‘കോവിഷീൽഡ്’ പുരോഗതി വിലയിരുത്താൻ മോദി; പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കും
Mail This Article
മുംബൈ ∙ ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രസെനക്കയും സംയുക്തമായി നിർമിച്ച ‘കോവിഷീൽഡ്’ വാക്സീന്റെ വികസന പുരോഗതി അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നു. പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) അദ്ദേഹം ശനിയാഴ്ച സന്ദർശിക്കും.
മോദി ശനിയാഴ്ച വരുന്നതായി പുണെ ഡിവിഷനൽ കമ്മിഷണർ സൗരവ് റാവു സ്ഥിരീകരിച്ചു. വാക്സീന് 70% ഫലപ്രാപ്തിയുണ്ടെന്ന റിപ്പോർട്ട് ഈ ആഴ്ചയാദ്യം പുറത്തുവന്നിരുന്നു. ഒരു ഡോസ് വാക്സീൻ 90% ഫലപ്രദമാണെന്നും രണ്ടു ഡോസ് നൽകി 131 പേരിൽ നടത്തിയ പരീക്ഷണത്തിൽ 70.4% ഫലപ്രാപ്തിയുണ്ടെന്നും വ്യക്തമായതായി ഓക്സ്ഫഡ് സർവകലാശാല പ്രസ്താവനയിൽ അറിയിച്ചു.
അസ്ട്രാസെനക്കയെക്കൂടാതെ, യുഎസ് കമ്പനികളായ ഫൈസർ, മൊഡേണ എന്നിവ അവരുടെ കോവിഡ് വാക്സീനുകൾ 95 ശതമാനത്തോളം ഫലപ്രദമാണെന്ന റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.
English Summary: PM Modi to visit Pune's Serum Institute on Nov 28 to take stock of Covishield vaccine development