വെടിയൊച്ച നിലയ്ക്കാതെ കശ്മീര്‍; കേന്ദ്രത്തെ ഒന്നിച്ചെതിർത്ത് മുന്നേറാൻ ഗുപ്കര്‍ സഖ്യവും
Mail This Article
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കു തുല്യ സ്ഥിതി നടപ്പാക്കുക – ബിജെപിയുടെ ഈ പ്രഖ്യാപിത നയം രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഏറി അധികം വൈകാതെ തന്നെ നടപ്പാക്കുകയും ചെയ്തു. സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശങ്ങളാക്കി തിരിച്ചതിനു പിന്നാലെ കശ്മീരിൽ നേതാക്കൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ കശ്മീരിലെ രാഷ്ട്രീയരംഗവും ഉണർന്നു.
കേന്ദ്ര സര്‍ക്കാരിനെതിരേയും ബിജെപിക്കെതിരേയും ഗുപ്കർ സഖ്യമെന്ന പേരിൽ പിഡിപിയും നാഷനൽ കോൺഫറൻസും ഉൾപ്പെടെ ഏഴു പാർട്ടികൾ രംഗത്തുവന്നതോടെ കശ്മീരിൽ സംഘർഷസാധ്യതകൾക്കായി തക്കം പാര്‍ത്തിരിക്കുകയാണ് പാക്കിസ്ഥാനും ചൈനയും. കശ്മീരിന്റെ പഴയ കൊടിയുമായി ഗുപ്കര്‍ സഖ്യം നടത്തുന്ന ആരോപണശരങ്ങളിൽ ഊന്നി അവസരം മുതലെടുക്കാനാണ് അയൽരാജ്യങ്ങൾ കിണഞ്ഞു ശ്രമിക്കുന്നതും.
മോദിയേയും അമിത് ഷായേയും വെല്ലുവിളിച്ച് ഗുപ്കര്‍ സഖ്യം
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചു കിട്ടാന്‍ ഒരുമിച്ചു പൊരുതാന്‍ വേണ്ടി രൂപം കൊണ്ടതാണു ഗുപ്കര്‍ സഖ്യം (പീപ്പിള്‍ അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍). മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ ഗുപ്കര്‍ റോഡ് വസതിയില്‍ ചേര്‍ന്ന യോഗത്തെത്തുടര്‍ന്നാണ് സഖ്യമുണ്ടായത്. 7 പാര്‍ട്ടികള്‍ ചേര്‍ന്നു രൂപീകരിച്ച സഖ്യത്തിന്റെ അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ലയാണ്. മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയാണ് ഉപാധ്യക്ഷ.
സിപിഎമ്മിന്റെ മുഹമ്മദ് യൂസഫ് തരിഗാമി കണ്‍വീനറും പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ സജ്ജാദ് ലോണ്‍ വക്താവുമാണ്. ശ്രീനഗറിലെ ഏറ്റവും പോഷ് എന്നു വിശേഷിപ്പിക്കാവുന്ന സ്ഥലമാണ് ഗുപ്കര്‍. ദാല്‍ തടാകവും ശങ്കരാചാര്യ ക്ഷേത്രവും ഇവിടെ നിന്നു കാണാം. പുരാതന കാലം മുതല്‍ ഭരണാധികാരികളുടെ വാസസ്ഥലം.
1989ല്‍ ഭീകരവാദം ശക്തി പ്രാപിച്ചതോടെ ഇവിടം അതീവ സുരക്ഷാ മേഖലയാക്കി. പ്രത്യേക പദവി ലഭിക്കാനുള്ള പോരാട്ടത്തില്‍ രക്തം ചിന്താനും മടിയില്ലെന്ന് മെഹബൂബ മുഫ്തി പ്രഖ്യാപിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുന്നതു വരെ താന്‍ മരിക്കില്ലെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞത് ഏറെ വികാരാധീനനായാണ്.
