ഒരു വസന്തം പോലെ നമ്മെ മോഹിപ്പിച്ചു കടന്നു പോയിരിക്കുന്നു; പ്രിയപ്പെട്ട കിം...
Mail This Article
വസന്തമാണോ വേനലാണോ മഞ്ഞു കാലമാണോ ഏറ്റവുമിഷ്ടമെന്നു ചോദിച്ചാൽ കേരളത്തിലെ സിനിമാസ്നേഹികളുടെ ഉത്തരം ഒരു കൂട്ടിച്ചേർക്കലായിരിക്കും: ഋതുഭേദങ്ങളുടെ ആ കൂട്ടിച്ചേർക്കലിനെ നമുക്ക് ഐഎഫ്എഫ്കെ എന്നു വിളിക്കാം. കേരളത്തിന്റെ സ്വന്തം രാജ്യാന്തര ചലച്ചിത്രകാലം. ഡിസംബറിന്റെ തണുപ്പിൽ സിനിമകൾ ചൂടുപകരുന്ന ആ കാലത്തിലേക്ക് ഒരു വസന്തവുമായാണ് ആദ്യമായി കിം കി ഡുക് എന്ന കൊറിയൻ സംവിധായകൻ കേരളത്തിലേക്കെത്തിയത്, 2005ൽ. കേരളത്തിന്റെ തെക്കൻ ജില്ലയിലേക്ക് തെക്കൻ കൊറിയയിൽ നിന്നൊരു വസന്തം: ‘സ്പ്രിങ് സമ്മർ ഫോൾ വിന്റർ ആൻഡ് സ്പ്രിങ്’ എന്ന ഋതുഭേദങ്ങളുടെ കഥയുമായെത്തിയ സംവിധായകനെ ചലച്ചിത്രപ്രേമികൾ ഏറ്റെടുക്കുകയായിരുന്നു. 2005 ഐഎഫ്എഫ്കെയിൽ അദ്ദേഹത്തിന്റെ അഞ്ചു ചിത്രങ്ങളാണു പ്രദർശിപ്പിച്ചത്– സാമരിറ്റൻ ഗേളും ത്രീ അയേണും ബാഡ് ഗയും സ്പ്രിങ് സമ്മർ ഫോൾ, വിന്റർ..ആൻഡ് സ്പ്രിങ്ങും ദ് ബോയും.
പിന്നീട് ഓരോ വർഷവും ആ സിനിമാ മജിഷ്യന്റെ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പായിരുന്നു. പ്രതീക്ഷ തെറ്റിക്കാതെ ടൈം, ബ്രെത്ത്, ഡ്രീം തുടങ്ങിയ ചിത്രങ്ങളുമായി അദ്ദേഹം എത്തി. പിയത്തയും മോബിയസും ആമേനും ദ് നെറ്റും വൺ ഓൺ വണും സ്റ്റോപ്പുമെല്ലാം നമുക്കു സമ്മാനിച്ച കിം ഒടുവിൽ അദ്ദേഹത്തിന്റെ സിനിമകളിലെ അപ്രതീക്ഷിത ഞെട്ടിക്കൽ പോലെ ഒരു ഞെട്ടൽ മാത്രം ബാക്കിയായി വിട പറഞ്ഞിരിക്കുന്നു. കോവിഡ് കാരണം മാറ്റിവച്ചില്ലായിരുന്നെങ്കിൽ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിൽ ഒരുപക്ഷേ നാം കിമ്മിന്റെ ഏറ്റവും പുതിയ സിനിമ കാണുകയായിരിക്കും ഇപ്പോൾ.
തെക്കൻ കൊറിയയിൽ 1960ൽ ജനിച്ച കിമ്മിന് പ്രാഥമിക വിദ്യാഭ്യാസമേയുള്ളൂ. വ്യാവസായിക വിപ്ലവത്തിന്റെ ചുവടുപിടിച്ചു മുന്നേറിക്കൊണ്ടിരുന്ന കൊറിയൻ കാലഘട്ടത്തിൽ പല ഫാക്ടറികളിലായിരുന്നു കിമ്മിന്റെ ജീവിതം. അതിനിടയിൽ ഫൈൻ ആർട്സ് പഠനത്തിന് പാരിസിലെത്തിയതാണ് ജീവിതമാകെ മാറ്റി മറിച്ചത്. അവിടെ വച്ച് ആദ്യമായി കണ്ട സിനിമയാണ് കിമ്മിന്റെ ജീവിതം റീലുകളിലേക്കു തിരിച്ചു വിട്ടത്. കൊറിയയിലെത്തിയ കിം ആദ്യമായെഴുതിയ തിരക്കഥ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ മത്സരത്തിൽ മികച്ചതായി തിരഞ്ഞെടുത്തു.
