‘എന്റെ അവകാശം’; കോവിഡ് വാക്സീൻ സ്വീകരിക്കില്ലെന്ന് ജെയർ ബോൾസോനാരോ
Mail This Article
ബ്രസീലിയ∙ കോവിഡ് വാക്സീൻ സ്വീകരിക്കില്ലെന്ന് ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ. കോവിഡ് വാക്സീനിൽ അവിശ്വാസം പ്രകടിപ്പിച്ചിരുന്ന ബോൾസോനാരോയുടെ പുതിയ പ്രസ്താവനയാണ് ഇപ്പോഴത്തേത്. ബ്രസീലുകാർ വാക്സീൻ എടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഞാൻ വാക്സീൻ സ്വീകരിക്കാൻ പോകുന്നില്ല. അത് എന്റെ അവകാശമാണ്’– അദ്ദേഹം പറഞ്ഞു. കോവിഡ് മരണത്തിൽ രണ്ടാമതാണ് ബ്രസീൽ. ജൂലൈയിൽ ബോൾസോനാരോയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുൻപ് മാസ്ക് ധരിക്കുന്നതിന്റെ ഫലപ്രാപ്തിയെക്കുറിച്ചും ബോൾസോനാരോ സംശയം പ്രകടിപ്പിച്ചിരുന്നു. വൈറസ് പകരുന്നത് തടയുന്നതിൽ മാസ്കുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് വ്യക്തമായ തെളിവുകൾ ഇല്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ബ്രസീലുകാർക്ക് വാക്സിനേഷൻ ആവശ്യമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ഒക്ടോബറിൽ, തന്റെ നായയ്ക്ക് മാത്രമേ പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമുള്ളൂവെന്ന് അദ്ദേഹം ട്വിറ്ററിൽ പരിഹസിച്ചിരുന്നു.
English Summary: Brazil's Bolsonaro Says He Will Not Take Covid-19 Vaccine Because 'It's His Right'