ADVERTISEMENT

ന്യൂഡൽഹി∙ നീറ്റ് 2021 റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാൽ. 2021ലെ ജെഇഇ മെയിൻ പരീക്ഷ നാല് തവണയായി നടത്താനുള്ള നിർദ്ദേശം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇനി നടക്കാനിരിക്കുന്ന മത്സര പരീക്ഷകളുടെയും ബോര്‍ഡ് പരീക്ഷകളുടെയും പശ്ചാത്തലത്തിൽ അധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർഥികൾ എന്നിവരുമായി വെർച്ച്വൽ ആശയവിനിമയം നടത്തവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വരുന്ന അക്കാദമിക വർഷത്തെ പ്രവേശനത്തിനായി, ഒന്ന്/രണ്ട്/മൂന്ന്/നാല് തവണ ജെഇഇ മെയിൻ 2021 പരീക്ഷ എഴുതാൻ ഉദ്യോഗാർഥികൾക്ക് അവസരം നൽകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഫെബ്രുവരി അവസാനം തുടങ്ങി മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലായി, ഓരോ തവണയും മൂന്നു-നാലു ദിവസം ആയി പരീക്ഷ നടത്താനാണ് നിർദ്ദേശം വന്നിട്ടുള്ളത്. ജെഇഇ മെയിൻ-2021 പരീക്ഷയുടെ സിലബസ് മുൻ വർഷത്തേത് തന്നെയായിരിക്കും.

റാങ്ക് നിർണയത്തിനായി ഇവയിൽ ഏറ്റവും മികച്ച പ്രകടനം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ദേശീയ മെഡിക്കൽ കമ്മീഷനുമായി ചർച്ച ചെയ്ത ശേഷം നീറ്റ് 2021 (യുജി) പരീക്ഷയ്ക്കുള്ള തീയതി തീരുമാനിക്കും.

10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ബന്ധപ്പെട്ട കക്ഷികളുമായി ചർച്ചകൾ നടന്നുവരികയാണ്. പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കും. പ്രാക്ടിക്കൽ ഉൾപ്പെടെ ബോർഡ് പരീക്ഷകളുടെ തീയതി സംബന്ധിച്ച് സിബിഎസ്ഇ ഇനിയും തീരുമാനം എടുക്കേണ്ടതുണ്ട്. പരീക്ഷയ്ക്ക് മുമ്പായി ക്ലാസ്സുകളിൽ പ്രാക്ടിക്കൽ നടത്താൻ അവസരം ലഭിച്ചില്ലെങ്കിൽ പ്രാക്ടിക്കൽ പരീക്ഷകൾക്ക്, ബദൽ സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

പന്ത്രണ്ടാം ക്ലാസിലെ ഒഴിവാക്കിയ പാഠ്യപദ്ധതികളെ കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടിയായി, പുതുക്കിയ പാഠ്യപദ്ധതി സിബിഎസ്ഇ അതിന്റെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഒഴിവാക്കിയ ഭാഗത്തിന്റെ സംക്ഷിപ്തരൂപവും ചേർത്തിട്ടുണ്ട്. സംശയങ്ങളുണ്ടെങ്കിൽ സ്കൂളുകൾക്ക് സിബിഎസ്ഇയെ ബന്ധപ്പെടുകയോ സിബിഎസ്ഇയുടെ www.cbseacademic.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം. ഓരോ പാഠ ഭാഗത്തിന്റെയും വിഡിയോ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ സിബിഎസ്ഇക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രി അറിയിച്ചു.

English Summary: No Plan To Cancel NEET 2021, Considering Multiple Attempts For JEE Main, Says Education Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com