തൊട്ടടുത്ത വർഷം 1996ൽ ആദ്യത്തെ സിനിമയെടുത്തു: ക്രോക്കഡൈൽ. പിന്നീടങ്ങോട്ട് ഇതുവരെ ഇരുപതിലേറെ ചിത്രങ്ങൾ. അതിനിടയിൽ ഒരേയൊരു ഡോക്യുമെന്ററി: അറിറാങ്. ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിലെ വ്യത്യസ്തവും ഒറിജിനലുമായ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സിനിമകൾക്ക് പാം ദി ഓർ പുരസ്കാരം നൽകുന്നതിനു തുല്യമായാണ് ഡോക്യുമെന്ററി വിഭാഗത്തിലെ ഈ നേട്ടം.
എന്തായിരുന്നു അറിറാങ്?
അതൊരു കൊറിയൻ നാടോടിഗാനത്തിന്റെ പേരാണ്. കിമ്മിനെ സംബന്ധിച്ചിടത്തോളം അത് അദ്ദേഹത്തിന്റെ ജീവിതമായിരുന്നു. ലോകത്തിനു മുന്നിൽ നിന്ന് ഒളിച്ചുമാറി പ്രകൃതിയോടു സംസാരിച്ചു വളർന്ന 2009–10 കാലത്തിന്റെ അടയാളപ്പെടുത്തലായിരുന്നു ആ ചിത്രം. തെക്കൻകൊറിയയിലെ ഒരു കുന്നിൻപ്രദേശത്തായിരുന്നു ആ വർഷങ്ങളിൽ കിമ്മിന്റെ ജീവിതം. അറിറാങ് എന്ന പേരിലൊരു പാതയുണ്ട് ആ കുന്നിൽ. ചിലരെല്ലാം അറിറാങ് കുന്നുകളെന്നും വിളിക്കും. കിം എന്തിന്, എങ്ങിനെ അവിടെയെത്തി എന്ന ചോദ്യത്തിന്റെ ഉത്തരമന്വേഷിച്ചാൽ 2008ലെത്തി നിൽക്കും നമ്മൾ.
ആ വർഷമിറങ്ങിയ ഡ്രീം എന്ന ചിത്രമാണ് എല്ലാം മാറ്റിമറിച്ചത്. ചിത്രത്തിലെ നായിക തൂങ്ങിമരിക്കാനൊരുങ്ങുന്ന ഒരു രംഗമുണ്ട്. എന്തോ പാളിച്ച പറ്റി. തൂങ്ങിമരിക്കാനിരുന്ന നായിക ശ്വാസം കിട്ടാതെ കുരുക്കിൽ കിടന്നു പിടഞ്ഞു. കിം തന്നെയാണ് ചാടി വീണ് കുരുക്കറുത്ത് അവരെ രക്ഷിച്ചത്. ബോധക്ഷയം സംഭവിച്ചു വീണ ആ നടി രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. എന്നാൽ ആ കാഴ്ച മനുഷ്യന്റെ നശ്വരതയെപ്പറ്റിയുള്ള കിമ്മിന്റെ കാഴ്ചപ്പാടുകളെയെല്ലാം മാറ്റിക്കളയാൻ പ്രാപ്തമായിരുന്നു.
‘ഡ്രീം’ ലോകം മുഴുവൻ പ്രേക്ഷകശ്രദ്ധ നേടി മുന്നേറി. എഎഫ്എഫ്കെയിലും എത്തിയിരുന്നു ചിത്രം. എന്നാൽ ഒരു നാൾ ആരോടും പറയാതെ സോളിൽ നിന്ന് ഏറെ ദൂരെയുള്ള അറിറാങ് കുന്നുകളിലേക്കു പോകുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ അരനൂറ്റാണ്ടു പിന്നിട്ട പിറന്നാൾ കിം ആഘോഷിച്ചതും ആ അജ്ഞാതവാസക്കാലത്തായിരുന്നു. മരങ്ങൾക്കും മഞ്ഞിനും മരക്കൂടാരത്തിലെ യന്ത്രങ്ങൾക്കുമൊപ്പമുള്ള തന്റെ ജീവിതം അദ്ദേഹം ക്യാമറയിൽ പകർത്തി, എല്ലാം ഒറ്റയ്ക്ക്. ചിത്രത്തിലെ നായകനും കഥയുമെല്ലാം കിം കിം ഡുക് മാത്രം. ജീവിതത്തെ മുഴുവൻ വെറുപ്പോടെ നേരിട്ട മൂന്നു വർഷങ്ങൾ. ജീവിതത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ട വർഷങ്ങൾ. പക്ഷേ തിരിച്ചു വരവിന്റെ വിളംബരമായി കിം അതെല്ലാം ചേർത്ത് ഒരു ഡോക്യുമെന്ററിയാക്കി. അറിറാങ്ങിനെപ്പറ്റി കിം പറയുന്നതിങ്ങനെ:
‘മനുഷ്യനെപ്പറ്റി എനിക്കു പഠിപ്പിച്ചു തന്നെ പാഠങ്ങൾ, പ്രകൃതിയോടു നന്ദി പറയാൻ എന്നെ പഠിപ്പിച്ച നാളുകൾ..അതെല്ലാമാണ് അറിറാങ്..’
