‘കളമശേരിയിൽ കോവിഡ് രോഗിയുടെ മരണ കാരണം ജീവനക്കാരുടെ അനാസ്ഥയല്ല’
Mail This Article
കൊച്ചി ∙ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗിയുടെ മരണകാരണം ആശുപത്രി ജീവനക്കാരുടെ അനാസ്ഥയല്ലെന്നു പൊലീസ്. ചികിത്സയിലിരിക്കെ ജൂലൈ 24ന് പള്ളുരുത്തി സ്വദേശി ഹാരിസ് (51) മരിച്ചതിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ കളമശേരി പൊലീസിൽ പരാതി നൽകിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയശേഷം നൽകിയ കത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
‘പരാതിയിൽ നിയമനടപടി സ്വീകരിക്കത്തക്ക വീഴ്ച മെഡിക്കൽ കോളജ് സ്റ്റാഫിന്റെയോ അധികൃതരുടെയോ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല’ എന്നു കത്തിൽ പറയുന്നു. ഹാരിസിന്റെ മരണം ഓക്സിജൻ മാസ്ക് മാറിയിട്ടാണെന്ന് വ്യക്തമാക്കി മെഡിക്കൽ കോളജിലെ നഴ്സിങ് സൂപ്രണ്ട് കീഴ്ജീവനക്കാർക്കയച്ച ഓഡിയോ പുറത്തുവന്നതോടെയാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.
തൊട്ടുപിന്നാലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന താൽക്കാലിക ഡോക്ടർ നജ്മയും ഈ ആരോപണം ശരിയാകാമെന്ന് വ്യക്തമാക്കി തന്റെ അനുഭവം പങ്കുവച്ചതോടെ സംഭവം വിവാദമായി. ഓഡിയോ സന്ദേശമയച്ച നഴ്സിങ് ഓഫിസറെ സസ്പെൻഡ് ചെയ്തു. അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. പരാതി ലഭിച്ചതിനെ തുടർന്ന് ഹാരിസ് മരിച്ച ദിവസം വാർഡിൽ ജോലി ചെയ്തിരുന്ന ജീവനക്കാർ, ആക്ഷേപം ഉന്നയിച്ച നഴ്സിങ് ഓഫിസർ, ഡോ. നജ്മ, പരാതിക്കാർ തുടങ്ങിയവരുടെ മൊഴി പൊലീസ് ശേഖരിച്ചിരുന്നു.
ചികിത്സയിൽ വീഴ്ചയുണ്ടായെന്നു ബോധ്യപ്പെടുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നു കാണിച്ചുള്ള റിപ്പോർട്ട് തയാറാക്കി എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറി. തുടർ നടപടിയായാണു പരാതിക്കാരന് തുടരന്വേഷണം ഉണ്ടാവില്ലെന്നു വ്യക്തമാക്കുന്ന കത്ത് നൽകിയത്.
റിപ്പോർട്ട് ആശുപത്രി അധികൃതരുടെ മുഖം രക്ഷിക്കാനാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. പൊലീസ് അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടുണ്ട്. പരാതിയുമായി മുന്നോട്ടു പോകാനാണു തീരുമാനമെന്നും ബന്ധുക്കൾ വ്യക്തമാക്കി.
English Summary: Police report on death of covid patient in Kalamassery Medical College