ഇതോടെയാണ് ബിജെപി നേതൃത്വം സഖ്യത്തിനെതിരെ പരസ്യ ആക്രമണവുമായി രംഗത്തെത്തിയത്. കശ്മീരിന്റെ പ്രത്യേക പദവി കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് എടുത്തു നീക്കിയത്. കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ച കശ്മീരിനെ ഡല്‍ഹിയിലിരുന്നു നേരിട്ടു നിയന്ത്രിക്കാമെന്ന് മോദിയും അമിത് ഷായും കണക്കു കൂട്ടി.
കശ്മീരിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചശേഷം സംസ്ഥാന പദവി തിരിച്ചു നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഈ ലക്ഷ്യങ്ങളെല്ലാം എത്രത്തോളം ഫലം കാണുമെന്ന കാര്യം സംശയത്തിലാണ്. ബിജെപിയുടെ ലക്ഷ്യങ്ങള്‍ക്ക് വിലങ്ങുതടിയായി മാറിയിരിക്കുകയാണ് ഗുപ്കര്‍ സഖ്യം. ഈ സഖ്യത്തെ രാജ്യാന്തര അവിശുദ്ധ സഖ്യമെന്നാണ് അമിത് ഷാ വിശേഷിപ്പിക്കുന്നതും.
കടന്നാക്രമിച്ച് അമിത് ഷായും ബിജെപിയും
രാജ്യതാല്‍പാര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര അവിശുദ്ധ സഖ്യമാണ് ഗുപ്കര്‍ ഗാങ് എന്നാണ് അമിത് ഷായുടെ ആരോപണം. കശ്മീരിൽ ബിജെപിയുടെ കണക്കുകൂട്ടലുകള്‍ക്കെതിരായ ഈ അണിചേരലാണ് ദേശവിരുദ്ധ സംഘമെന്ന് ഗുപ്കര്‍ സഖ്യത്തെ വിശേഷിപ്പിക്കാൻ അമിത് ഷായെ പ്രേരിപ്പിച്ചതും.
കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുന്നതിന് വേണ്ടി ചൈനയുടെ സഹായം തേടാനും മടിക്കില്ലെന്ന് സഖ്യത്തിലെ നേതാക്കള്‍ പ്രഖ്യാപിച്ചതാണ് അമിത് ഷായെ ചൊടിപ്പിച്ചത്. ഏതു വിധേനയും കശ്മീര്‍ പിടിക്കാന്‍ പാക്കിസ്ഥാനും ചൈനയും ശ്രമിക്കുന്നതിനിടെയാണ് നേതാക്കളുടെ പ്രഖ്യാപനം. ബിജെപി നേതൃത്വത്തെ ഈ പ്രഖ്യാപനം തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്.
ഇന്ത്യയുടെ ത്രിവര്‍ണ പതാകയേയും സഖ്യം അവഹേളിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ദേശതാല്‍പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അവിശുദ്ധ ആഗോള കൂട്ടുകെട്ടിനെ ഇന്ത്യന്‍ ജനത പൊറുപ്പിക്കില്ലെന്നാണ് അമിത് ഷാ അഭിപ്രായപ്പട്ടത്.
സഖ്യത്തെക്കുറിച്ച് കോണ്‍ഗ്രസിന് എന്ത് പറയാനുണ്ടെന്ന അമിത് ഷായുടെ ചോദ്യത്തിന്, സ്വാതന്ത്ര്യം കിട്ടി 52 വര്‍ഷം പിന്നിട്ടിട്ടും ആർഎസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്താത്ത, ആര്‍എസ്എസ് പശ്ചാത്തലമുള്ള അമിത് ഷാ ദേശസ്‌നേഹത്തെക്കുറിച്ച് പഠിപ്പിക്കരുതെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുവാക്ക്.
പ്രത്യേക പദവി നഷ്ടപ്പെട്ടപ്പോള്‍ മാത്രമാണ് ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് ഗുപ്കര്‍ സഖ്യം പ്രഖ്യാപിച്ചത്. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ആര്‍എസ്എസിന് ഇന്ത്യന്‍ പതാകയോട് അകല്‍ച്ചയായിരുന്നുവെന്നാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്.
