ആസിഡാക്രമണത്തിൽ മോണിക്ക മരിച്ചിട്ട് 6 വർഷം; ദുരൂഹത നീക്കാൻ 5 ലക്ഷം ഡോളർ
Mail This Article
മെൽബൺ ∙ ഇന്ത്യൻ–ഫിജിയൻ വംശജയായ മോണിക്ക ചെട്ടിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ ഓസ്ട്രേലിയ. നഴ്സായിരുന്ന മോണിക്ക 2014ലാണു മരിച്ചത്. അന്നുമുതൽ കേസ് അന്വേഷിക്കുന്നുണ്ടെങ്കിലും തുമ്പൊന്നും കിട്ടാത്തതിനാൽ സഹായകമായ വിവരങ്ങൾ കൈമാറുന്നവർക്കു ന്യൂ സൗത്ത് വെയിൽസ് സർക്കാർ 5 ലക്ഷം ഓസ്ട്രേലിയൻ ഡോളർ പ്രതിഫലം വാഗ്ദാനം ചെയ്തു.
39 വയസ്സുള്ളപ്പോഴാണു മോണിക്കയുടെ മരണം. സിഡ്നിയിൽനിന്ന് 40 കിലോമീറ്റർ അകലെ വെസ്റ്റ് ഹോക്സ്റ്റണിലെ കുറ്റിക്കാട്ടിൽനിന്നാണ് ആസിഡ് ആക്രമണമേറ്റ നിലയിൽ 2014 ജനുവരിയിൽ മോണിക്കയെ കണ്ടെത്തിയത്. അതിനും അഞ്ചോ പത്തോ ദിവസം മുൻപാണ് കടുത്ത ആസിഡാക്രമണം ഉണ്ടായതെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞശേഷമായിരുന്നു മരണം. കേസിൽ ഇതുവരെ ഒരു അറസ്റ്റ് പോലും നടന്നിട്ടില്ലെന്നു ന്യൂ സൗത്ത് വെയിൽസ് പൊലീസ് വക്താവ് പറഞ്ഞു.
ഈ മാസം ആദ്യമാണു പ്രതിഫലത്തുക പ്രഖ്യാപിച്ചത്. മോണിക്കയുടെ മരണത്തിൽ നിർണായക വഴിത്തിരിവാകുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിക്കാൻ പണം പ്രഖ്യാപിച്ചതു സഹായിക്കുമെന്നു പൊലീസ് വകുപ്പ് മന്ത്രി ഡേവിഡ് ഏലിയറ്റ് അഭിപ്രായപ്പെട്ടു. ആറു വർഷത്തിലേറെയായി മോണിക്കയുടെ മരണം ദുരൂഹമായി തുടരുകയാണ്. ഇന്ത്യൻ–ഫിജിയൻ സമൂഹത്തിനു സംഭവം ഇപ്പോഴും ഞെട്ടലാണ്. എങ്ങനെയാണ് ഇത്തരമൊരു കുറ്റകൃത്യം നടന്നതെന്നു കണ്ടെത്തേണ്ടത് ആവശ്യമാണെന്നും ഡേവിഡ് ഏലിയറ്റ് പറഞ്ഞു.
മോണിക്ക ഭീകരമായാണു മരിച്ചതെന്നും ഈ വേദന അവർക്കു നൽകിയത് ആരാണെന്നു കണ്ടുപിടിച്ചു നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും ലിവർപൂൾ സിറ്റി പൊലീസ് ഏരിയ കമാൻഡർ ആദം വൈറ്റ് പറഞ്ഞു. തന്റെ അമ്മയുടെ മരണത്തെക്കുറിച്ച് ഇതുവരെയും യാതൊരു വിവരവും പുറത്തുവരാത്തതു പ്രയാസമേറിയ കാര്യമാണെന്നു ന്യൂ സൗത്ത് വെയിൽസ് പൊലീസ് ഇറക്കിയ പ്രസ്താവനയിൽ മോണിക്കയുടെ മകൻ ഡാനിയൽ ചെട്ടി ചൂണ്ടിക്കാട്ടി.
English Summary: 6 Years On, Death Of Indian-Fijian Nurse Monika Chetty Still A Mystery; $500,000 To Help Solve It