
പന്ന ∙ മധ്യപ്രദേശിലെ പന്ന ജില്ലയിലെ ഖനികളിൽനിന്നു വജ്രം കണ്ടെത്തി സമ്പന്നരായി രണ്ടു തൊഴിലാളികൾ. 7.44, 14.98 കാരറ്റ് വീതമുള്ള രണ്ട് വജ്രങ്ങളാണു തൊഴിലാളികൾക്കു കിട്ടിയത്. വജ്രങ്ങൾ തിങ്കളാഴ്ച ഡയമണ്ട് ഓഫിസിൽ ഏൽപ്പിച്ചതായും ലേലം ചെയ്യുമെന്നും അധികൃതർ പറഞ്ഞു.
ജറൗപ്പുരിലെ ഖനിയിൽനിന്നാണ് 7.44 കാരറ്റ് വജ്രം ദിലീപ് മിസ്ട്രിക്കു കിട്ടിയത്. കൃഷ്ണ കല്യാൺപുർ പ്രദേശത്തുനിന്നാണ് ലഖൻ യാദവിനു 14.98 കാരറ്റ് വജ്രം കിട്ടിയതെന്നും ഡയമണ്ട് ഇൻസ്പെക്ടർ അനുപം സിങ് പറഞ്ഞു. ലേലത്തിനുശേഷം 12.5 ശതമാനം റോയൽറ്റി കുറച്ചുള്ള തുക തൊഴിലാളികൾക്കു ലഭിക്കും. 7.44 കാരറ്റ് വജ്രത്തിന് ഏകദേശം 30 ലക്ഷം രൂപയും രണ്ടാമത്തേതിനു ഇരട്ടി തുകയും ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
രണ്ട് ഏക്കർ സ്ഥലമുള്ള ചെറുകിട കർഷകനായ ലഖാൻ യാദവിന്റെ ആദ്യത്തെ വജ്ര ഖനനമാണിത്. കിട്ടുന്ന പണം കൊണ്ട് കുട്ടികളെ നന്നായി പഠിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാലംഗ സംഘത്തിന്റെ ഭാഗമായ ദിലീപ് മിസ്ത്രി ആറു മാസമായി അവരുടെ സ്വകാര്യഭൂമിയിൽ വജ്രഖനനം നടത്തുകയായിരുന്നു. ബുന്ദേൽഖണ്ഡിലെ പിന്നാക്ക മേഖലയായ പന്ന, വജ്ര ഖനികൾക്കു പ്രശസ്തമാണ്.
English Summary: 2 Labourers Unearth High-Value Diamonds, To Get Several Lakhs From Auction