ADVERTISEMENT

ബെയ്ജിങ് ∙ കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്നുള്ള പ്രത്യേക യാത്രാവിമാനങ്ങൾ അനിശ്ചിത കാലത്തേക്കു വിലക്കി ചൈന. ഇന്ത്യയും ചൈനയും തമ്മിലുള്ള വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടില്ലെങ്കിലും, വന്ദേ ഭാരത് മിഷനു കീഴിൽ വിവിധ ചൈനീസ് നഗരങ്ങളിലേക്ക് എയർ ഇന്ത്യ പ്രത്യേക സർവീസ് നടത്തിയിരുന്നു. നവംബർ 13 മുതൽ എല്ലാ ആഴ്ചയും നാലു വിമാന സർവീസ് നടത്താമെന്ന തീരുമാനം ഇതോടെ പുനഃക്രമീകരിക്കേണ്ട സാഹചര്യമായി.

ചൈനീസ് ഇതര സന്ദർശകർക്കാണു വിലക്ക്. നേരത്തേ ബ്രിട്ടൻ, ബെൽജിയം, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളോട് ഇതേ നിലപാട് ചൈന സ്വീകരിച്ചിരുന്നു. ചൈനീസ് സർക്കാരിന്റേതു താൽക്കാലിക നടപടിയാണെന്നും കൂടുതൽ മാറ്റങ്ങൾ സമയബന്ധിതമായി പ്രതീക്ഷിക്കാമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. ചൈനയിലേക്കും ഇങ്ങോട്ടും യാത്ര ചെയ്യാൻ ധാരാളം പേരുണ്ടെന്നും ചൈനയുമായി ചർച്ച നടത്തുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

1500ൽ അധികം ഇന്ത്യക്കാർ ചൈനയിലേക്കു മടങ്ങാൻ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ബെയ്ജിങ്ങിന്റെ പ്രഖ്യാപനം അനിശ്ചിതത്വം സൃഷ്ടിച്ചതായും അധികൃതർ ചൂണ്ടിക്കാട്ടി. പകർച്ചവ്യാധിയെ നേരിടാനുള്ള ന്യായവും നീതിയുക്തവുമായ നടപടിയാണിതെന്നാണു ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ന്യായീകരണം. കഴിഞ്ഞ വെള്ളിയാഴ്ച ഡൽഹിയിൽനിന്നു വുഹാനിലേക്കുള്ള വന്ദേ ഭാരത് വിമാനത്തിലെ 23 ഇന്ത്യക്കാർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 19 പേർക്കും രോഗ ലക്ഷണമുണ്ടായിരുന്നില്ല. 

English Summary: China suspends special flights from India over Covid-19 concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com