ഇന്ത്യ പിന്മാറിയ വ്യാപാര കരാറിൽ ഒപ്പുവച്ച് 15 രാജ്യങ്ങൾ; സ്വാധീനം ഉറപ്പിക്കാൻ ചൈന
Mail This Article
ഹാനോയ് ∙ ലോകത്തിലെ ഏറ്റവും വലിയ തുറന്ന വിപണി (ഫ്രീ ട്രേഡ്) യാഥാർഥ്യമാക്കി 15 ഏഷ്യ– പസിഫിക്ക് രാജ്യങ്ങൾ തമ്മിൽ കരാർ ഒപ്പുവച്ചു. സമഗ്ര മേഖലാ സാമ്പത്തിക പങ്കാളിത്ത കരാറിൽ (ആർസിഇപി) ചൈന, ദക്ഷിണ കൊറിയ, ന്യൂസിലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണുള്ളത്. ആഗോള മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 30 ശതമാനം കയ്യാളുന്ന രാജ്യങ്ങൾ തമ്മിലാണ് കരാർ.
2012ൽ രൂപകൽപന ചെയ്ത കരാർ, എട്ടുവർഷങ്ങൾക്കുശേഷം ഞായറാഴ്ച സൗത്ത് ഈസ്റ്റ് ഏഷ്യൻ ഉച്ചക്കോടിയിലാണ് വെർച്വലായി ഒപ്പുവച്ചത്. രാജ്യങ്ങളിലെ തീരുവകൾ കുറയ്ക്കുക, വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുക, ഇ–കൊമേഴ്സ് മേഖല പുതുക്കുക തുടങ്ങിയവ കരാറിന്റെ ഭാഗമാണ്. ഇതോടെ ഈ മേഖലകളിൽ ചൈന സ്വാധീനം വർധിപ്പിക്കുമെന്നാണ് കരുതുന്നത്.
16 രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്ന ആർസിഇപിയിൽ, പരിഹരിക്കപ്പെടേണ്ട ഒട്ടേറെ ആശങ്കകൾ ചൂണ്ടിക്കാട്ടി ഇന്ത്യ ഒഴിവായിരുന്നു. ഗുണമേന്മ കുറഞ്ഞ ചൈനീസ് ഉൽപന്നങ്ങൾ വ്യാപകമായി രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്യപ്പെടുമെന്നായിരുന്നു പ്രധാനമായും ഇന്ത്യയുടെ ആക്ഷേപം. ഇവ പരിഹരിച്ച ശേഷം ഇന്ത്യ സന്നദ്ധത അറിയിച്ചാൽ കരാറിന്റെ ഭാഗമാകാൻ അവസരമുണ്ട്.
English Summary: 15 Asian Nations Sign China-Backed Trade Pact, India Pulled Out Last Year