തിരഞ്ഞെടുപ്പിലും പിടിമുറുക്കി ബിജെപി
നവംബര്‍ 28 മുതല്‍ ജമ്മുവിലും കശ്മീരിലും എട്ടു ഘട്ടങ്ങളായി ജില്ലാ വികസ കൗണ്‍സില്‍(ഡിസ്ട്രിക്ട് ഡവലപ്‌മെന്റ് കൗണ്‍സില്‍-ഡിഡിസി) തിരഞ്ഞെടുപ്പ് നടക്കുകയാണ്. പ്രശ്‌നബാധിത പ്രദേശമായ പുല്‍വാമയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍ ആശങ്കജനകമാണ്. സുരക്ഷാ പ്രശ്‌നം ആരോപിച്ച് നാല്‍പ്പതോളം സ്ഥാനാര്‍ഥികളെ പൊലീസ് തടവിലാക്കി. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും തടഞ്ഞുവച്ചിരിക്കുന്നതിനാല്‍ പ്രചാരണത്തിനോ മറ്റുപരിപാടികള്‍ക്കോ സാധിക്കുന്നില്ലെന്ന് സ്ഥാനാര്‍ഥിയായ അബ്ദുല്‍ ഖഫാര്‍ വാഗയ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
ബിജെപിയുടെ സ്ഥാനാര്‍ഥികള്‍ക്ക് മാത്രമാണ് അധികൃതര്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേ സമയം ബിജെപിയുടെ സ്ഥാനാര്‍ഥിയായ ജാവിദ് അഹ്മദ് വന്‍ പൊലീസ് സുരക്ഷാ സന്നാഹത്തോടെ പ്രചാരണം നടത്തുന്നുമുണ്ട്. പിഡിപിക്കും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിക്കും ശക്തമായ മേല്‍ക്കൈയുള്ള ഈ സ്ഥലത്ത് ഉറപ്പായി ജയിക്കുമെന്നും ജാവിദ് പറയുന്നു. ഷോപിയാനിലെ 14 സീറ്റുകളിലും ബിജെപി ജയിക്കുമെന്നും ജാവിദ് അഹ്മദ് പറയുന്നു.
എന്നാല്‍ മറ്റു സ്ഥാനാര്‍ഥികളുടെ ആരോപണങ്ങളെല്ലാം പൊലീസ് നിഷേധിച്ചു. സ്ഥാനാര്‍ഥികളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ തന്നെ ബിജെപിക്കെതിരെ ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം ആദ്യം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഏതുവിധേനയും അധികാരം പിടിച്ചെടുക്കുക എന്നത് ബിജെപിയുടെ ലക്ഷ്യമാണ്. അതിനുള്ള നീക്കങ്ങള്‍ ഡല്‍ഹിയിലിരുന്നു തന്നെ നിയന്ത്രിക്കപ്പെടുന്നുവെന്നും മറ്റു പാര്‍ട്ടികള്‍ ആരോപിക്കുന്നു.
അവസാനമില്ലാതെ ഭീകരാക്രമണം
നോട്ടുനിരോധനം നടപ്പാക്കിയതു മുതല്‍ ജമ്മുകശ്മീരിലേതടക്കം ഭീകര പ്രവര്‍ത്തനം തടയാനായി എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം. പ്രത്യേക പദവി റദ്ദാക്കുക കൂടി ചെയ്യുന്നതോടെ ഭീകരപ്രവര്‍ത്തനം പൂര്‍ണമായും അടിച്ചമര്‍ത്താനാകുമെന്നും ബിജെപി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം പൊള്ളയായ പ്രഖ്യാപനങ്ങളാണെന്നാണ് കശ്മീരിൽ തുടരെത്തുടരെയുണ്ടാകുന്ന ആക്രമണങ്ങള്‍ തെളിയിക്കുന്നതെന്ന അഭിപ്രായവും ചില കോണുകളിൽ നിന്നുയർന്നു കേട്ടു.
