ചെന്നിത്തലയ്ക്കെതിരായ അന്വേഷണം; ഫയല്‍ ഗവർണർക്ക് അയച്ചില്ല
Mail This Article
തിരുവനന്തപുരം∙ ബാർ കോഴ ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിനു ഗവർണറുടെ അനുമതിക്കായി ഫയൽ ഇതുവരെ ആഭ്യന്തര വകുപ്പ് രാജ്ഭവനിലേക്ക് അയച്ചില്ല. ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാലാണ് ഫയല്‍ അയയ്ക്കാത്തതെന്നാണ് വിവരം.
രമേശ് ചെന്നിത്തലയുടെ കാര്യത്തിൽ സ്പീക്കറുടെയും ഗവർണരുടെയും മുൻ മന്ത്രിമാരായ വി.എസ്.ശിവകുമാറിന്റെയും കെ.ബാബുവിന്റെയും കാര്യത്തിൽ ഗവർണരുടെയും അനുമതി തേടാനാണ് സർക്കാർ തീരുമാനിച്ചത്. എന്നാൽ ഗവർണർക്കോ സ്പീക്കർക്കോ ഇതു സംബന്ധിച്ച ഫയൽ അയക്കാത്തത് വ്യക്തമായ നിയമോപദേശം ലഭിക്കാത്തതിനാലാണ്. ഒരാഴ്ച മുൻപ് എടുത്ത ഈ തീരുമാനത്തിന്റെ കാര്യത്തിൽ തുടർനടപടി നീളുന്നതിൽ മുഖ്യമന്ത്രിക്ക് തൃപ്തിയുണ്ടെന്നാണ് സൂചന.
മൂന്നു പേർക്കുമെതിരെയുള്ള അന്വേഷണത്തിനു ഗവർണറുടെ അനുമതി വേണമെന്ന അഭിപ്രായം ചില ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. അന്ന് ചെന്നിത്തല കെപിസിസി പ്രസിഡന്റ് ആയിരുന്നതിനാൽ ഗവർണറുടെ അനുമതി വേണമോയെന്ന നിയമവശവും പരിശോധിക്കും. നിയമോപദേശം സ്വീകാര്യമായാൽ ഇന്നുതന്നെ ഫയൽ രാജ്ഭവനിലെത്തിക്കും.
Content Highlight: Bar bribery case against Ramesh Chennithala