കേരളത്തിന്റെ കിം
ആദ്യകാലത്തെ ആ ‘ശാന്തത’ പിന്നീടങ്ങോട്ട് കിമ്മിന്റെ ചിത്രങ്ങളിൽ നിന്ന് അപ്രത്യക്ഷമായിത്തുടങ്ങിയിരുന്നു. ‘അക്രമകാരിയായ ചലച്ചിത്രകാരൻ’ എന്നു വരെ ലോകമാധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചു തുടങ്ങി. ദക്ഷിണ കൊറിയൻ സിനിമാലോകത്തെ ‘ബാഡ് ഗയ്’ ആയും മാറുകയായിരുന്നു അദ്ദേഹം. ചോരയും കൊലയും അക്രമങ്ങളും ലൈംഗികതയുടെ അതിപ്രസരവുമെല്ലാമായി കണ്ടിരിക്കാൻ പോലും സാധിക്കാത്ത വിധം ക്രൂരമായ വിഷ്വലുകൾ കണ്മുന്നിലെത്തിയപ്പോൾ അത് തിരുവനന്തപുരത്തെ മേളയിൽ പോലും തലക്കെട്ടുകൾ സൃഷ്ടിച്ചു. പക്ഷേ മണിക്കൂറുകളോളം കാത്തു നിന്നും തറയിലിരുന്നും നിന്നുമെല്ലാം കിമ്മിന്റെ ചിത്രങ്ങളെ ഏറ്റെടുക്കുകയായിരുന്നു മലയാളികൾ.
ഇരിക്കാൻ നിലത്തെങ്കിലും ഇത്തിരി സ്ഥലം കിട്ടിയാൽ ഭാഗ്യം...ഓരോ വർഷവും കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ സിനിമകൾ പ്രദർശിപ്പിക്കുമ്പോൾ ഇതായിരുന്നു സ്ഥിതി. തിയേറ്ററുകളിൽ സിനിമാപ്രേമികളുടെ വാഗൺ ട്രാജഡി തീർക്കുകയായിരുന്നു കിം കി ഡുക്ക്. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ അസ്സഹനീയമായ ക്രൂരതയും രക്തച്ചൊരിച്ചിലും ലൈംഗിക അതിപ്രസരവും താങ്ങാനാകാതെ പലരും തലകറങ്ങി വീണു, ചിലർ കരഞ്ഞു, പിന്നെയും ഏറെപ്പേർ തിയേറ്റർ വിട്ടോടി. മനസ്സാന്നിധ്യമുള്ളവർ പിടിച്ചിരുന്നു, അവർ കിം കി ഡുക്കിനെ നെഞ്ചോടു ചേർത്തു വച്ചു.
പതിനെട്ടാം രാജ്യാന്തര ചലച്ചിത്രമേളയിൽ വിശിഷ്ടാതിഥിയായെത്തിയ കിമ്മിനെ ഒന്നു കാണാൻ വേണ്ടി തിക്കിത്തിരക്കിയവരെക്കണ്ട് അദ്ഭുതസ്തബ്ധനായി നിന്നു പോയിട്ടുണ്ട് ആ സംവിധായകൻ. ലോകത്തിന്റെ ഒരു മൂലയ്ക്ക് കിടക്കുന്ന ഒരു സംസ്ഥാനത്ത് തനിക്ക് ഇത്രയേറെ ആരാധകരോ? തിരുവനന്തപുരത്ത് അതിരാവിലെ നടക്കാനിറങ്ങിയപ്പോൾ വഴിയോരത്തു വച്ചുപോലും പലരും പറയുന്നു– ‘ദേ നോക്കിയേ കിം കി ഡുക്ക്!’ ഏതൊരു വിദേശ സംവിധായകനും ഞെട്ടിപ്പോകും, സ്വാഭാവികം. ഇംഗ്ലിഷ് പോലും ദ്വിഭാഷിയുടെ സൗകര്യത്തോടെ കൈകാര്യം ചെയ്യുന്ന കിം പക്ഷേ മലയാളി മേളപ്രേമികളുടെ സ്നേഹത്തിന്റെ ഭാഷയ്ക്കു മുന്നിൽ വിനീതനായിപ്പോയതും അതുകൊണ്ടാണ്.
2016ൽ കിമ്മിന്റെ ‘ദ് നെറ്റ്’ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചിരുന്നു. 2018ൽ ഹ്യൂമൻ, സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ എന്ന ചിത്രവുമൊരുക്കി. 2019ൽ പുറത്തിറങ്ങിയ ‘ഡിസോൾവ്’ ആണ് അവസാന ചിത്രം. ബെർലിൻ രാജ്യാന്തര ചലച്ചിത്രോത്സവം (സാമരിറ്റൻ ഗേൾ), വെനിസ് ഫെസ്റ്റിവൽ (3 അയൺ, പിയത്ത, വൺ ഓൺ വൺ), കാൻസ് ചലച്ചിത്ര മേള (അറിറാങ്) എന്നിവയില്ലെല്ലാം മികച്ച സംവിധായകനുള്ള പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
English Summary: South Koream Director Kim Ki Duk - How Kerala loves this Legend?