ഏറ്റവുമൊടുവില്‍ കഴിഞ്ഞ വ്യാഴാഴ്ച ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലുണ്ടായ ഏറ്റുമുട്ടലില്‍ 4 ജയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. പാക്കിസ്ഥാനില്‍ നിന്നു നുഴഞ്ഞു കയറിയ ഭീകരരുമായെത്തിയ ട്രക്ക് ജമ്മു നഗരത്തിനു സമീപം സൈന്യം തടയുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരര്‍ കൊല്ലപ്പെടുകയും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 11 എകെ 47 റൈഫിളുകളുള്‍പ്പെടെ വന്‍ ആയുധ ശേഖരം ഭീകരരില്‍ നിന്നു പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് തകര്‍ക്കാന്‍ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ ലക്ഷ്യം.
നവംബര്‍ 13ന് ജമ്മുകശ്മീര്‍ നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള ഉറി, പൂഞ്ച്, കുപ്്‌വാര എന്നിവിടങ്ങളില്‍ പാക്കിസ്ഥാന്‍ സൈന്യം പീരങ്കിയാക്രണം നടത്തി. നാല് ഇന്ത്യന്‍ ഭടന്‍മാര്‍ വീരമൃത്യുവരിക്കുകയും മൂന്നു ഗ്രാമീണര്‍ കൊല്ലപ്പെടുകയും ചെയ്തു.
ഇന്ത്യ തിരിച്ചു നടത്തിയ പ്രത്യാക്രമണത്തില്‍ 11 പാക് സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ തദ്ദേശീയര്‍ തന്നെ പലയിടത്തും ഭീകരര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നതായും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. കശ്മീര്‍ മണ്ണിനായി പാക്കിസ്ഥാന്‍ അവകാശവാദം ഉന്നയിക്കുമ്പോള്‍ മറുവശത്ത് ചൈനയും കയ്യേറ്റ ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യത്തിന് ഒരേ സമയം ചൈനയേയും പാക്കിസ്ഥാനേയും പ്രതിരോധിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
വരുന്നത് വന്‍ വികസനമെന്ന് കേന്ദ്രം; ചൂഷണമെന്ന് ഗുപ്കർ നേതാക്കള്‍
ഒക്ടോബര്‍ 27ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ ജമ്മു കശ്മീരില്‍, പുറത്തുനിന്നുള്ളവർക്കു ഭൂമി വാങ്ങുന്നതിനുള്ള വിലക്ക് ഇല്ലാതായി. 7 പതിറ്റാണ്ട് നിലനിന്ന വ്യവസ്ഥയാണ് ഇതോടെ ഇല്ലാതായത്. എന്നാല്‍ പുതിയ വിജ്ഞാപനം വന്നതോടെ കശ്മീരിലെ ജനം ആശങ്കയിലാണ്.
പുറമേനിന്നുള്ളവർ വന്‍തോതില്‍ കടന്നുകയറി ഭൂമി കൈവശപ്പെടുത്തുമെന്ന് ആശങ്കയാണ് ഇവിടെ പരക്കുന്നത്. അതേസമയം വന്‍ നിക്ഷേപങ്ങള്‍ ജമ്മു കശ്മീരിനെ കാത്തിരിക്കുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ജമ്മു കശ്മീരില്‍ വ്യാവസായിക മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിതുറന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.
ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്ന കശ്മീരില്‍ വന്‍കിട കമ്പനികള്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഏതു തരം ആള്‍ക്കാരാണ് ജമ്മു കശ്മീരില്‍ സ്ഥലം വാങ്ങാനെത്തുക എന്നും സ്ഥലം ഏതു രീതിയില്‍ ഉപയോഗിക്കുമെന്നും ആശങ്ക നിലനില്‍ക്കുന്നു. പുറത്തുനിന്നുള്ളവരുടെ കടന്നുകയറ്റം തദ്ദേശീയരായ ആളുകളെ കൂടുതല്‍ പ്രശ്‌നത്തിലേക്കായിരിക്കും കൊണ്ടുചെന്നെത്തിക്കുക എന്ന് കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കുന്നു.
