ഉൽപ്പാദനത്തിലെ പിഴവ്; അസ്ട്രാസെനക്ക വാക്സീന്റെ വിശ്വാസ്യതയിൽ ചോദ്യമുയരുന്നു
Mail This Article
ലണ്ടൻ∙ കുറഞ്ഞ വിലയിൽ കോവിഡ്19 പ്രതിരോധ വാക്സീൻ ലഭ്യമാക്കാനുള്ള അസ്ട്രാസെനക്കയുടെ നീക്കങ്ങൾക്ക് വെല്ലുവിളി. വാക്സീൻ ഉൽപ്പാദനത്തിലുണ്ടായ പിഴവ് പ്രാഥമിക ഫലങ്ങളെ ബാധിച്ചിരുന്നുവെന്ന സംശയവും ഉയരുന്നു. ഫലം പുറത്തുവന്നതിനു ശേഷമാണ് വലിയൊരു പിഴവു സംഭവിച്ചതായി അസ്ട്രാസെനക്ക സമ്മതിക്കുന്നത്. ഇതോടെ വാക്സീൻ എത്രത്തോളം ഫലപ്രദമാകുമെന്നാണ് ആശങ്ക.
ഈയാഴ്ച ആദ്യമാണ് വാക്സീൻ 70% ഫലപ്രദമാണെന്ന് കമ്പനി പുറത്തുവിട്ടത്. എന്നാൽ പിന്നീട് ഓക്സ്ഫഡ് സർവകലാശാല വാക്സീന്റെ ഉൽപ്പാദന സമയത്തുണ്ടായ പിഴവുമൂലം ചിലയാളുകൾക്ക് ഒരു ഡോസിനുപകരം അര ഡോസാണ് നൽകിയതെന്ന വിവരം പുറത്തുവിട്ടിരുന്നു. ഫുൾ ഡോസ് നൽകിയുള്ള ബൂസ്റ്ററിനുമുൻപ് അര ഡോസ് നൽകിയവരിൽ വാക്സീൻ 90% ഫലപ്രദമാണെന്നും ഫുൾ ഡോസ് നൽകിയ ആളുകളിൽ 62% ആണ് ഫലമെന്നുമാണ് പുറത്തുവന്ന വിവരം.
എന്നാൽ യുവ തലമുറയിൽ വാക്സീന് കൂടുതൽ ഫലപ്രാപ്തിയുണ്ടെന്ന് ഓപ്പറേഷൻ വാർപ് സ്പീഡ് എന്ന യുഎസ് വാക്സീന്‍ പ്രോഗ്രാമിന്റെ മേധാവി പിറ്റേദിവസം പറഞ്ഞിരുന്നു. ചിലയാളുകൾക്ക് അരഡസൻ നൽകാൻ കാരണം മരുന്നുകുപ്പിയിലെ വാക്സീന്റെ അളവിന്റെ പിഴവാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇക്കാര്യങ്ങളൊന്നു അസ്ട്രാസെനക്ക പുറത്തുവിട്ട ആദ്യ വിവരങ്ങളിൽ ഉണ്ടായിരുന്നില്ല.
അസ്ട്രാസെനക്ക പുറത്തുവിട്ട ഫലത്തിൽ വ്യക്തതയില്ലെന്നാണ് യുഎസിലെ ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. പിഴവും ക്രമരഹിതമായ നിരവധി കാര്യങ്ങളും ഇതിനിടയിൽ നടന്നിട്ടുണ്ടെന്നും ഡേറ്റ കമ്പനി പുറത്തുവിട്ട രീതിയും അവരുടെ ഫലത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നുണ്ടെന്നുമുള്ള അഭിപ്രായമാണ് വിവിധ ശാസ്ത്രജ്ഞരും ഈ രംഗത്തെ വിദഗ്ധരും പങ്കുവയ്ക്കുന്നത്.
English Summary: After admitting mistake, AstraZeneca faces difficult questions about its vaccine