ഈ ആരോപണത്തിന് ബലം നല്‍കുന്നതാണ് ശനിയാഴ്ചയുണ്ടായ സംഭവം. റാംബിയാര നല്ലയില്‍ മണല്‍ ഖനനം നടക്കുന്ന സ്ഥലത്തേക്ക് മെഹബൂബ മുഫ്തിയെ കടത്തിവിടാന്‍ പ്രാദേശിക ഭരണകൂടം തയാറായില്ല. കശ്മീര്‍ തുറന്ന ജയിലായെന്നും കശ്മീരിലെ വിഭവങ്ങള്‍ കൊള്ളയടിക്കപ്പെടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അവഹേളിക്കുകയാണെന്നും അവര്‍ ട്വീറ്റ് ചെയ്തു. അനധികൃത മണല്‍ ഖനനം നടക്കുന്നിടത്തേക്ക് പ്രദേശവാസികളെപ്പോലും കടത്തിവിടാന്‍ പൊലീസ് തയാറാകുന്നില്ലെന്നും അവര്‍ ആരോപിച്ചു.
സംഘര്‍ഷത്തിന് മൂര്‍ച്ച കൂട്ടി ഗുപ്കര്‍
ഒരുവശത്ത് ഭീകരാക്രമണം വര്‍ധിക്കുമ്പോള്‍ പുതിയ നിയമങ്ങള്‍ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ജമ്മു കശ്മീരിലെ ജനം. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും ഭീഷണിയുയര്‍ത്തി പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് ഗുപ്കര്‍ സഖ്യം രൂപീകരിച്ചത്. കേന്ദ്ര സര്‍ക്കാരിനെതിരെ ജനവികാരം വളര്‍ത്തിയെടുക്കാനാണ് ഗുപ്കര്‍ സഖ്യത്തിന്റെ ശ്രമം. ജനത്തെ വരുതിയിലാക്കാന്‍ ഗുപ്കര്‍ സഖ്യത്തിന് കുറെയൊക്കെ സാധിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നു.
സഖ്യം കൂടുതല്‍ ശക്തി പ്രാപിച്ചാല്‍ കേന്ദ്രത്തിന് തിരിച്ചടി നേരിടേണ്ടി വരുമെന്ന് മാത്രമല്ല ചൈനയും പാക്കിസ്ഥാനും ഈ സാഹചര്യത്തിൽ മുതലെടുപ്പ് നടത്തുകയും ചെയ്യും. പറ്റിയ അവസരം കാത്തിരിക്കുകയാണ് പാക്കിസ്ഥാനും ചൈനയും. അതിന്റെ ആദ്യ പടിയായാണ് പാക്കിസ്ഥാന്‍ വന്‍തോതില്‍ ഭീകരരെ ജമ്മു കശ്മീരിലേക്ക് കയറ്റി വിടുന്നത്.
ഒക്ടോബര്‍ അവസാന ആഴ്ച മൂന്ന് ബിജെപി പ്രവര്‍ത്തകരെയാണ് കശ്മീരിൽ ഭീകരര്‍ വെടിവച്ചു കൊന്നത്. ഇന്ത്യയുടെ പരമാധികാരത്തെ തന്നെ സാരമായി ബാധിക്കുന്ന പ്രശ്‌നമായി ഗുപ്കര്‍ സഖ്യം വളരാന്‍ സാധ്യതയുണ്ടെന്നു തിരിച്ചറിഞ്ഞതോടെയാണ് ഗുപ്കർ സഖ്യത്തിനെതിരെ അമിത് ഷാ കടുത്ത ഭാഷയില്‍ രംഗത്തെത്തിയത്.
ഗുപ്കര്‍ സഖ്യം കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും ഒരുപോലെ കടുത്ത തലവേദനയാണു സമ്മാനിച്ചിരിക്കുന്നത്. അതിനാലാണ് പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഏതുവിധേനയും അധികാരം പിടിച്ചെടുക്കാനുള്ള നീക്കം കശ്മരിൽ ബിജെപി നടത്തുന്നതും.
English Summary :Gupkar Alliance: What impact will it have on Kashmir’s changed political landscape?